കേരളത്തിന്റെ ആരോഗ്യ സംരക്ഷണ നിലവാരം ഉയർന്നതാണെങ്കിലും, പ്രസവാനന്തര രക്തസ്രാവം (postpartum haemorrhage -പിപിഎച്ച്) സംസ്ഥാനത്തെ മാതൃമരണങ്ങളുടെ നേരിട്ടുള്ള പ്രധാന കാരണമായി തുടരുന്നു എന്ന് കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ മാതൃമരണങ്ങൾ സംബന്ധിച്ച അവലോകനം പറയുന്നു.. പ്രസവത്തിനു ശേഷമുള്ള അമിത രക്തസ്രാവം അഥവാ പിപിഎച്ച് പ്രധാന ആശങ്കയായി തുടരുന്നു - എന്നാൽ ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന ഗർഭകാല പ്രശ്നങ്ങളും സെപ്സിസും (sepsis) ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
കേരളത്തിൽ 2020 നും 2024 നും ഇടയിൽ രേഖപ്പെടുത്തിയ 609 മാതൃമരണങ്ങളിൽ 70 എണ്ണം ഗർഭ സംബന്ധമായുണ്ടായ രക്തസ്രാവം മൂലമാണ്, ഇതിൽ അഞ്ച് കേസുകളിൽ ആശുപത്രി പരിചരണത്തിലേക്കുള്ള യാത്രാമധ്യേ സ്ത്രീകൾ മരിച്ചു. 2021 മുതൽ 2024 വരെ മാത്രം രേഖപ്പെടുത്തിയ 522 മാതൃമരണങ്ങളിൽ 38 എണ്ണം ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം മൂലമാണ്, (പ്രീക്ലാമ്പ്സിയ -preeclampsia) പോലുള്ളവ - രക്തസ്രാവം കഴിഞ്ഞാൽ പിന്നെ കൂടുതൽ മാതൃമരണം സംഭവിക്കുന്ന രണ്ടാമത്തെ കാരണമാണിത്.
ഈ 38 രക്താതിസമ്മർദ്ദ കേസുകളിൽ 22 എണ്ണം എക്ലാമ്പ്സിയയിലേക്ക് (ഉയർന്ന രക്തസമ്മർദ്ദമുള്ള ഗർഭിണികളിൽ അപസ്മാരം ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥ) മാറിയതായി ഈ അവലോകനം വ്യക്തമാക്കുന്നു. കൂടാതെ, 13 കേസുകൾ ഹെൽപ് സിൻഡ്രോമുമായി (HELLP syndrome- പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക,ചുവന്ന രക്താണുക്കളെയും കരളിലെ എൻസൈമുകളെയും ബാധിക്കുക പോലുള്ളവ) ബന്ധപ്പെട്ടിരിക്കുന്നു, ഇത് രക്താതിസമ്മർദ്ദ ഗർഭാവസ്ഥയിലെ തകരാറിന്റെ ഒരു വകഭേദമായി കണക്കാക്കപ്പെടുന്നു, ഇത് ജീവൻ അപകടപ്പെടുത്തുന്ന ഒരു സങ്കീർണതയാണ്.
ഈ നാല് വർഷകാലയളവിലെ 522 മരണങ്ങളിൽ 16 എണ്ണത്തിലും മാതൃ സെപ്സിസ് (Maternal sepsis- ഗർഭകാലത്തെ അണുബാധ മൂലം ജീവന് ഭീഷണിയായ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കൽ) - പരാമർശിക്കപ്പെട്ടിട്ടുണ്ട്.
"മാതൃമരണങ്ങളുടെ ഏറ്റവും പൊതുവായ കാരണം പിപിഎച്ച് ആണ്. എന്നാൽ, ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള ഗർഭകാല വൈകല്യങ്ങളും സെപ്‌സിസും അപകടകരമായി ഉയർന്നുവരുന്ന പ്രവണതകളായി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ യുവതികളിൽ അപൂർവമായിരുന്ന ഉയർന്ന രക്തസമ്മർദ്ദം വർദ്ധിക്കുന്ന പ്രവണത കാണുന്നു."അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമക്കുറവ്, സമ്മർദ്ദം എന്നിവ ഇതിന് കാരണമാകാം," എന്ന് തിരുവനന്തപുരം വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ലീമ ആർ പറഞ്ഞു.
"പ്രീക്ലാമ്പ്സിയ രോഗികളിൽ മരണത്തിന് പൊതുവിൽ കാരണമായ സെറിബ്രൽ ഹെമറേജ് പോലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ഉയർന്ന രക്തസമ്മർദ്ദത്തിന് സമയബന്ധിതവും ഫലപ്രദവുമായ മാനേജ്മെന്റ് നിർണായകമാണ്. പതിവ് നിരീക്ഷണവും ഉചിതമായ ചികിത്സയും അത്യാവശ്യമാണ്."
"പ്രസവാനന്തര അണുബാധകൾ മൂലമാകാം ഇത്, അതിനാൽ ഗർഭകാലം മുഴുവൻ ശുചിത്വം പാലിക്കേണ്ടത് നിർണായകമാണ്. വർദ്ധിച്ചുവരുന്ന പ്രതിരോധം കാരണം സാധാരണ ആൻറിബയോട്ടിക്കുകൾ ഫലപ്രദമല്ലാത്ത കൂടുതൽ കേസുകൾ ഞങ്ങൾ കാണുന്നു. ഈ മേഖലയ്ക്ക് കൂടുതൽ ഗവേഷണം ആവശ്യമാണ്." എന്ന് സെപ്സിസിനെക്കുറിച്ച് , പറഞ്ഞ ഡോ. ലീമ ശക്തമായ രോഗനിർണയ പ്രോട്ടോക്കോളുകളും വേഗത്തിലുള്ള ഇടപെടലുകളും വളരെ പ്രധാനമാണെന്നും വ്യക്തമാക്കി.
പ്രസവസമയത്ത് ശരിയായ രീതിയിൽ പ്രസവ ചികിത്സ നടത്തുക എന്നതാണ് മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗം എന്നാണ് സീനിയർ ഗൈനക്കോളജിക്കൽ സർജനായ ഡോ. ഉണ്ണികൃഷ്ണൻ പറയുന്നു, "പ്രസവസമയത്തെ ചികിത്സയിലൂടെ പിപിഎച്ച് പലപ്പോഴും തടയാൻ കഴിയും. എന്നാൽ ഇതിന് വൈദഗ്ധ്യമുള്ളവർ, ശരിയായ ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആവശ്യമാണ്," അദ്ദേഹം പറഞ്ഞു.
താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഈ സൗകര്യം വേണമെന്ന് തദ്ദേശ പ്രതിനിധികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് എല്ലായ്പ്പോഴും പ്രായോഗികമല്ല. "ഗർഭകാല പരിചരണത്തിന് കൃത്യത ആവശ്യമാണ്. ഒരു ചെറിയ പിഴവ് പോലും ഒരു ജീവൻ നഷ്ടപ്പെടുത്തും. നിർഭാഗ്യവശാൽ, മിക്ക താലൂക്ക് ആശുപത്രികളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച ജീവനക്കാരും ഇല്ല. ഈ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകണം," അദ്ദേഹം അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates