alcohol, onam Pinterest
Health

'കഴിക്കാം.. ഓവറാക്കരുത്'; ഓണാഘോഷത്തിന് മ​ദ്യവിരുന്ന്, ആരോ​ഗ്യത്തിനും പോക്കറ്റിനും ഹാനികരം

ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കും ശേഷം വലിയ അളവിൽ മദ്യം കഴിക്കുന്നത് ശരീരത്തെ ഗുരുതരമായി ബാധിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ണക്കാലത്ത് കച്ചവടം പൊടിപൊടിക്കുന്നതിന് ചെറുകിട കച്ചവടക്കാരടക്കം ബ്രാന്‍ഡഡ് കമ്പനികള്‍ വരെ പരസ്യങ്ങളുമായി ചാനലുകളിലും മാധ്യമങ്ങളിലും നിറഞ്ഞു കഴിഞ്ഞു. എങ്കിലും യാതൊരു പരസ്യവുമില്ലാതെ മലയാളികള്‍ ഓണക്കാലത്ത് ഏറ്റവും ലാഭമുണ്ടാക്കി കൊടുക്കുന്ന ഒരിടം ബിവറേജസ് കോര്‍പ്പറേഷനാണ്. ഓരോ തിരുവോണ നാളിലും റെക്കോ‍ഡ് മദ്യവിൽപ്പനയെന്ന തലക്കെട്ട് ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ മദ്യപാനം ആരോഗ്യത്തിനും പോക്കറ്റിനും ഒരുപോലെ ഹാനികരമാണ്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിക്കുന്ന ആഘോഷവേളയിൽ ചിലർ മദ്യപാനവും ആഘോഷത്തിന്റെ ഭാഗമാക്കാറുണ്ട്. എന്നാൽ സന്തോഷകരമാകേണ്ട ദിവസം ആരോ​ഗ്യപ്രശ്നങ്ങളോ അപകടങ്ങളോ ഉണ്ടാകാതിരിക്കാൻ മദ്യപാനം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കും ശേഷം വലിയ അളവിൽ മദ്യം കഴിക്കുന്നത് ശരീരത്തെ ഗുരുതരമായി ബാധിക്കാം. അമിതമായ മദ്യപാനം നിർജലീകരണം, ഛർദി, ബോധക്ഷയം, അപകടങ്ങൾ എന്നിവയ്ക്ക് കാരണമാകാം. അതുകൊണ്ട് ആഘോഷം ആസ്വദിക്കുമ്പോൾ മദ്യം ‘ഓവറാകാതെ’ സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

വെറും വയറ്റിൽ മദ്യപിക്കരുത്

വെറും വയറ്റിൽ മദ്യം കഴിക്കുമ്പോൾ അത് രക്തത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടാം. ഇത് പെട്ടെന്ന് ലഹരി അനുഭവപ്പെടാനും അസ്വസ്ഥതകൾ ഉണ്ടാകാനും ഇടയാക്കും. ആഘോഷത്തിന് മദ്യം കഴിക്കണമെന്നുള്ളവർ ആദ്യം ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സഹായകരമായേക്കാം.

പെട്ടെന്ന് കുടിച്ച് തീർക്കരുത്

ഒറ്റയടിക്ക് ഗ്ലാസ് കാലിയാക്കി മിടുക്ക് കാണിക്കുന്നവരുണ്ട്. അത് അപകടമാണ്. ശരീരത്തിന് മദ്യം കൈകാര്യം ചെയ്യാൻ സമയം ആവശ്യമാണ്. അതുകൊണ്ട് പെട്ടെന്ന് കൂടുതൽ അളവിൽ കുടിക്കുന്നതിന് പകരം പതുക്കെ നിയന്ത്രിതമായി കഴിക്കുക. മറ്റുള്ളവരുമായി മത്സരിച്ച് കുടിക്കുന്നത് പൂർണമായും ഒഴിവാക്കണം.

ഓരോ ഡ്രിങ്കിനും ഇടയിൽ വെള്ളം കുടിക്കാം

മദ്യപാനം ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലോ കൂടുതൽ സമയം ആഘോഷങ്ങളിലോ പങ്കെടുക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. എന്നാൽ കൂടുതൽ വെള്ളം കുടിച്ചാൽ ലഹരി പെട്ടെന്ന് മാറുമെന്ന ധാരണ തെറ്റാണ്. വെള്ളം നിർജലീകരണം കുറയ്ക്കാൻ സഹായിച്ചേക്കാം, പക്ഷേ രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കുന്നത് പ്രധാനമായും സമയമാണ്.

പല ബ്രാൻഡ് ഒന്നിച്ചടിക്കരുത്

മദ്യത്തിൻ്റെ പല ബ്രാൻഡുകൾ ഒരുമിച്ച് കഴിക്കുന്നത് എത്ര മദ്യം ശരീരത്തിലെത്തിയെന്ന് കൃത്യമായി മനസ്സിലാക്കുന്നത് ബുദ്ധിമുട്ടാക്കാം. ആഘോഷത്തിന്റെ ആവേശത്തിൽ അളവ് തെറ്റാനും സാധ്യതയുണ്ട്. അതിനാൽ എന്ത് കുടിക്കുന്നു, എത്ര കുടിക്കുന്നു എന്ന കാര്യത്തിൽ വ്യക്തത പുലർത്തുക.

സോഫ്റ്റ് ഡ്രിങ്കുകൾ ചേർത്താൽ സുരക്ഷിതമാകണമെന്നില്ല

മദ്യത്തിൽ മധുരമുള്ള പാനീയങ്ങളോ സോഡയോ ചേർത്താൽ മദ്യപിക്കുന്നത് സുരക്ഷിതമായിരിക്കണമെന്നില്ല. മധുരം കാരണം എത്ര അളവ് മദ്യം കഴിച്ചുവെന്ന് മനസ്സിലാക്കാൻ വൈകാനും സാധ്യതയുണ്ട്.

മദ്യം കഴിച്ച ശേഷം വാഹനം ഓടിക്കരുത്

ഓണാഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാനിയമങ്ങളിലൊന്നാണിത്. ചെറിയ അളവിൽ മദ്യം കഴിച്ചാൽ പോലും പ്രതികരണശേഷിയും തീരുമാനമെടുക്കാനുള്ള കഴിവും കുറയാം. അതിനാൽ മദ്യം കഴിച്ച ശേഷം വാഹനം ഓടിക്കരുത്.

മുൻകൂട്ടി യാത്രാസൗകര്യം ക്രമീകരിക്കുക. ഡ്രൈവർ, ടാക്സി അല്ലെങ്കിൽ മറ്റ് സുരക്ഷിതമായ യാത്രാമാർഗങ്ങൾ തിരഞ്ഞെടുക്കാം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മദ്യപിച്ച ഒരാളെ വാഹനം ഓടിക്കാൻ അനുവദിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

'കുടിച്ചു കഴിഞ്ഞാൽ വൈബ് ആകും'

ആഘോഷത്തിന്റെ സന്തോഷം മദ്യത്തിന്റെ അളവിനെ ആശ്രയിച്ചല്ല. സംസാരിക്കുക, കളികളിൽ പങ്കെടുക്കുക, പാട്ടും സംഗീതവും ആസ്വദിക്കുക, ഓണസദ്യയുടെ രുചി ആസ്വദിക്കുക എന്നിവയും ആഘോഷത്തിന്റെ ഭാഗമാണ്. മറ്റുള്ളവർ നിർബന്ധിക്കുന്നതുകൊണ്ട് കൂടുതൽ കുടിക്കേണ്ടതില്ല.

ശ്രദ്ധിക്കേണ്ടവർ

ഗർഭിണികൾ, പ്രായപൂർത്തിയാകാത്തവർ, ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ, സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ എന്നിവർ മദ്യപാനത്തിന്റെ കാര്യത്തിൽ പ്രത്യേകം ജാഗ്രത പാലിക്കണം. ചില മരുന്നുകൾക്കൊപ്പം മദ്യം കഴിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.

മദ്യപിച്ചാൽ കാപ്പിയോ തണുത്ത വെള്ളത്തിലുള്ള കുളിയോ പരിഹാരമല്ല

കാപ്പി കുടിക്കുകയോ തണുത്ത വെള്ളത്തിൽ കുളിക്കുകയോ ചെയ്താൽ മദ്യത്തിന്റെ ലഹരി മാറുമെന്ന വാദം അത്ര ശരിയല്ല. ഇത്തരത്തിലുള്ള മാർഗങ്ങൾ രക്തത്തിലെ മദ്യത്തിന്റെ അളവ് പെട്ടെന്ന് കുറയ്ക്കില്ല. ലഹരി മാറാൻ ശരീരത്തിന് സമയം ആവശ്യമാണ്.

അടുത്ത ദിവസത്തെ അസ്വസ്ഥതയും ശ്രദ്ധിക്കണം

അമിതമായി മദ്യപിച്ച ശേഷം അടുത്ത ദിവസം തലവേദന, ക്ഷീണം, ദാഹം, വയറിന് അസ്വസ്ഥത, ഓക്കാനം എന്നിവ അനുഭവപ്പെടാം. ആവശ്യത്തിന് വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യുക.

മദ്യപാനം ആഘോഷത്തിന്റെ ഭാഗമാണെങ്കിൽ പോലും അളവ് നിയന്ത്രിക്കുക, ഭക്ഷണം കഴിച്ചശേഷം മാത്രം കുടിക്കുക, വെള്ളം കുടിക്കുക, വാഹനം ഓടിക്കാതിരിക്കുക, മറ്റുള്ളവരുടെ സുരക്ഷയും ശ്രദ്ധിക്കുക.

Safe alcohol consumption tips for Onam celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിജാബ് ഇസ്ലാമിന് അനിവാര്യമല്ല'; യൂണിഫോമിനൊപ്പം അനുവദിക്കാനാവില്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

ഹൈക്കോടതിയില്‍ ഗാര്‍ഡനര്‍ ഒഴിവ്; 52,600 രൂപ വരെ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം

'ഞാൻ ഒരുപാട് വിഷമിച്ചു; യഷ് എന്നെ വിശ്വസിച്ചപ്പോൾ, ലോകം മുഴുവൻ എന്നെ വിശ്വസിക്കാൻ തുടങ്ങി'; ആത്മവിശ്വാസത്തോടെ ​ഗീതു മോഹൻദാസ്

'അല്‍പ്പം മറഡോണയുടെ തല ബാക്കി ദൈവത്തിന്റെ കൈ'; വിശ്വ വിഖ്യാത പന്തിന് 33 കോടി രൂപ!

ഉത്രാടപ്പാച്ചിൽ; ഓണത്തിന് മുമ്പുള്ള അവസാനവട്ട ഒരുക്കം, മറക്കരുത് ഇക്കാര്യങ്ങൾ