ഉറക്കമില്ലായ്മ ഇന്ന് ഒരു ആഗോള ആരോഗ്യ പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുകയാണ്. മാനസിക സമ്മര്‍ദം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, വര്‍ധിച്ച സ്‌ക്രീന്‍ ടൈം തുടങ്ങിയ ഘടകങ്ങള്‍ രാത്രികളിലെ നമ്മുടെ ഉറക്കത്തെ കാര്‍ന്നെടുക്കുന്നു. ഉറക്കമില്ലായ്മ പതിവാകുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
വായു, വെള്ളം, ഭക്ഷണം പോലെ തന്നെ മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ് ഉറക്കവും. നമ്മൾ ഉറങ്ങുന്ന സമയമാണ് ശരീരം വീണ്ടെടുക്കൽ പ്രക്രിയ ശക്തമാക്കുന്നത്. ഉറക്കം കുറയുന്നത് നമ്മുടെ പ്രതിരോധശേഷിയെ തകിടം മറിക്കുമെന്നതാണ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണം.
ഇപ്പോഴിതാ, ഉറക്കം മെച്ചപ്പെടുത്താന്‍ പ്രത്യേകം ഡയറ്റ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ചിക്കാഗോ സർവകലാശാലയിലേയും കൊളംബിയ സര്‍വകലാശാലയിലേയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങൾ ഉറക്കത്തെ മെച്ചപ്പെടുത്താൻ സാഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
പകൽ സമയത്ത് കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം 16 ശതമാനം വരെ മെച്ചപ്പെടുത്തുമെന്ന് ഒരു പുതിയ പഠനത്തിൽ പറയുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറക്കത്തിന്റെ ആഴവും തമ്മിലുള്ള വ്യക്തമായ ബന്ധം പഠനത്തിൽ വിശദീകുന്നുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ നമ്മൾ എത്ര നന്നായി വിശ്രമിക്കുന്നു എന്നതിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
ഭക്ഷണക്രമീകരണങ്ങളും ഉറക്കവും നിരീക്ഷിക്കുന്നതിന് പ്രത്യേകം രൂപീകരിച്ച ആപ്പ് വഴിയാണ് പഠനം നടത്തിയത്. അതിനായി "സ്ലീപ്പ് ഫ്രാഗ്മെന്റേഷൻ" എന്ന ഒരു അളവുകോൽ ഗവേഷകർ വിശകലനം ചെയ്തു. ഇത് രാത്രിയിൽ ഒരു വ്യക്തി എത്ര തവണ ഉണരുന്നു അല്ലെങ്കിൽ ഉറക്കത്തിന്റെ ഭാരം കുറഞ്ഞതും ആഴമേറിയതുമായ ഘട്ടങ്ങൾക്കിടയിൽ മാറുന്നുവെന്ന് രേഖപ്പെടുത്തി.
പകൽ സമയം കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ധാന്യങ്ങൾ പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ കഴിക്കുകയും ചെയ്തവർക്ക് ആ രാത്രി കൂടുതൽ നേരം ആഴത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഉറക്കം ലഭിച്ചതായി കണ്ടെത്തി. ദിവസവും അഞ്ച് കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ ശരാശരി 16 ശതമാനം പുരോഗതി കാണാൻ കഴിഞ്ഞതായി ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates