

ഓഫീസിൽ ഇരിക്കുമ്പോൾ അല്ലെങ്കിൽ അത്യാവശ്യമായി ഒരു മീറ്റിങ്ങിൽ പങ്കെടുക്കുമ്പോഴോ ആയിരിക്കും തുമ്മാൻ തോന്നുക. പരസ്യമായി തുമ്മുന്നത് മര്യദകേട് ആണെന്ന് തോന്നി, വായും മൂക്കും പരമാവധി മൂട്ടിക്കെട്ട് തുമ്മലിനെ അടിച്ചമർത്തും. എന്നാൽ ഈ ശീലം നമ്മുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ജലദോഷമോ അലർജിയോ ഇല്ലെങ്കിൽ പോലും സ്വാഭാവിക തുമ്മൽ ഉണ്ടാകാറുണ്ട്. മൂക്കിനുള്ളിൽ പൊടിയോ മറ്റ് വസ്തുക്കളോ കയറിയാൽ ഉടനെ തലച്ചോറിന് സന്ദേശം കിട്ടും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും. വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും പേശികൾ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിക്കും. ജലദോഷം ഉള്ളപ്പോഴും, അലർജി ഉള്ളപ്പോഴും ശരീരം തുമ്മുന്നത് രോഗാണുക്കളെ തുരത്താനാണ്.
തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു സെക്കൻ്റ് നേരം നിൽക്കുന്നു. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു. നമ്മൾ നിർത്താതെ കുറെ നേരം തുമ്മിയാൽ ശരീരം കുഴയുകയും നമ്മൾ ക്ഷീണിതരാവുകയും ചെയ്യും. തുമ്മുമ്പോൾ മൂക്ക് മാത്രമല്ല ശരീരം മുഴുവൻ അതിൽ പങ്കു ചേരുന്നു. അതേസമയം തുമ്മൽ പിടിച്ചുവയ്ക്കുന്നതോടെ തൊണ്ട, ചെവി തുടങ്ങി പല അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ കേസുകളിൽ കണ്ണുകളിലേയോ തലച്ചോറിലേയോ രക്തക്കുഴലുകൾക്ക് വരെ വിള്ളൽ സംഭവിച്ചേക്കാം.
അമേരിക്കൻ ലംഗ് അസോസിയേഷന്റെ അഭിപ്രായത്തിൽ, മണിക്കൂറിൽ 100 മൈൽ വേഗതയിൽ പതിനായിരക്കണക്കിന് തുള്ളികൾ മൂക്കിൽ നിന്ന് പുറത്തു വിടുന്നുണ്ടെന്നാണ് പറയുന്നത്. ശരീരത്തിൽ കയറിക്കൂടിയ പുറമെ നിന്നുള്ള വസ്തുക്കൾ ഒഴിവാക്കാൻ ശരീരം തന്നെ കണ്ടെത്തുന്ന മാര്‍ഗമാണ് തുമ്മല്‍. നമ്മള്‍ ചിന്തിക്കുന്നതിനെക്കാളെല്ലാം വേഗതയിലാണ് തുമ്മുന്നത്. അതിവേഗതയില്‍ പുറന്തള്ളേണ്ട പദാര്‍ത്ഥങ്ങളെ ശരീരം പുറന്തള്ളുകയാണ്. ഇത് പിടിച്ചുവയ്ക്കുമ്പോള്‍ അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. അപകടകരമായ ഘടകങ്ങൾ എന്നു പറയുമ്പോൾ സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ അത് പൊടിയോ, രോഗാണുക്കളോ എന്തുമാകാം.
അതുപോലെ തുമ്മല്‍ പിടിച്ചുവച്ചതിന് പിന്നാലെ ഇരട്ടി ശക്തിയില്‍ തുമ്മല്‍ പുറത്തേക്ക് വരുന്നത് വാരിയെല്ലില്‍ പൊട്ടല്‍ വരെയുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുമ്മൽ പിടിച്ചു വയ്ക്കുന്നത് നിങ്ങളുടെ നാസികാദ്വാരങ്ങളിലും ചെവികളിലും കണ്ണുകളിലും പോലും സമ്മർദം വർധിപ്പിക്കും. പെട്ടെന്നുള്ള മർദം മാറ്റ് തരത്തിലുള്ള അസ്വസ്ഥതകളോ കേടുപാടുകളോ ഉണ്ടാക്കും.
തുമ്മൽ പിടിച്ചു വെക്കുന്നത് കർണ്ണപടം പൊട്ടിക്കും. മറ്റു നിരവധി പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതെല്ലാം കൊണ്ട് തന്നെ തുമ്മണം എന്നു തോന്നുമ്പോൾ തുമ്മാതെ തുമ്മൽ പിടിച്ചു വെക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates