

സൂര്യൻ അസ്തമിച്ചാലുടൻ വീടുകളിലും വഴിയോരത്തും ബ്രൈറ്റ് ലൈറ്റുകൾ തെളിയും. ഇത് സൂര്യൻ ഉദിക്കുന്നതു വരെ മിക്കവാറും തെളിഞ്ഞു തന്നെ നിൽക്കാറുണ്ട്. രാത്രി ഉറങ്ങുമ്പോഴും മുറിയിലെ ലൈറ്റുകൾ ഓഫ് ആക്കാൻ പലർക്കും മടിയാണ്. വെളിച്ചം നല്ലതാണെങ്കിലും അമിതമായാൽ വെളിച്ചവും പണി തരാം. രാത്രി ബ്രൈറ്റ് ലൈറ്റുകളുടെ അമിത ഉപയോഗം ഹൃദയാഘാതം ഉൾപ്പെടെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നുവെന്ന് JAMA നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
അധികമാരും സംസാരിക്കാത്ത ഒരു വിഷയമാണ് വെളിച്ച മലിനീകരണം. ആവശ്യത്തിലധികം വെളിച്ചം നമ്മെ മാനസികവും ശാരീരികവുമായും ബാധിക്കുന്നു. നമ്മുടെ ശരീരത്തിനൊരു താളമുണ്ട്. രാത്രി ഉറങ്ങാനും പകൽ ഉണരാനും ഈ താളം അതായത്, സർക്കാഡിയൽ റിഥം നമ്മെ സഹായിക്കുന്നു. രാത്രി ഇരുട്ട് വീഴുന്നതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന. സൂര്യനുദിക്കുമ്പോഴുള്ള വെളിച്ചം ഉണരാനും. എന്നാൽ രാത്രിയിലും വെളിച്ചം കാണുന്നത് ഈ താളത്തെ തടസപ്പെടുത്താനും ഉറക്കരീതികളെയും ഹോർമോൺ പ്രവർത്തനത്തെയും ഉൾപ്പെടെ തകിടംമറിക്കാനും കാരണമാകുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.
ഇപ്പോഴിതാ, ഈ സർക്കാഡിയൻ താളം (Circadian Rhythm) മാത്രമല്ല, ഹൃദയാരോഗ്യത്തിനും രാത്രിയിലെ വെളിച്ചം വില്ലനാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദം, ശരീരവീക്കം, വർധിച്ച ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങൾക്കും കാരണമാകുന്നു. ഇത് ക്രമേണ ഹൃദ്രോഗങ്ങളിലേക്കും നയിക്കാമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവർ, അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നവർ എന്നിവർക്കാണ് അപകടസാധ്യത കൂടുതലെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് പതിവായി ഉപയോഗിക്കുന്നവരില്‍ കൊറോണറി ആര്‍ട്ടറി രോഗം ഉണ്ടാകാനുള്ള സാധ്യത 32 ശതമാനവും ഹൃദയാഘാത സാധ്യത 56 ശതമാനവും സ്‌ട്രോക്ക് സാധ്യത 30 ശതമാനവും കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഹൃദ്രോഗങ്ങളും രാത്രിയില്‍ ബ്രൈറ്റ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതും തമ്മിൽ നേരിട്ടുള്ള ബന്ധം പഠനം ചൂണ്ടിക്കാണിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates