സീതപ്പഴം (Custard apple) അറിയാത്ത മലയാളികളുണ്ടാവില്ല. പുറമെ അൽപം കട്ടികൂടിയതും അകമെ വളരെ മൃദുവും രുചികരവുമായ സീതപ്പഴത്തിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ശൈത്യകാലമാണ് സീതപ്പഴങ്ങളുടെ സീസൺ. വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റി-ഓക്സിഡന്റുകൾ, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു കലവറയാണ് സീതപ്പഴം.
നാരുകൾ
സീതപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങളും മലബന്ധവും അകറ്റാൻ സഹായിക്കുന്നു. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും അതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കാൻസർ വിരുദ്ധഗുണം
കാൻസറിന് തടയാൻ സഹായിക്കുന്ന നിരവധി ബയോആക്ടീവ് സംയുക്തങ്ങൾ സീതപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ ആന്റിഓക്സിഡൻ്റുകൾ ചിലയിനം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് യൂറോപ്യൻ ജോണൽ ഓഫ് ന്യൂട്രീഷൻ ആന്റ് ഫുഡ് സേഫ്റ്റിയിൽ പ്രസിദ്ധീകരിത്ത ഒരു പഠനത്തിൽ പറയുന്നു.
പ്രതിരോധശക്തി വർധിപ്പിക്കുന്നു
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് സീതപ്പഴം. അതായത്, 100 ഗ്രാം സീതപ്പഴത്തിൽ 91 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ തടയുന്നതിനും വളരെ നിർണായകമാണ്.
സന്ധികളുടെ ആരോഗ്യം
സീതപ്പഴത്തിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലത്തിന്റെ സന്തുലനം നിലനിർത്താൻ സഹായിക്കും. കൂടാതെ സന്ധികളിൽ നിന്ന് ആസിഡിനെ നീക്കം ചെയ്യുകയും റൂമാറ്റിസം, സന്ധിവാതം തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സന്ധികൾക്ക് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഏറ്റവും മികച്ച പഴമാണ് സീതപ്പഴം.
ഹൃദയാരോഗ്യം
സീതപ്പഴത്തിലടങ്ങിയ പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. മഗ്നീഷ്യമാവട്ടെ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ സീതപ്പഴത്തിൽ എസ്സൻഷ്യൽ ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് ലിനോലെയ്ക് ആസിഡ്, ഒലേയ്ക് ആസിഡ് ഇവയുണ്ട്. ഇവ ലിപ്പിഡ് പ്രൊഫൈൽ നിയന്ത്രിക്കുക വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും അതിറോസ്ക്ലീറോസിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates