വീടിന്റെ അന്തരീക്ഷം നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. വെളിച്ചക്കുറവ്, വൃത്തിയില്ലാത്ത ഇടങ്ങൾ, അലങ്കോലമായ മുറികൾ തുടങ്ങിയവ ചിലരിൽ അസ്വസ്ഥതയും സമ്മർദവും ഉണ്ടാക്കാം. അതേസമയം, വീടിനുള്ളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് മനസ്സ് ശാന്തമാകാനും ദിവസം മുഴുവൻ ഉന്മേഷം നൽകാനും സഹായിക്കും. അതിനായി വലിയ തുക ചെലവഴിച്ച് വീട് പുതുക്കിപ്പണിയേണ്ട ആവശ്യമില്ല.
രാവിലെ എഴുന്നേറ്റാൽ ജനലുകളും കർട്ടനുകളും തുറന്ന് മുറിയിൽ സൂര്യപ്രകാശം പ്രവേശിക്കാൻ അവസരമൊരുക്കണം. പകൽ വെളിച്ചം ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ ക്രമീകരിക്കാനും ഉന്മേഷം നിലനിർത്താനും സഹായിക്കും. എല്ലാ മുറിയിലും ആവശ്യത്തിന് വെളിച്ചമെത്തുന്നത് ഇരുണ്ടതും മടുപ്പിക്കുന്നതുമായ അന്തരീക്ഷം ഒഴിവാക്കാനും ഉപകരിക്കും.
വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് അകത്തളം ഫ്രഷ് ആയിരിക്കാൻ കൂടുതൽ സഹായിക്കും. ജനലിനരികിലോ ബാൽക്കണിയിലോ മേശയിലോ ഒന്നോ രണ്ടോ ചെടികൾ വയ്ക്കാം. ചെടി പരിപാലനം മാനസിക സന്തോഷം വർധിപ്പിക്കുന്ന ശീലമാണ്. പരിചരിക്കാൻ എളുപ്പമുള്ള മണി പ്ലാൻ്റ്, സ്നേക്ക് പ്ലാൻ്റ് തുടങ്ങിയവ തിരഞ്ഞെടുക്കാം. എന്നാൽ വീട്ടിൽ വളർത്തുമൃഗങ്ങളോ ചെറിയ കുട്ടികളോ ഉണ്ടെങ്കിൽ വിഷാംശമുള്ള ചെടികൾ ഒഴിവാക്കണം.
പെട്ടെന്ന് അലങ്കോലമാകുന്ന നിരവധി ഇടങ്ങൾ വീടിനുള്ളിലുണ്ട്. മേശപ്പുറം, അലമാര എന്നിവ അലങ്കോലമായി കിടക്കുന്നത്, ഉപയോഗിക്കാത്ത വസ്തുക്കൾ കൂട്ടിയിടുന്നത് തുടങ്ങിയവ വീടിന്റെ അകത്തളത്തിന്റെ ഭംഗി കുറയ്ക്കുന്നതിനൊപ്പം മാനസികമായ അസ്വസ്ഥതയ്ക്കും കാരണമാകാം. ദിവസവും 10 മിനിറ്റ് മാറ്റിവച്ച് വൃത്തിയാക്കുന്നത് ശീലമാക്കാം.
വീട്ടിൽ വിശ്രമിക്കുന്ന ഇടമാണ് കിടപ്പുമുറി. അതുകൊണ്ട് മുറി വൃത്തിയായും സുഖകരമായും സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഉറക്കത്തിന് മുൻപ് കിടക്ക ക്രമീകരിക്കുക, ആവശ്യമില്ലാത്ത വസ്തുക്കൾ മാറ്റിവയ്ക്കുക, കണ്ണിന് അസ്വസ്ഥതയുണ്ടാക്കാത്ത വെളിച്ചം തിരഞ്ഞെടുക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ സഹായകരമാണ്. മുറിയിൽ മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കുന്നതും ഉറങ്ങുന്നതിന് മുൻപ് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും ഉറക്കശീലങ്ങൾ മെച്ചപ്പെടുത്താൻ ഉപകരിക്കും.
വീടിനുള്ളിലെ ഭിത്തിയുടെ പെയിന്റ് മാറ്റാതെ തന്നെ, ഇഷ്ടനിറത്തിലുള്ള തലയണകൾ, കർട്ടനുകൾ, ബെഡ്ഷീറ്റ്, ചെറിയ അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മുറിയുടെ ലുക്ക് മാറ്റാവുന്നതാണ്. പച്ച, നീല തുടങ്ങിയ നിറങ്ങൾ ചിലർക്ക് ശാന്തമായ അനുഭവം നൽകുമ്പോൾ മഞ്ഞ പോലുള്ള നിറങ്ങൾ മുറിക്ക് തെളിച്ചവും ഊർച്ചസ്വലതയും നൽകുന്നു. നിറങ്ങളോടുള്ള ഇഷ്ടം ഓരോരുത്തർക്കും വ്യത്യസ്തമായതിനാൽ നിങ്ങൾക്ക സന്തോഷം നൽകുന്ന നിറം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.
കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ, യാത്രകളിൽ നിന്നുള്ള ഓർമകൾ മനസ്സിലേക്ക് വരാനും സന്തോഷം തോന്നാനും ഇടയുണ്ട്. എന്നാൽ ഒരുപാട് വസ്തുക്കൾ ഒരിടത്ത് കൂട്ടിവയ്ക്കുന്നത് പകരം കുറച്ച് വസ്തുക്കളും ചിത്രങ്ങളും തിരഞ്ഞെടുത്ത് ഭംഗിയായി ക്രമീകരിക്കുന്നത് നല്ലതാണ്.
അടുക്കളയിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുക, നനഞ്ഞ തുണികൾ ഉണക്കി സൂക്ഷിക്കാം, കുളിമുറിയും അടുക്കളയും വായുസഞ്ചാരമുള്ളതാക്കുക തുടങ്ങിയ കാര്യങ്ങൾ വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തും. കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ പൂപ്പലും ഈർപ്പവും ശ്രദ്ധിക്കേണ്ടതുണ്ട്.
ജനലിനടുത്ത് ഒരു കസേര, ചെറിയൊരു പുസ്തക ഷെൽഫ്, മൃദുവായ വെളിച്ചം എന്നിവ ഉപയോഗിച്ച് വിശ്രമിക്കാൻ അനുയോജ്യമായ ഒരു മൂല ഒരുക്കാം. അവിടെ കുറച്ചുസമയം പുസ്തകം വായിക്കുകയോ സംഗീതം കേൾക്കുകയോ ശാന്തമായി ഇരിക്കുകയോ ചെയ്യാം. ജോലി, വീട്ടുജോലികൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്ന് ചെറിയൊരു ഇടവേള ലഭിക്കുന്നത് മാനസിക സമ്മർദം കൈകാര്യം ചെയ്യാൻ സഹായിച്ചേക്കാം.
എല്ലാ വീട്ടുജോലികളും ഒരേസമയം ചെയ്തുതീർക്കാൻ ശ്രമിക്കുന്നത് ക്ഷീണവും സമ്മർദവും കൂട്ടാം. ദിവസവും ചെയ്യേണ്ട കാര്യങ്ങൾക്ക് ലളിതമായ ക്രമം നിശ്ചയിക്കാം. രാവിലെ കിടക്ക ക്രമീകരിക്കുക, വൈകുന്നേരം അടുക്കള വൃത്തിയാക്കുക, ഉറങ്ങുന്നതിന് മുമ്പ് അടുത്ത ദിവസത്തേക്കുള്ള സാധനങ്ങൾ തയ്യാറാക്കിവയ്ക്കുക തുടങ്ങിയ ശീലങ്ങൾ പരീക്ഷിക്കാം. വീട്ടിലെ മറ്റ് അംഗങ്ങളുമായി ജോലികൾ പങ്കിടുന്നതും ഒരാളുടെ മേലുള്ള ഭാരം കുറയ്ക്കും.
ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നത് ചിലർക്ക് ഉന്മേഷം നൽകും. അതേസമയം, നിരന്തരമായ ടെലിവിഷൻ ശബ്ദവും മൊബൈൽ അറിയിപ്പുകളും ചിലരിൽ ശ്രദ്ധക്കുറവും അസ്വസ്ഥതയും സൃഷ്ടിച്ചേക്കാം. ദിവസത്തിൽ കുറച്ചുസമയം ടെലിവിഷനും ഫോണും ഓഫ് ചെയ്ത് ശാന്തമായ അന്തരീക്ഷത്തിൽ ചെലവഴിക്കാം. വീട്ടിലെ എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ ശബ്ദനില നിലനിർത്തുന്നതും പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates