നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതല്‍ തന്നെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ആളുകള്‍ ഉപയോഗിച്ചിരുന്നു. പുരാതനകാലത്തെ ആളുകള്‍ ചര്‍മം തിളങ്ങാനും കൂടുതല്‍ വ്യക്തമാകാനും പാലുകൊണ്ടുള്ള കുളി, റോസ് വാട്ടർ, എണ്ണകൾ, കളിമൺ മാസ്കുകൾ എന്നിവ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചര്‍മ സൗന്ദര്യത്തിനായി പുറമെ പ്രയോഗിക്കുന്നതിനെക്കാള്‍ ഭക്ഷണശീലത്തിലായിരുന്നു അവര്‍ പ്രാധ്യാനം നല്ഡകിയിരുന്നത്.
ഈജിപ്തുകാരുടെ സൗന്ദര്യം ലോക പ്രസിദ്ധമാണ്. പുരാതന ഈജിപ്ഷ്യൻ സ്ത്രീകള്‍ അവരുടെ ഭക്ഷണത്തില്‍ ധാരാളം നട്സ് ചേര്‍ത്തിരുന്നു, പ്രത്യേകിച്ച് ബദാം. ഇത് അവർക്ക് തിളക്കമുള്ള നിറവും ചര്‍മത്തില്‍ ഉണ്ടാകാവുന്ന വാര്‍ദ്ധക്യലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്നും കഠിനമായ മരുഭൂമിയിലെ കാലാവസ്ഥയിൽ നിന്നും അവരുടെ ചർമകോശങ്ങളെ സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്‍റുകള്‍ ഇതില്‍ അടിങ്ങിയിരുന്നു.
പുരാതന ഗ്രീക്കുകാർ സമതുലിതമായ ജീവിതശൈലിയിലൂടെയാണ് സൗന്ദര്യത്തെ സമീപിച്ചത്. അവർ ഓക്സിഗാല, അതായത് തൈരിന് സമാനമായ പുളിപ്പിച്ച പാൽ കഴിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തവും തിളക്കമുള്ളതുമായ ചർമം നല്‍കും. കൂടാതെ കുടൽ വൃത്തിയാക്കാൻ സഹായിക്കുന്ന ബാക്ടീരിയകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന കൈലിയോൺ എന്ന പുളിപ്പിച്ച ധാന്യ പാനീയവും അവർ കഴിച്ചിരുന്നു. ഇത് മികച്ച ദഹനത്തിന് കാരണമാവുകയും കുടൽ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന മുഖക്കുരു പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്തു.
ചൈനക്കാർ തിളക്കമുള്ള ചർമത്തിനായി പേള്‍ പൗഡര്‍ ഉപയോഗിച്ചിരുന്നു. ഇത് ചായ, സൂപ്പ്, ഔഷധ ഫോർമുലേഷനുകൾ എന്നിവയിൽ ഉപയോഗിച്ചിരുന്നു. ഇതിൽ പ്രധാനമായും കാൽസ്യം കാർബണേറ്റ്, അമിനോ ആസിഡുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചര്‍മത്തിന്‍റെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് ഒരു സ്ക്രബ് ആയി പുറമെയും ആളുകള്‍ ഉപയോഗിച്ചിരുന്നു.
ഇന്ത്യയില്‍ ആയുര്‍വേദം പ്രകാരം ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ചര്‍മസംരക്ഷണത്തിന് മഞ്ഞള്‍ ഉപയോഗിച്ചിരുന്നു. മഞ്ഞളില്‍ ശക്തമായ ആന്‍റി-ഇഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ്. കൂടാതെ ചര്‍മത്തിലുണ്ടാകുന്ന വാര്‍ദ്ധലക്ഷണങ്ങള്‍ കുറയ്ക്കാനും മുഖക്കുരു പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇന്ന് നിരവധി സൗന്ദര്യവര്‍ധക വസ്തുക്കളിലും മഞ്ഞള്‍ ഉപയോഗിക്കുന്നു.
പുരാതന റോമാക്കാർ എല്ലാ ദിവസവും ബോണ്‍ സൂപ്പ് കുടിച്ചിരുന്നു. ഇത് ഒരു കൊളാജൻ സപ്ലിമെന്റ് പോലെ പ്രവർത്തിക്കും. യുവത്വമുള്ള ചര്‍മം, തിളക്കമുള്ള മുടി എന്നിവ നല്‍കും. ഇതില്‍ അമിനോ ആസിഡുകളുണ്ട്, ഇത് കൊളാജൻ ഉൽപാദനത്തെ നേരിട്ട് പിന്തുണയ്ക്കുകയും ചർമത്തിന്റെ ഘടനയെ ഉള്ളിൽ നിന്ന് പിന്തുണയ്ക്കുകയും ചെയ്യുന്നു. കോഴിയിറച്ചി അല്ലെങ്കില്‍ കാട്ടുമൃഗങ്ങളുടെ അസ്ഥികള്‍ ഉപയോഗിച്ച് 12 മണിക്കൂറോളം വേവിച്ചാണ് ബോണ്‍ സൂപ്പ് ഉണ്ടാത്തിയിരുന്നത്. ഇത് ചര്‍മത്തിന്‍റെ ഇലാസ്തികത, ജലാംശം, സാന്ദ്രത എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates