'ഹോളിഗ്രെയിൽ സ്കിൻ കെയർ' ചേരുവകളിലൊന്നായാണ് വിറ്റാമിൻ സി അറിയപ്പെടുന്നത്. ഇത് ചർമത്തിന് പല അത്ഭുതകരമായ മാറ്റങ്ങളും ഉണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചർമത്തിലെ വാർദ്ധ്യലക്ഷണങ്ങൾ കുറയ്ക്കാനും കൊളാജൻ ഉൽപാദനം വർധിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കും. ബ്രോക്കോളി, നാരങ്ങ തുടങ്ങിയ പല സിട്രസ് പഴങ്ങളിലും പച്ചക്കറികളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി സെറം നേരിട്ട് ചർമത്തിൽ പുരട്ടുന്നത് ഫലം ഇരട്ടിയാക്കും.
ആന്റിഓക്സിഡന്റുകൾ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് വിറ്റാമിൻ സി. ചർമത്തിന് അത്യാന്താപേക്ഷിതമായ കൊളാജൻ ഉൽപാദിപ്പിക്കുന്നതിനും അപകടകരമായ യുവി രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിനും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
സെറം ആയും ക്രീം രൂപത്തിലും വിറ്റാമിൻ സി ലഭ്യമാണ്. ഹൈപ്പര്‍ പിഗ്മന്‍റേഷന്‍, ഡാര്‍ക് സ്പോട്ട്, മുഖക്കുരുവിന്‍റെ അടയാളങ്ങള്‍ എന്നിവ കുറക്കാന്‍ സഹായിക്കും വിറ്റാമിൻ സി സെറം സഹായിക്കും. എന്നാൽ ഇത് എല്ലാവർക്കും യോജിക്കണമെന്നില്ല. ഇവ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
വിറ്റാമിൻ സി സെറം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എക്സിമ, റൊസേഷ്യ, വളരെ വരണ്ടതോ സെൻസിറ്റീവോ ആയ ചർമം, വലുപ്പമുള്ള പഴുത്ത മുഖക്കുരുക്കൾ എന്നിവയുള്ളവർക്ക് വിറ്റാമിൻ സി യോജിക്കണമെന്നില്ല.
വിറ്റാമിൻ സി ഉപയോഗിച്ച ശേഷം ചർമത്തിൽ ചുവപ്പോ തടിപ്പോ ചൊറിച്ചിലോ വരുന്നുണ്ടെങ്കിൽ ഇതിൻ്റെ ഉപയോഗം നിർത്തുക.
മോണിങ് സ്കിൻ കെയർ റുട്ടീനിന്റെ ഭാഗമാണ് വിറ്റാമിൻ സി.
ചൂട്, വെളിച്ചം, വായു എന്നിവയുമായുള്ള സമ്പർക്കം വിറ്റാമിൻ സി സെറം വേഗത്തിൽ നശിക്കാൻ കാരണമാകും. ഓക്സീകരണത്തിന് വിധേയമായ സെറം ചില സന്ദർഭങ്ങളിൽ ചർമത്തിന് ദോഷകരവുമാണ്.
സെറത്തിന്റെ നിറം കടും ഓറഞ്ചോ തുരുമ്പിന്റെ നിറമോ ആയി മാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗശൂന്യമായി എന്ന് മനസ്സിലാക്കാം.
സെറം വാങ്ങുന്നവര്‍ ഇരുണ്ട നിറമുള്ള ബോട്ടിലുകളിലുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക. സുതാര്യമായ പാക്കേജിംഗും ഡ്രോപ്പറിലുമുള്ള സെറമാണ് വാങ്ങുന്നതെങ്കില്‍ അവയിലേക്ക് കൂടുതൽ വായുവും വെളിച്ചവും കടക്കുകയും വേഗത്തില്‍ ഉപയോഗ ശൂന്യമാകാനും കാരണമാകും.
മുഖത്ത് നന്നായി കഴുകി വൃത്തിയാക്കാതെ വിറ്റാമിൻ സി സെറം പുരട്ടരുത്. വരണ്ട ചർമമുള്ളവർ ഹൈഡ്രേറ്റിങ് ക്ലെൻസർ ഉപയോഗിക്കുക.
എണ്ണമയമുള്ള ചർമമാണെങ്കിൽ സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസർ തിരഞ്ഞെടുക്കാം. ഇങ്ങനെ ചെയ്യുന്നത് സെറം ചർമത്തിലേക്ക് ആഴ്ന്നിറങ്ങാനും കൂടുതൽ ഗുണം നൽകാനും സഹായിക്കും.
സെറം ഉണങ്ങിക്കഴിഞ്ഞാൽ അതിന് മുകളിൽ മോയിസ്ചറൈസറും സൺസ്‌ക്രീനും പുരട്ടാൻ മറക്കരുത്.
ചർമത്തിൽ എന്ത് തരം വസ്തു ഉപയോഗിക്കുമ്പോഴും ആദ്യം പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും. നിങ്ങളുടെ കൈയുടെ ഉൾഭാഗത്തോ ചെവിക്ക് പിന്നിലോ ചെറിയ അളവിൽ സെറം പുരട്ടി 24-48 മണിക്കൂർ കാത്തിരിക്കുക. അലര്‍ജിയോ മറ്റ് ബുദ്ധിമുട്ടുകളോ തോന്നുന്നില്ലെങ്കില്‍ അവ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഉപയോഗിക്കുന്നവര്‍ ആഴ്ചയിൽ രണ്ടു തവണ മാത്രം വിറ്റാമിൻ സി സെറം ഉപയോഗിച്ച് തുടങ്ങുക. ചര്‍മരോഗ വിദഗ്ധനെ കണ്ട് ഉപയോഗിക്കാന്‍ തുടങ്ങുന്നതാണ് എപ്പോഴും നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates