പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പലർക്കും ആ ശീലത്തിൽ നിന്ന് മുക്തമാകാൻ സാധിക്കാറില്ല. ഇത് ആരോഗ്യത്തെ അടിമുടി തകരാറിലാക്കും, വേനൽക്കാലത്ത് പ്രത്യേകിച്ചും. അതികഠിനമായ ചൂടുകാലത്ത് പുകവലി ശീലം നിങ്ങൾ നിങ്ങൾക്കുള്ള കുഴിമാടം കുത്തുന്നതിന് തുല്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ശരീരത്തിൽ നിർജ്ജലീകരണം കൂടുന്നു
പുകയിലയിലുള്ള നിക്കോട്ടിൻ ശരീരത്തിലെ ജലാംശത്തെ വളരെ വേഗത്തിൽ കുറയ്ക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിലേക്കും അമിതമായ ക്ഷീണത്തിലേക്കും നയിക്കും. ചൂടുകാലത്ത് ശരീരം നന്നായി വിയർക്കുന്നതു വഴി ധാരാളം ജലം അങ്ങനെയും നഷ്ടപ്പെടും. ഇതു രണ്ടും കൂടിച്ചേരുന്നതോടെ കഠിനമായ ക്ഷീണത്തിന് ഇടയാക്കും.
ചൂടുകാലമാകുമ്പോഴേക്കും ശരീരത്തെ ആകെ തണുപ്പിക്കാനായി ഹൃദയം സ്വതവേ കൂടുതൽ രക്തം പമ്പ് ചെയ്യാറുണ്ട്. പുകവലിക്കുന്നൊരാളുടെ രക്തധമനികൾ എളുപ്പത്തിൽ ചുരുങ്ങിപ്പോകുകയും അയാളുടെ രക്തസമ്മർദ്ദം അതോടെ ഉയരുകയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്.
പുകവലിക്കുന്നൊരാളുടെ ശരീര താപനില പൊതുവേ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. വേനൽക്കാലം ആകുന്നതോടെ ശരീരത്തിന്റെ ആന്തരിക താപനില നിയന്ത്രിച്ചു നിർത്താനുള്ള കഴിവു വീണ്ടും കുറയും. അതുകൊണ്ട് തന്നെ മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് താപാഘാത സാധ്യത കൂടുതലാകാനിടയുണ്ട്.
വേനഷക്കാലത്ത് അന്തരീക്ഷത്തിലെ വരണ്ട വായു ശ്വസിച്ച് ശ്വാസകോശത്തിന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. അതിനോടൊപ്പം പുകവലി കൂടിയാകുമ്പോൾ ചൂടുള്ള പുക ശ്വാസകോശത്തിന്റെ വായു അറകൾക്ക് സാരമായ കേടുപാടുകൾ വരും. ഇതോടെ ആസ്ത്മ പോലുള്ള പ്രശ്നങ്ങളും കൂടാൻ തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates