ആർത്തവ വേദന നിരവധി സ്ത്രീകളുടെ പേടി സ്വപ്നമാണ്. അസഹനീയമായ ഈ വേദന നിയന്ത്രിക്കാൻ പലരും വേദനസംഹാരികളെ ആശ്രയിക്കാറുമുണ്ട്. ഇവ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും അമിത ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
ഇബുപ്രോഫെൻ പോലുള്ള നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത് ദഹനനാളത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അൾസർ, ഗ്യാസ്ട്രൈറ്റിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഗുരുതര സാഹചര്യങ്ങളിൽ രക്തസ്രാവവും ഉണ്ടാകാം. ഇത് ജീവന് തന്നെ ഭീഷണിയായേക്കും. നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ ദീർഘകാല ഉപയോഗം ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ അപകടസാധ്യതയും വർധിപ്പിക്കുന്നു.
ഇതിനോടകം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം പോലുള്ള മറ്റ് ഘടകങ്ങൾ ഉള്ള സ്ത്രീകളിലും ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് അപകടമാണ്. മറ്റൊരു വേദനസംഹാരിയായ അസറ്റാമിനോഫെന്‍റെ അമിത ഉപയോഗം കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തെ ബാധിക്കും. കാലക്രമേണ വൃക്കയെ തകരാറിലാക്കാം.
വേദനസംഹാരികൾ കഴിക്കുമ്പോൾ മുൻകരുതൽ വേണം
ഡോക്ടറുടെ ശുപാർശ പ്രകാരം മാത്രം മരുന്നുകളുടെ ഡോസ് എടുക്കുക. നിർദേശിച്ച അളവിനെക്കാൾ കൂടുതൽ കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ദീർഘകാല ആരോഗ്യപ്രശ്നങ്ങളുടെയും അപകടസാധ്യത വർധിപ്പിക്കാം.
ഏത് ചെറിയ വേദനയ്ക്കും വേദനസംഹാരികളെ ആശ്രയിക്കുന്ന ശീലം ഒഴിവാക്കണം. ആർത്തവ വേദനയ്ക്കായി എല്ലാ മാസവും ഒന്നിൽ കൂടുതൽ വേദനസംഹാരികൾ കഴിക്കേണ്ടി വരുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.
വ്യത്യസ്ത തരം വേദനസംഹാരികൾ കലർത്തി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഇത് കരളിനെയും വൃക്കയെയും ബാധിക്കാൻ സാധ്യത കൂടുതലാണ്. ഒരു മരുന്ന് കഴിച്ച് വേദനയ്ക്ക് ആശ്വാസം കിട്ടുന്നില്ലെങ്കില്‍ മറ്റൊന്ന് കഴിക്കുന്നതിന് പകരം ഡോക്ടറെ കാണുക.
കരൾ-വൃക്ക രോഗങ്ങൾ, ഹൃദ്രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ വേദനസംഹാരികൾ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും മരുന്ന് കഴിക്കുന്നതിന് മുൻപും അത് നിങ്ങൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
വേദനസംഹാരികൾക്ക് പകരം ഇവ പരീക്ഷിക്കാം
ഹീറ്റ് തെറാപ്പി: കഠിനമായ വേദനയ്ക്ക് വേദനസംഹാരിക്ക് പകരം ഉപയോഗിക്കാവുന്ന രീതിയാണ് ഹീറ്റ് തെറാപ്പി. ഹോട്ട് വാട്ടർ ബാഗിലോ കുപ്പിയിലോ ചൂടുവെള്ളം ഒഴിച്ച് വയറ്റിൽ അമർത്തി വെക്കുക. ഇത് പേശികൾക്ക് അയവ് വരുത്തുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു.
ചിട്ടയായ വ്യായാമം: പതിവായി വ്യായാമം ചെയ്യുന്നത് ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. വ്യായാമം രക്തയോട്ടം വർധിപ്പിക്കും ശരീരത്തിലെ സ്വാഭാവിക വേദനസംഹാരിയായ എൻഡോർഫിനുകൾ പുറത്തുവിടുകയും അത് വേദന കുറയ്ക്കുകയും ചെയ്യുന്നു.
ഭക്ഷണം: ആർത്തവ വേദന നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനും പങ്കുണ്ട്. കഫീൻ, പഞ്ചസാര എന്നിവ കുറയ്ക്കുന്നത് വീക്കം, വേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ, ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.
ഹെർബൽ ചായ: ഇഞ്ചി, പെരുംജീരകം തുടങ്ങിയവ ഇട്ടു തിളപ്പിച്ച ഹെർബൽ ചായ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
സമ്മർദം നിയന്ത്രിക്കണം: സ്ട്രെസ് ആർത്തവ വേദന വർധിപ്പിക്കും. യോഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ എന്നിവ സമ്മർദവും ആർത്തവ വേദനയും നിയന്ത്രിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates