വികാരങ്ങളും വിചാരങ്ങളും ഓര്‍മകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് തലച്ചോറിനുള്ളിലാണ്. അതുകൊണ്ട് തന്നെ തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, വിശ്രമം എന്നീ മൂന്ന് ചേരുവകളാണ് തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനം.
കാഴ്ചയില്‍ അപകടമുണ്ടാക്കില്ലെന്ന് തോന്നിപ്പിക്കുന്ന പല ശീലങ്ങളും ചിലപ്പോള്‍ നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കുന്നതായിരിക്കും.
ഉറങ്ങാന്‍ കിടക്കുമ്പോഴും ഹെഡ്‌ഫോണ്‍സിന്റെ ഉപയോഗം
ഉറങ്ങുമ്പോഴും ചിലര്‍ ഹെഡ്‌ഫോണ്‍സ് അല്ലെങ്കില്‍ ഇയര്‍ഫോണുകള്‍ ചെവിയില്‍ തിരുകിയിട്ടുണ്ടാവും. പലപ്പോഴും ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്‌ഫോണ്‍സ് ഉപയോഗിക്കുന്നത് നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ഇത് കാലക്രമേണ കേള്‍വിശക്തി കുറയ്ക്കുകയും ഡിമെന്‍ഷ്യ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഹോഡ്‌ഫോണ്‍സില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നത് നിങ്ങളുടെ ആഴത്തിലുള്ള ഉറക്കത്തെ തടസപ്പെടുത്താനും ലിംഫാറ്റിക് സംവിധാനം താറുമാറാക്കാനും കാരണമാകും. ലിംഫാറ്റിക് സംവിധാനമാണ് തലച്ചോറില്‍ നിന്ന് വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കുന്നത്.
നമ്മള്‍ പലരും തികച്ചും അവഗണിക്കുന്ന ഒന്നാണ് മോണയുടെ ആരോഗ്യം. മോണയുടെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല്ലുകളില്‍ കാവിറ്റിയും മോണ രോഗവുമുള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് സമീപകാലത്ത് പുറത്തുവിട്ട ഒരു പഠനം പറയുന്നു.
മാത്രമല്ല, മോശം ഓറല്‍ ഹെല്‍ത്ത് ഡിമെന്‍ഷ്യ, വൈജ്ഞാനിക തകര്‍ച്ച എന്നിവയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ പല്ലുകള്‍ ശരിയായ രീതിയില്‍ വൃത്തിയാക്കാനും മോണ സംബന്ധമായ രോഗാവസ്ഥകള്‍ നിസാരമായി കാണാതിരിക്കുകയും ചെയ്യുക.
കൂടുതല്‍ നേരം ടോയ്‌ലറ്റില്‍ ഇരിക്കുന്ന ശീലമുണ്ടോ? ഈ ശീലം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കാം. കൂടുതല്‍ നേരം ഇരിക്കുകയും ആയാസപ്പെടുകയും ചെയ്യുന്നത് കാലുകളില്‍ രക്തം കെട്ടി നില്‍ക്കാനും രക്തസമ്മര്‍ദം കുറയാനും കാരണമാകും. ഇത് നിങ്ങളുടെ തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം കിട്ടാത്ത അവസ്ഥ ഉണ്ടാക്കും. ഇത് ഒരാളെ ബോധരഹിതനാക്കാനും സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates