ആർത്തവ ദിവസങ്ങളിൽ അസഹ്യമായ വയറുവേദനയും നടുവേദനയുമൊക്കെ അനുഭവിക്കുന്നവരാണ് പലരും. ഇതൊക്കെ സാധാരണമാണെന്ന് കണ്ട് ഈ ബുദ്ധിമുട്ടുകളെ ആരുമത്ര കാര്യമാക്കാറുമില്ല. പക്ഷെ, ഇത്തരം പ്രശ്നങ്ങൾക്ക് കാരണം എൻഡോമെട്രിയോസിസ് എന്ന അവസ്ഥയാകാം.
എന്താണ് എൻഡോമെട്രിയോസിസ്?
ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം ഈ പാട കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും. എന്നാൽ, ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.
ലക്ഷണങ്ങൾ
ആർത്തത്തിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും അനുഭവപ്പെടുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
തിരിച്ചറിയാൻ വൈകുന്നതെന്ത്?
പലരിലും എൻഡോമെട്രിയോസിസ് തിരിച്ചറിയപ്പെടാൻ വൈകാറുണ്ട്. ആർത്തവ വേദനയെ സാധാരണമായി കാണുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. പിന്നെ, വേണ്ടത്ര അവബോധമില്ലായ്മയും ഒരു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എൻഡോമെട്രിയോസിസിന്റെ കടുത്തവേദനയെ ആർത്തവ വേദനയാണെന്ന് കരുതി സ്വാഭാവികമായി ധരിക്കുന്നതാണ് രോഗനിർണയം വൈകുന്നതിലെ പ്രധാന ഘടകങ്ങളിൽ ഒന്നെന്ന് ഗവേഷകർ പറയുന്നു. കൃത്യമായ രോഗനിർണയത്തിനുള്ള ടെസ്റ്റുകളുടെ അപര്യാപ്തതയും പരിമിതിയാണ്. മറ്റ് രോഗലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളതും എൻഡോമെട്രിയോസിസ് സ്ഥിരീകരിക്കുന്നതിൽ തടസ്സമാകാറുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates