ഇന്ന് ആഗോളതലത്തിൽ വന്ധ്യത നേരിടുന്നവരുടെ എണ്ണം ഉയർന്നു വരികയാണ്. പണ്ട് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇന്ന് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കാവുന്ന ഒന്നാണ് വന്ധ്യതയെന്ന ധാരണ പൊതുസമൂഹം നേടിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത സാധ്യത കൂടാമെന്നും അതിന് പിന്നിലെ മറ്റ് ഘടകങ്ങളെ കുറിച്ചും കൊച്ചിയിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ, ഇൻഫെർറ്റിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. സിറിയക് പാപ്പച്ചൻ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
പ്രായമാണ് വന്ധ്യതയ്ക്ക് പിന്നിലെ ഏറ്റവും പ്രധാനമായ ഘടകം. പ്രായം കൂടുന്തോറും സ്ത്രീകളിലെ അണ്ഡവും അണ്ഡോൽപാദനവും കുറയുന്നു. അതുപോലെ തന്നെ പുരുഷന്മാരിലെ ബീജത്തിൻ്റെ ഗുണമേന്മയും കുറയും. പ്രായമാകുമ്പോൾ സ്ത്രീകളിലും പുരുഷന്മാരിലും ലിബിഡോ (ബന്ധപ്പെടാനുള്ള താൽപര്യം) കുറയാം. ഒരിക്കലും സ്ത്രീകളുടെ മാത്രം പ്രശ്നമായി വന്ധ്യതയെ കാണാൻ കഴിയില്ല. 2050- ന് ശേഷം ഉണ്ടാകുന്ന കുഞ്ഞുങ്ങളിൽ പകുതിയും ടെസ്റ്റ്ട്യൂബ് ശിശുക്കളായിരിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിന് പിന്നിലെ പ്രധാന കാരണം ആഗോളതലത്തിൽ പുരുഷന്മാരിലെ ബീജത്തിൻ്റെ കൗണ്ട് കുറയുന്നതാണെന്ന് ഡോ. സിറിയക് പാപ്പച്ചൻ പറയുന്നു.
ഒരു പെൺകുട്ടി നിശ്ചിത എണ്ണത്തിലുള്ള അണ്ഡങ്ങളുമായാണ് ജനിക്കുന്നത്. ആർത്തവത്തിലൂടെ വലിയൊരു ശതമാനം അണ്ഡങ്ങൾ കുറയുന്നു. പ്രായം വർധിക്കുന്തോറും സ്ത്രീകളിൽ അണ്ഡം കുറയാനും ഗർഭധാരണത്തിനുള്ള സാധ്യത കുറയാനു കാരണമാകാം. 30 വയസിന് താഴെയുള്ള ദമ്പതികൾ ലൈംഗികമായി ബന്ധപ്പെടുന്നതിലൂടെ ഗര്‍ഭധാരണത്തിനുള്ള സാധ്യത രണ്ട് വര്‍ഷത്തിനുള്ളില്‍ തൊണ്ണൂറു ശതമാനമാണ്.
ഇത് 30 വയസിന് ശേഷമാണെങ്കിൽ ഒരു വർഷവും 35 വയസിന് ശേഷമാണെങ്കിൽ ആറ് മാസവുമാണ്. ഇത് ശേഷവും കുഞ്ഞുങ്ങളുണ്ടാവുന്നില്ലെങ്കിൽ വൈദ്യസഹായം തേടേണ്ടതുണ്ട്. പലരും ഡോക്ടറെ കാണാൻ മടിക്കുന്നതും സമയം വൈകിപ്പിക്കുന്നതും ഗർഭധാരണ സാധ്യത കുറയ്ക്കും. പ്രായം കൂടുന്നതനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത ഒരുപോലെ കുറയും.
മൂന്ന് ഘടകങ്ങളാണ് ആരോഗ്യമുള്ള ഒരു ഗർഭധാരണത്തിന് ആവശ്യം- നല്ല ഗര്‍ഭപാത്രം, ഗുണമേന്മയുള്ള അണ്ഡവും ബീജവും. ഇവയെല്ലാം ചെറുപ്രായത്തിലാണ് ഉണ്ടാവുക. പ്രായമാകുമ്പോൾ അണ്ഡത്തിൻ്റെയും ബീജത്തിൻ്റെയും ഗുണമേന്മ കുറയാം. മാത്രമല്ല, ഗർഭപാത്രത്തിൻ്റെ കട്ടികൂടാനും ഗർഭപാത്രത്തിൽ മുഴകൾ പ്രത്യക്ഷപ്പെടാനും കാരണമാകാം. ഇത് ഗർഭധാരണത്തെ തടസപ്പെടുത്താം. പുകവലി, വായുമലിനീകരണം, കീടനാശിനികളുടെ ഉപയോഗം, മൈക്രോ പ്ലാസ്റ്റിക്കുകള്‍ എന്നിവയൊക്കെ പുരുഷന്മാരില്‍ ബീജത്തിൻ്റെ ഗുണമേന്മ കുറയ്ക്കുന്ന ഘടകങ്ങളാണ്.
സ്ത്രീകളുടെ അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണം കൃത്യമായി അറിയുന്നതിന് വേണ്ടി നടത്തുന്ന പരിശോധനയാണിത്. 30 വയസിന് ശേഷം അണ്ഡങ്ങളുടെ എണ്ണം കുറയാം. ഇത് വന്ധ്യതയ്ക്ക് കാരണമാകാം. എഎംഎസ് പരിശോധനയിലൂടെ കൃത്യമായ എണ്ണം തിരിച്ചറിയാനും അത് അനുസരിച്ച് ചികിത്സ പ്ലാൻ ചെയ്യാനും സഹായിക്കും.
ഇന്ന് വൈകി വിവാഹം കഴിക്കുന്നവരുടെ എണ്ണം കൂടുതലാണ്. വൈകി ഗർഭധാരണം മതിയെന്നുണ്ടെങ്കിൽ എഎംഎസ് പരിശോധനയിലൂടെ അണ്ഡങ്ങളുടെ എണ്ണം മനസിലാക്കാനും ഗർഭധാരണം പ്ലാൻ ചെയ്യാനും സാധിക്കും.
ഏഷ്യന്‍ രാജ്യങ്ങളില്‍, പ്ര്‌ത്യേകിച്ച് ഭൂമധ്യ രേഖയ്ക്ക് സമീപം ജീവിക്കുന്ന ആളുകളില്‍ പ്രത്യുല്‍പാദന പ്രായം വളരെ പെട്ടെന്ന് ആകുന്നു. അത്തരം സാഹചര്യങ്ങളില്‍ നേരത്തെ അണ്ഡോൽപാദനം സംഭവിക്കുകയും അണ്ഡങ്ങളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്.
ഉദാസീനമായ ജീവിതശൈലി അണ്ഡത്തിൻ്റെയും ബീജത്തിൻ്റെയും ഗുണമേന്മ കുറയ്ക്കാം. വിറ്റാമിൻ ഡി മറ്റൊരു പ്രധാന ഘടകമാണ്. വെയിലുകൊള്ളുന്നവരിൽ പ്രത്യുല്‍പാദനക്ഷമത കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വെയില്‍ കൊള്ളുന്നത് കുറയുന്നതും ഉദാസീനമായ ജീവിതശൈലിയും മൂലം ഹോര്‍മോണുകള്‍ താറുമാറാകും. ഇത് അണ്ഡോൽപാദനത്തെ ബാധിക്കുകയും ഗര്‍ഭധാരണത്തിൽ പ്രശ്നമുണ്ടാവുകയും ചെയ്യും.
പിസിഒഡി എന്നാൽ അണ്ഡോൽപാദനം ഇല്ലാതെയിരിക്കുന്ന അവസ്ഥയാണ്. അണ്ഡോൽപാദനം നടന്നില്ലെങ്കിൽ ഗർഭധാരണവും നടക്കില്ല. അണ്ഡം ഉണ്ട് അണ്ഡോല്‍പാദനം നടക്കുന്നില്ലെങ്കില്‍ കാര്യമില്ല. പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് ജീവിതശൈലി മാറ്റങ്ങളിലൂടെ ഭേദമാക്കാവുന്നതാണ്. വ്യായാമമാണ് പ്രധാനം.
മൊബൈൽ ഫോൺ വന്ധ്യതയ്ക്ക് കാരണമാകുമോ?
മോബൈലില്‍ നിന്നുള്ള റേഡിയേഷന്‍ നമ്മുടെ ആരോഗ്യത്തെ ഒരിക്കലും നേരിട്ട് ബാധിക്കില്ല. എന്നാൽ പോക്കറ്റിൽ ഫോൺ കൊണ്ട് നടക്കുന്നത് നിരന്തരം ചൂട് അടിക്കാനും പുരുഷന്മാരിൽ ബീജത്തിൻ്റെ ഗുണമേന്മ കുറയാനും കാരണമാകാം.
ജീന്‍സ് ധരിക്കുന്നത് വന്ധ്യത ബാധിക്കാൻ കാരണമാകുമോ?
ജീന്‍സ് ഉപയോഗിക്കുന്നത് ശരീരത്തിൽ താപനില വർധിക്കാൻ കാരണമാകും, വേനൽകാലത്ത് പ്രത്യേകിച്ച്. ഇത് പുരുഷന്മാരിൽ ബീജത്തിൻ്റെ ഗുണമേന്മ കുറയ്ക്കാം.
ലാപ്‌ടോപ്പ് ഉപയോഗം
ചെറുപ്രായത്തില്‍ ലാപ്ടോപ്പ് ഉപയോഗം പ്രശ്നമുണ്ടാകില്ലെന്ന് തോന്നും. എന്നാല്‍ ലാപ്പ്‌ടോപ്പ് വളരെ അധികം ചൂട് കൂട്ടുന്ന ഒന്നാണ്. നിരന്തരമായി ചൂടടിക്കുന്നതെന്തും പ്രശ്‌നമാണ്. എന്‍ജിൻ ജോലികൾ ചെയ്യുന്നവരിലും റെസ്‌റ്റോറന്റുകളില്‍ തുടര്‍ച്ചയായി പാചകം ചെയ്യുന്നവരിലുമൊക്കെ ഇതേ പ്രശ്ന ഉണ്ടാകാം.
പപ്പായയും പൈനാപ്പിളലും
ഇവ രണ്ടും ഗര്‍ഭധാരണത്തെ തടസപ്പെടുത്തുന്നതല്ല. വിഷമടിക്കാത്ത എന്തും നല്ലതാണ്. പലപ്പോഴും ആര്‍ത്തവം ക്രമം തെറ്റുമ്പോഴാണ് ഗര്‍ഭം ഉണ്ടെന്ന് പോലും അറിയുന്നത്. അതുവരെ എല്ലാ ജോലികളും യാത്രകളും ചെയ്തിരുന്ന ആളുകള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞാല്‍ എല്ലാം നിര്‍ത്തും. അത് ഒരിക്കലും ചെയ്യാന്‍ പാടില്ല. നാടൻ പഴവർഗങ്ങൾ നമ്മൾക്ക് നല്ലതാണ്. അത് കഴിച്ചതു കൊണ്ട് യാതൊരു അപകടവും സംഭവിക്കില്ല. അഞ്ച് തരം പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്നാണ്. അത് മൈക്രോ ന്യൂട്രിയന്റുകൾ നൽകാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates