ഹൃദയത്തിൽ രണ്ട് സുഷിരങ്ങളുമായാണ് മകൾ പിറന്നത് എന്ന ബോളിവുഡ് നടി ബിപാഷ ബസുവിന്റെ വെളിപ്പെടുത്തൽ പലരെയും ഞെട്ടിച്ചു. കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും മറ്റ് തകരാറുകളുമെല്ലാം മാതാപിതാക്കളിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നതാണ്. മകൾക്ക് വെൻട്രികുലർ സെപ്റ്റൽ ഡിഫക്റ്റാണെന്ന് (വിഎസ്ഡി) കണ്ടെത്തിയിരുന്നെന്നും മൂന്നാം മാസത്തിൽ മകളെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടിവന്നെന്നുമാണ് ബിപാഷ പറഞ്ഞത്. എന്താണ് വെൻട്രികുലർ സെപ്റ്റൽ ഡിഫക്റ്റ്?
വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ്
കുഞ്ഞ് അമ്മയുടെ വയറ്റിലായിരിക്കുമ്പോൾത്തന്നെ ഹൃദയത്തിന്റെ വികസനപരിണാമത്തിൽ വരുന്ന തകരാറുകളാണ് ജന്മമാലുള്ള ഹൃദയവൈകല്യങ്ങൾ. ഹൃദയത്തിന്റെ അറകളുടെ ഭിത്തികളിലുണ്ടാകുന്ന ദ്വാരങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്, ഇതിന്റെ ഉദ്ദാഹരണമാണ് വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ്. സങ്കീർണമല്ലാത്ത ഹൃദയവൈകല്യങ്ങളിൽ ഒന്നാണിത്. കുഞ്ഞ് ജനിച്ച ഉടൻ ഇത് ചികിത്സിക്കേണ്ടിവരാറില്ലെങ്കിലും രോഗം തുടർന്നും നിലനിൽക്കുന്നുണ്ടെങ്കിൽ ദ്വാരങ്ങളുടെ വലുപ്പവും പ്രകൃതിയും അനുസരിച്ച് ചികിത്സ വേണ്ടിവരും.
സാധാരണഗതിയിൽ ഹൃദയത്തിന്റെ വലത്തേ അറയിൽ നിന്ന് ഓക്‌സിജൻ ഇല്ലാത്ത രക്തം ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യും. ഇടത്തേ അറയിൽ നിന്ന് ഓക്‌സിജനോട് കൂടിയ രക്തം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും. എന്നാൽ, വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ് ഉള്ള കുട്ടികളിൽ ഹൃദയത്തിന്റെ ഇടത്തേ അറയിൽ നിന്ന് രക്തം വലത്തേ അറയിലേക്ക് ഒഴുകുകയും അവിടെനിന്ന് ശ്വാസകോശത്തിലേക്ക് എത്തുകയും ചെയ്യും. ഇങ്ങനെ ഒഴുകുന്ന അമിത രക്തം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ജോലികൾ കൂട്ടും. ഇത് തുടരുന്നത് ഹൃദയസ്തംഭനം, ശ്വാസകോശത്തിലെ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് ക്രമരഹിതമാകുക, പക്ഷാഘാതം തുടങ്ങി പല സങ്കീർണതകളിലേക്കും നയിക്കും.
ലക്ഷണങ്ങൾ
കുഞ്ഞ് ജനിച്ചതിന് ശേഷമാണ് വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ് കണ്ടെത്തുന്നത്. ചെറിയ ദ്വാരമാണെങ്കിൽ അത് തനിയെ അടഞ്ഞുപോകും, കുട്ടികളിൽ യാതൊരു ലക്ഷണവും കാണുകയുമില്ല. ദ്വാരത്തിന്റെ വലുപ്പം കൂടുതലാണെങ്കിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, വിയർക്കുക, പാല് കുടിക്കുന്നതിനിടയിൽ ക്ഷീണം, ശരീരഭാരം കുറവ് തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.
ചികിത്സ
ദ്വാരത്തിന്റെ വലുപ്പവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും വിശകലനം ചെയ്താണ് ചികിത്സ നിശ്ചയിക്കുന്നത്. ദ്വാരം തനിയെ അടയുന്നതാണോ എന്ന് നിരീക്ഷിക്കുന്നതാണ് ആദ്യ ഘട്ടം. വലുപ്പം കൂടിയ ദ്വാരങ്ങൾ കാർഡിയാക് കത്തീറ്ററൈസേഷൻ അല്ലെങ്കിൽ തുറന്ന ഹൃദയ ശസ്ത്രക്രിയയിലൂടെ അടച്ച് രക്തയോട്ടം സാധാരണ നിലയിലാക്കും. ചില സാഹചര്യങ്ങളിൽ ഹൃദയ പേശികളെ ബലപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനുമൊക്കെ മരുന്ന് കഴിക്കേണ്ടി വരാറുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates