Pronuclear transfer  AI Image
Health

'രണ്ട് അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞ്! ടെക്നിക്കലി പോസിബിളാണ്'

പല തള്ളയ്ക്ക്, എന്നുവച്ചാൽ ഒന്നിലധികം അമ്മയും ഒരച്ഛനും ആയി കുഞ്ഞുങ്ങൾ ഉണ്ടാകാം. ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ജീവിക്കുന്നുണ്ട്, സാധാരണകുട്ടികളെപ്പോലെ.

സമകാലിക മലയാളം ഡെസ്ക്

രച്ഛനും ഒന്നിലധികം അമ്മമാർക്കുമുണ്ടായ ഒരു കുഞ്ഞ്! കൺഫ്യൂഷൻ തോന്നിയോ? പ്രോ ന്യൂക്ലിയാർ ട്രാൻസ്ഫർ (Pronuclear transfer (PNT)) എന്നാണ് ആ പ്രക്രിയയ്ക്ക് പറയുന്നത്. മൈറ്റോ കോണ്ട്രിയൽ ഡിഎന്‍എ യിലെ എന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങൾ കാരണമോ അല്ലെങ്കിൽ അണ്ഡത്തിലെ കോശദ്രവത്തിന്റെ പ്രശ്നം കാരണമോ ബീജസംയോജനം നടന്നാലും അതൊരു കുട്ടിയായി മാറില്ല. ഇക്കാരണങ്ങളാൽ ആണ് വന്ധ്യത വന്നതെങ്കിൽ സാധാരണയായി ചെയ്യുന്ന എല്ലാ ടെസ്റ്റുകളും ചികിത്സാവിധികളും പരാജയമായിരിക്കും. ഈ അവസ്ഥയ്ക്കൊരു പരിഹാരമാണ് "പ്രോന്യൂക്ലിയാർ ട്രാൻസ്ഫർ'' എന്ന ടെക്നിക്ക് ന്യൂറോസര്‍ജന്‍ ഡോ. മനോജ് വെള്ളനാട് ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

കുമ്പളങ്ങിയിലെ ബേബിമോൾ നല്ല കോമൺസെൻസും അത്യാവശ്യം ശാസ്ത്രബോധവും ഉള്ളവളാണെന്ന് സിനിമ കണ്ടവർക്കറിയാം. പല തന്തയ്ക്കു പിറക്കുന്നത് ടെക്നിക്കലി പോസിബിളല്ലെന്നവൾ പറഞ്ഞത് ആ ബോധമുള്ളത് കൊണ്ടാണ്. ബേബിമോളുടെ വാദങ്ങളെ ചിലർ ശാസ്ത്രീയമായി എതിർക്കുകയും പല തന്തയ്ക്ക് പിറക്കുന്നത് 'കൈമെറ'യിലൂടെ പോസിബളാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. പക്ഷെ കൈമെറ ഒരു തിയററ്റിക്കൽ പോസിബിളിറ്റിയായതിനാൽ (കാരണം, അതിന് ജീവനോടെ ജനിക്കാനോ സർവൈവ് ചെയ്യാനൊ ഒക്കത്തില്ല) ആ വാദം വിടാം. പക്ഷെ, പല തള്ളയ്ക്ക്, എന്നുവച്ചാൽ ഒന്നിലധികം അമ്മയും ഒരച്ഛനും ആയി കുഞ്ഞുങ്ങൾ ഉണ്ടാകാം. ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ജീവിക്കുന്നുണ്ട്, സാധാരണകുട്ടികളെപ്പോലെ.

അതിനെ പറ്റിയാണ് ഇന്നത്തെ കഥ. തൽപ്പര കക്ഷികൾ തുടർന്ന് വായിക്കുക.

ഒരച്ഛനുമമ്മയ്ക്കുമുണ്ടായ ഭ്രൂണത്തെ മറ്റൊരമ്മയുടെ ഗർഭപാത്രത്തിൽ വളർത്തി (സറോഗേറ്റ് മദർ), പ്രസവിപ്പിക്കുന്ന കാര്യമല്ലേ, ഇതാണോ വല്യ ആനക്കാര്യം എന്ന് നിങ്ങൾ ചിന്തിച്ചെങ്കിൽ തെറ്റി. അതല്ല. പല തന്തയ്ക്ക് പിറന്നതെന്ന് കേൾക്കുമ്പോൾ (അത് പോസിബിൾ അല്ലെന്ന് അറിയാമെങ്കിൽ കൂടി) അതൊരു കുറച്ചിലായി തോന്നുന്നതിന് കാരണം, അവിടെ നമ്മുടെ പാരമ്പര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നതു കൊണ്ടാണ്. മംഗലശ്ശേരി മാധവമേനോന്റെ മകനല്ല താനെന്നറിയുന്ന നീലകണ്ഠന്റെ ഫ്രസ്ട്രേഷൻ നമ്മൾ കണ്ടിട്ടുള്ളതാണല്ലോ. അപ്പൊ അതാണ് കാര്യം. പാരമ്പര്യം അഥവാ ജനിതകം, എന്നുവച്ചാ ജെനറ്റിക്സിനെയാണ്, ഞാനെന്ന ശരിക്കും ഞാനിനെയാണ് ആ വിളി ഹർട്ട് ചെയ്യുന്നത്.

ജെനറ്റിക്സ് എന്നാൽ ജീനുകളെ സംബന്ധിച്ചത് എന്നർത്ഥം. നമ്മളാരാണ്, എന്താണ്, ആരുടെ ആരാണ് എന്നൊക്കെ തീരുമാനിക്കുന്നത് ഈ ജീനുകളാണ്. ഒരു കുഞ്ഞുണ്ടാവുന്നത് അച്ഛന്റേന്ന് പകുതിയും അമ്മേടേന്ന് പകുതിയും ജീനുകൾ സംയോജിച്ചാണല്ലോ. ഈ ജീനുകളിരിക്കുന്നത് DNA യിലാണ്. ഈ DNA ഉള്ളത് ക്രോമസോമിനുള്ളിലും ക്രോമസോം കോശത്തിലെ ന്യൂക്ലിയസിലുമാണ് കുടികൊള്ളുന്നത്‌. അച്ഛന്റെ ബീജത്തിലെ ന്യൂക്ലിയസിനുള്ളിൽ 23 (22+X or 22+Y) ക്രോമസോമും അമ്മയുടെ അണ്ഡത്തിലെ ന്യൂക്ലിയസിനുള്ളിൽ മറ്റൊരു 23 (22+X) ക്രോമസോമുമാണ് ഉള്ളത്.

ബീജസംയോജന സമയത്ത് പുരുഷബീജത്തിലെ നൂക്ലിയസ് (ന്യൂക്ലിയസ് മാത്രം) അമ്മയുടെ അണ്ഡത്തിനകത്തേക്ക് കടക്കും. അണ്ഡത്തിനകത്തെ അരണ്ട നിലാവെളിച്ചത്തിൽ, ആ മൈറ്റോക്കോൺട്രിയൽ തണലിൽ വച്ച് ന്യൂക്ലിയസുകൾ പരസ്പരം കണ്ടുമുട്ടും. കെട്ടിപ്പുണരും. അവരൊന്നാകും. പഴയ ജാതകങ്ങളിലെ ഫൈനൽ ഡയലോഗു പോലെ, ശേഷം ചിന്ത്യം. എന്നുവച്ചാ ബാക്കി ഊഹിച്ചോളാൻ. മേൽപ്പറഞ്ഞ പോലെയൊക്കെയാണ് സാധാരണഗതിയിൽ ബീജസംയോജനം നടക്കുന്നതും അതു വളർന്നു കുട്ടിയുണ്ടാകുന്നതും ആ കുട്ടി അച്ഛന്റെയും അമ്മയുടെയും ജനിതകം അതിനുള്ളിലിരുന്ന് പ്രവർത്തിക്കുന്നതനുസരിച്ച് അവരുടെ കുട്ടിയായി വളരുന്നതും.

കഥയിൽ ട്വിസ്റ്റ് ഇനിയാണ്. മനുഷ്യശരീരകോശങ്ങളിൽ ജനിതകമുള്ള, എന്നുവച്ചാൽ സ്വന്തമായി പാരമ്പര്യമവകാശപ്പെടാൻ യോഗ്യതയുള്ളത് ന്യൂക്ലിയസിന് മാത്രമല്ല. മൈറ്റോക്കോൺട്രിയയ്ക്കുമുണ്ട് ആ യോഗ്യത. സ്വന്തമായി DNA ഉള്ളതുകൊണ്ടുതന്നെ, കോശത്തിനുള്ളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ശേഷിയുള്ള ആളാണീ മൈ.കോ. ഒരു കോശത്തിൽ തന്നെ ഒരുപാട് മൈറ്റോക്കോൺട്രിയകളുമുണ്ട്. മൈറ്റോ കോണ്ട്രിയക്കുള്ളിലെ DNA യിൽ പ്രശ്നങ്ങളുണ്ടായാലും നമുക്ക് ജനിതകവൈകല്യങ്ങൾ ഉണ്ടാവാം (mitochondrial DNA disorders). സാധാരണ ബീജസംയോജനം നടന്ന് കുട്ടികളുണ്ടാവുമ്പോൾ അമ്മയുടെ അണ്ഡത്തിനുള്ളിലെ ഈ മൈറ്റോ കോണ്ട്രിയൽ DNA കൂടി മക്കൾക്ക് കിട്ടും. അതങ്ങനെ അമ്മ വഴി, പെൺമക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കൊണ്ടേയിരിക്കും (ചുരുക്കിപ്പറഞ്ഞാൽ നമ്മൾ മേൽപ്പറഞ്ഞ 50:50 അല്ല. കുട്ടിയുടെമേൽ അച്ഛനേക്കാൾ ജനിതക ഷെയർ അവകാശപ്പെടാൻ അമ്മയ്ക്ക് അർഹതയുണ്ടെന്നർത്ഥം).

ചിലപ്പോൾ ഈ മൈറ്റോ കോണ്ട്രിയൽ DNA യിലെ എന്തെങ്കിലും ഗുരുതരമായപ്രശ്നങ്ങൾ കാരണമോ അല്ലെങ്കിൽ അണ്ഡത്തിലെ കോശദ്രവത്തിന്റെ പ്രശ്നം കാരണമോ ബീജസംയോജനം നടന്നാലും അതൊരു കുട്ടിയായി മാറില്ല. ഇക്കാരണങ്ങളാൽ ആണ് വന്ധ്യത വന്നതെങ്കിൽ സാധാരണയായി ചെയ്യുന്ന എല്ലാ ടെസ്റ്റുകളും ചികിത്സാവിധികളും പരാജയമായിരിക്കും. IVF ഓ ICSI യോ ഒക്കെ ചെയ്യുമ്പോഴും അത് വീണ്ടും വീണ്ടും പരാജയപ്പെടും. ആ അവസരത്തിലായിരിക്കും കാരണമിതാണെന്ന് കണ്ടെത്തപ്പെടുന്നത്. കട്ട ഡെസ്പ് സീനാണ്. കാരണം ആ അച്ഛനുമമ്മയ്ക്കും കുട്ടികളുണ്ടാവില്ല. ഉണ്ടായാൽ തന്നെ ജനിതകവൈകല്യങ്ങളോടെ ആയിരിക്കും.

ഈ അവസ്ഥയ്ക്കൊരു പരിഹാരമാണ് "പ്രോന്യൂക്ലിയാർ ട്രാൻസ്ഫർ'' എന്ന ടെക്നിക്ക്. ഇവിടെ നമുക്കൊരു ദാതാവിനെ ആവശ്യമുണ്ട്. ദാതാവെന്നുവച്ചാൽ സ്വന്തം അണ്ഡം (ovum) ദാനം ചെയ്യാൻ മാത്രം വിശാലമനസുള്ളൊരാൾ. ഇവിടെ ചെയ്യുന്നത്, ആദ്യം ദമ്പതികളിൽ നിന്നും ആരോഗ്യമുള്ള അണ്ഡവും ബീജവും ശേഖരിക്കും. ശേഷം ദാതാവിൽ നിന്നും അണ്ഡങ്ങളും ശേഖരിക്കും. ICSI ടെക്നിക്കിലേതു പോലെ അമ്മയുടെ അണ്ഡകോശത്തിനുള്ളിലേക്ക് അച്ഛന്റെ ബീജത്തിന്റെ ന്യൂക്ലിയസ് ഇൻജക്റ്റ് ചെയ്യും. ഇങ്ങനെ സംയോജിച്ചുണ്ടാകുന്ന പുതിയ ന്യൂക്ലിയസിനെ അമ്മയുടെ അണ്ഡകോശത്തിൽ നിന്നും സൂത്രത്തിൽ പുറത്തെടുക്കും. ശേഷം ദാതാവിന്റെ അണ്ഡകോശത്തിൽ നിന്നും അതിലെ ന്യൂക്ലിയസ് എടുത്തുമാറ്റും. എന്നിട്ടതിലേക്ക് സംയോജിപ്പിച്ചു വച്ചേക്കുന്ന ന്യൂക്ലിയസ് ഇൻജക്റ്റ് ചെയ്യും. ഇതല്ലെങ്കിൽ അമ്മയുടെ ന്യൂക്ലിയസ് ആദ്യമേ ദാതാവിന്റെ അണ്ഡകോശത്തിലേക്ക് ട്രാൻസ്ഫർ ചെയ്തശേഷം, ബീജസംയോജനം നടത്തുകയും ആവാം. എങ്ങനെയായാലും അങ്ങനെയുണ്ടാവുന്ന പുതിയ സിക്താണ്ഡത്തെ അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. സിക്താണ്ഡം പിന്നെ കേരള കോൺഗ്രസാവും. പിളർന്നും വളർന്നും വളരുന്തോറും പിന്നേം പിളർന്നും അതൊരു സാധാരണ മനുഷ്യക്കുഞ്ഞാവും.

ഇങ്ങനെ ഉണ്ടാവുന്ന കുഞ്ഞുങ്ങളിൽ മൂന്നുപേരുടെ ജനിതകഘടകങ്ങൾ ഉണ്ടാവും. യഥാർത്ഥ അച്ഛനമ്മമാരുടെ ന്യൂക്ലിയാർ DNA യും ദാതാവിന്റെ മൈറ്റോ കോൺട്രിയൽ DNA യും. അതായത്, ബയോളജിക്കലി രണ്ടമ്മയും ഒരച്ഛനും. ഈ സാങ്കേതിക വിദ്യ വഴിയുണ്ടായ ആദ്യത്തെ കുഞ്ഞ് 2016 ഏപ്രിലിൽ ജോർദ്ദാൻ ദമ്പതികൾക്ക് മെക്സിക്കോയിൽ ജനിച്ചു. അവിടെ ന്യൂ ഹോപ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ. ജോൺ ഴാങ്ങിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നത്. ഇന്ന് പല തള്ളയ്ക്ക് പിറന്ന പത്തു കുട്ടികളെങ്കിലും ലോകത്തുണ്ട് എന്നാണ് കണക്ക്.

കുമ്പളങ്ങിയിലെ ബേബി മോൾ ശാസ്ത്രബോധമുള്ളവളാണ്. സൂപ്പറാണ്. കുമ്പളങ്ങിയ്ക്ക് പുറത്തെ ബേബിമോൾമാർ കൂടി സൂപ്പറാവട്ടെ.

Pronuclear transfer (PNT) is a technique used in assisted reproductive technology to prevent the transmission of mitochondrial DNA (mtDNA) diseases from mother to child

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT