പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന കവചമാണ് ഇനാമൽ. നമ്മൾ ദിവസവും പലതരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. അതിൽ അസിഡിക് ഭക്ഷണങ്ങൾ ഉണ്ടാവാം, അവയിൽ നിന്ന് പല്ലുകളെ സംരക്ഷിച്ചു നിർത്തേണ്ട ധർമം ഇനാമലുകൾക്കാണ്.
അതുപോലെ ബാക്ടീരിയ ആക്രമണത്തിൽ നിന്നും താപനില വ്യതിയാനങ്ങൾ ബാധിക്കാതെയും ചവയ്ക്കുന്നതിലൂടെയും പൊടിക്കുന്നതിലൂടെയും ഉണ്ടാകുന്ന സമ്മർദം ആഗിരണം ചെയുതുമൊക്കെ ഇനാമൽ നമ്മുടെ പല്ലുകളെ സദാസമയം പൊതിഞ്ഞ് സൂക്ഷിക്കുന്നു.
എന്നാൽ ഇനാമലുകളിൽ ജീവനുള്ള കോശങ്ങൾ ഇല്ലാത്തതിനാൽ, അവയ്ക്ക് കേടുപാട് സംഭവിച്ചാൽ സ്വയം നന്നാക്കാനോ പുനഃസ്ഥാപിക്കാനോ കഴിയില്ലെന്നതാണ് മറ്റൊരു സവിശേഷത. അതായത്, ഇനാമൽ ഒരിക്കല്ർ നഷ്ടപ്പെട്ടാൽ അവയെ വീണ്ടും പുനഃസ്ഥാപിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ദന്തസംരക്ഷണത്തിൽ ഇനാമലുകളുടെ ആരോഗ്യം പരമപ്രധാനമാണ്.
ഭക്ഷണം കഴിക്കുമ്പോൾ
ആരോഗ്യ സംരക്ഷണത്തെക്കാൾ, രുചി ആലോചിച്ചാണ് നമ്മൾ ഭക്ഷണം തിരഞ്ഞെടുക്കാറ്. നമ്മുടെ ഈ ശീലം അറിഞ്ഞോ അറിയാതെയോ ഇനാമലുകളെ നശിപ്പിക്കുന്നതാണ്. പെട്ടെന്ന് ഒരു ദിവസം കൊണ്ടല്ല ഇനാമലുകളുടെ നാശം സംഭവിക്കുന്നത്. അത് ക്രമേണയാണ്. അതുകൊണ്ട് തന്നെ, കണ്ടെത്താനും പ്രയാസമാണ്.
അസിഡിറ്റി അളക്കുന്നത് pH അളവു പരിശോധിച്ചു കൊണ്ടാണ്, pH അളവു 7-ൽ താഴെയാണെങ്കിൽ അവയ്ക്ക് അസിഡിക് സ്വഭാവമുള്ളതായി കണക്കാക്കപ്പെടുന്നു, pH കുറയുന്തോറും ആസിഡ് കാഠിന്യമുള്ളതാകുന്നു. കോളയിലും പായ്ക്ക് ചെയ്ത മധുര പാനീയങ്ങളിലും മാത്രമല്ല, രാവിലെ തുടങ്ങുന്ന ചായ മുതൽ ഓറഞ്ച്, തക്കാളി, വിനാഗിരി, സരസഫലങ്ങൾ, ചില ചട്ണികൾ എന്നിവപോലുള്ള പല ഭക്ഷണങ്ങളിലും അസിഡിറ്റി ഉണ്ട്.
നാരങ്ങാനീരിന്റെ pH ഏകദേശം രണ്ട് ആണ്. ഓറഞ്ച് നീര് മൂന്നിനും നാലിനും ഇടയിലാണ്. സാമ്പാർ പോലുള്ള തക്കാളിയിടുന്ന വിഭവങ്ങൾക്കും അസിഡിറ്റി ഉണ്ടാകാം. ഈ ആസിഡുകൾ പല്ലുകളെ തൊടുമ്പോൾ അവ ഇനാമലിനെ താൽക്കാലികമായി മൃദുവാക്കുന്നു.
പലരും ശുചിത്വത്തിന്റെ ഭാഗമായി ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലുകൾ തേയ്ക്കും. അത് മൃദുവായ പാളിയെ കൂടുതൽ തകർക്കാൻ കാരണമാകും. കാലക്രമേണ ഇനാമലിന്റെ കനം കുറയുകയും ചെയ്യുന്നു.
ഇത് പല്ലുകളെ കൂടുതൽ സെൻസിറ്റീവ് ആക്കുകയും സ്വാഭാവിക നിറം നഷ്ടമായി, പല്ലുകൾ മഞ്ഞ നിറത്തിലേക്ക് എത്തുകയും ചെയ്യുന്നു.
പല്ലുകളുടെ തിളക്കം നഷ്ടപ്പെടൽ.
പല്ലുകൾ പൊട്ടിപ്പോവുക.
ചൂടുള്ളതോ തണുത്തതോ മധുരമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വേദന.
ഭക്ഷണക്രമം
ചീസ്, പാൽ, വെള്ളരിക്ക പോലുള്ള അസിഡിറ്റി കുറഞ്ഞ ഭക്ഷണങ്ങൾ ശീലിക്കാം. പാലുൽപ്പന്നങ്ങൾ വായയുടെ pH സന്തുലിതമാക്കാൻ സഹായിക്കുകയും ഇനാമലിനെ ശക്തിപ്പെടുത്താൻ കാൽസ്യം നൽകുകയും ചെയ്യുന്നു.
ഇനാമലിന്റെ ആരോഗ്യത്തിന് സ്വാഭാവികമായി സഹായിക്കുന്ന തൈര്, പനീർ, ഇലക്കറികൾ തുടങ്ങിയ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
സോഡകൾ, നാരങ്ങാവെള്ളം, ഐസ്ഡ് ടീ അല്ലെങ്കിൽ മറ്റ് അസിഡിറ്റി ഉള്ള പാനീയങ്ങൾ കുടിക്കുമ്പോൾ പല്ലുകളുമായുള്ള സമ്പർക്കം കുറയ്ക്കാൻ സ്ട്രോ ഉപയോഗിക്കുക.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വായിലെ ആസിഡുകൾ കഴുകിക്കളയുകയും വായയുടെ സ്വാഭാവിക പ്രതിരോധ സംവിധാനമായ ഉമിനീർ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വായയുടെ ശുചിത്വം പാലിക്കുക.
ഇനാമൽ തേയ്മാനത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ പതിവ് പരിശോധന നടത്തുക.
ഇനാമൽ വീണ്ടെടുക്കാൻ സമയം നൽകുന്നതിന് ഭക്ഷണത്തിനിടയിൽ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുക.
ഓരോ ഭക്ഷണത്തിനു ശേഷവും വായ കഴുകുക, ഉടനെ ബ്രഷ് ചെയ്യരുത്.
ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുക, രാവിലെ ഒരു തവണയും ഉറങ്ങുന്നതിന് മുമ്പും ഒരു തവണ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates