Waking Up Before Alarm Pinterest
Health

അലാറം അടിക്കുന്നതിന് മുൻപേ ഉറക്കമുണരും, ശരീരം എങ്ങനെ സമയം തിരിച്ചറിയുന്നു? പിന്നിലെ ശാസ്ത്രം ഇതാണ്

അലാറം വെക്കാതെ തന്നെ ചില ദിവസങ്ങളിൽ കൃത്യസമയത്ത് ഉറക്കമുണരുന്നതും നമ്മളിൽ പലരും അനുഭവിച്ചിട്ടുണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാവിലെ ഉറങ്ങിപ്പോകാതെ കൃത്യസമയത്ത് എഴുന്നേൽക്കാൻ തലേന്ന് തന്നെ അലാറം സെറ്റ് ചെയ്യുന്ന രീതി മിക്കവാറും ആളുകൾക്ക് പതിവുള്ളതാണ്. എന്നാൽ അലാറം അടിക്കുന്നതു വരെ കാത്തുനിൽക്കാതെ കണ്ണുകൾ താനേ തുറക്കും. സമയം നോക്കിയാലോ അലാറം അടിക്കാൻ ഇനി രണ്ടോ മൂന്നോ മിനിറ്റുകൾ മാത്രമായിരിക്കും ബാക്കി! ഇതെങ്ങനെ സംഭവിക്കുന്നു? അലാറം വെക്കാതെ തന്നെ ചില ദിവസങ്ങളിൽ കൃത്യസമയത്ത് ഉറക്കമുണരുന്നതും നമ്മളിൽ പലരും അനുഭവിച്ചിട്ടുണ്ടാകും.

ശരീരം ഇതെങ്ങനെ തിരിച്ചറിയുന്നു? അതോ ഉറക്കത്തിനിടയിലും അലാറം അടിക്കുന്ന സമയം തലച്ചോർ കൃത്യമായി കണക്കുകൂട്ടുന്നുണ്ടോ? ശാസ്ത്രം പറയുന്നത്, അലാറത്തിന്റെ മണിമുഴക്കമില്ലാതെ പ്രവർത്തിക്കുന്ന ഒരു ആന്തരിക ഘടികാരം നമ്മുടെ ശരീരത്തിലുണ്ടെന്നാണ്. നമ്മൾ എത്ര ആഴത്തിൽ ഉറങ്ങിയാലും, ഉറങ്ങാതെ സമയത്തെ അത് ട്രാക്ക് ചെയ്യുന്നു.

നമ്മൾ സ്വാഭാവികമായി ഉണരുന്നതിന് ശരീരത്തെ തലച്ചോർ സജ്ജമാക്കുകയാണ് ചെയ്യുന്നത്. ശരീരതാപനില ഉയർത്തുകയും ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്നു. ഉറക്കത്തെ നേർപ്പിച്ച് സ്വാഭാവികമായി ഉണരാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

നമ്മുടെ തലച്ചോർ, ശരീരം ഉണരാനുള്ള കൃത്യമായ സമയം എണ്ണിത്തിട്ടപ്പെടുത്തുകയല്ല ചെയ്യുന്നത്, മറിച്ച് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഉണരാൻ ശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. തലച്ചോർ സമയം കണക്കാക്കുന്ന ഈ പ്രക്രിയയെ 'സർക്കാഡിയൻ ആന്റിസിപ്പേഷൻ' (circadian anticipation) എന്നാണ് വിശേഷിപ്പിക്കുന്നത്.

തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്തുള്ള സുപ്രാകിയാസ്മാറ്റിക് ന്യൂക്ലിയസ് (SCN) ആണ് ഈ ജൈവഘടികാരത്തിൻ്റെ പ്രധാന നിയന്ത്രണകേന്ദ്രം. പകലും രാത്രിയും മാറുന്നതിനനുസരിച്ച് ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ ഇത് സഹായിക്കുന്നു. പുറത്തെ വെളിച്ചവും ഇരുട്ടും ഈ ഘടികാരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. രാത്രിയാകുമ്പോൾ ഉറക്കത്തെ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർധിക്കുന്നു. രാവിലെ വെളിച്ചം എത്തുന്നതോടെ മെലറ്റോണിന്റെ അളവ് കുറയുകയും ശരീരം ഉണരാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്യുന്നു.

അലാറം അടിക്കുന്നതിന് മുൻപേ കണ്ണുതുറക്കുന്നത് എങ്ങനെ?

എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരാളുടെ ശരീരം ആ സമയക്രമവുമായി പതുക്കെ പൊരുത്തപ്പെടും. പതിവായി രാവിലെ ആറു മണിക്ക് എഴുന്നേൽക്കുന്ന ഒരാളുടെ ശരീരത്തിന് ആ സമയം പരിചിതമാകും.

അലാറം അടിക്കുന്നതിന് മുൻപുള്ള സമയത്ത് തന്നെ ശരീരത്തിൽ ചില ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. ഉണരാൻ സഹായിക്കുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് രാവിലെ സ്വാഭാവികമായി വർധിക്കാൻ തുടങ്ങും. ഇതിനെ കോർട്ടിസോൾ അവേക്കനിങ് റെസ്പോൺസ് (Cortisol Awakening Response) എന്ന് വിളിക്കുന്നു. ഉറക്കത്തിൽ നിന്ന് ഉണർന്നതിന് ശേഷമുള്ള ആദ്യ 30 മുതൽ 45 മിനിറ്റിനുള്ളിൽ കോർട്ടിസോളിന്റെ അളവിൽ കൂടുതൽ വർധനവുണ്ടാകാം.

ഇതോടൊപ്പം ശരീരതാപനിലയിലും മാറ്റങ്ങളുണ്ടാകുന്നു. ഉറക്കത്തിന്റെ അവസാന ഘട്ടങ്ങളിൽ ശരീരം പതുക്കെ ഉണരാനുള്ള അവസ്ഥയിലേക്ക് മാറുന്നു. അതുകൊണ്ടു തന്നെ പതിവായി ഉണരുന്ന സമയത്തിന് തൊട്ടുമുൻപേ കണ്ണുതുറക്കാൻ ചിലർക്ക് സാധിക്കുന്നു.

പതിവ് സമയക്രമം പ്രധാനമാണ്

എല്ലാ ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരെ അപേക്ഷിച്ച് കൃത്യമായ ഉറക്കസമയവും ഉണരുന്ന സമയവും പാലിക്കുന്നവരിൽ ജൈവഘടികാരം കൂടുതൽ ക്രമീകരിക്കപ്പെട്ടിരിക്കും. അതുകൊണ്ട് അലാറം അടിക്കുന്നതിന് മുൻപു തന്നെ സ്വാഭാവികമായി ഉറക്കമുണരാനുള്ള സാധ്യതയും കൂടുതലാണ്.

രാവിലെ ലഭിക്കുന്ന പ്രകൃതിദത്ത വെളിച്ചവും ഈ സമയക്രമം ക്രമീകരിക്കാൻ സഹായിക്കുന്നു. അതേസമയം, രാത്രിയിൽ വൈകി ഉറങ്ങുക, ഉറക്കസമയം ഇടയ്ക്കിടെ മാറ്റുക, ഉറക്കക്കുറവ് എന്നിവ ജൈവഘടികാരത്തിന്റെ താളം തെറ്റിച്ചേക്കാം.

അലാറത്തിന് മുൻപേ ഉണരുന്നത് നല്ല ലക്ഷണമാണോ?

അലാറം അടിക്കുന്നതിന് ഏതാനും മിനിറ്റുകൾ മുൻപ് കണ്ണുതുറക്കുകയും ഉണർന്നപ്പോൾ നല്ല ഉന്മേഷം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ശരീരത്തിന്റെ ഉറക്ക-ഉണർവ് ക്രമം പതിവുമായി പൊരുത്തപ്പെട്ടതിന്റെ സൂചനയായിരിക്കാം. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണരുകയും പിന്നീട് ഉറങ്ങാൻ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം നല്ല ഉറക്കത്തിന്റെ അടയാളമാണെന്ന് പറയാനാവില്ല.

അലാറം അടിക്കുന്നതിന് ഏറെ നേരം മുൻപേ ഉണരുക, വീണ്ടും ഉറങ്ങാൻ കഴിയാതിരിക്കുക, പകൽ മുഴുവൻ ക്ഷീണം അനുഭവപ്പെടുക തുടങ്ങിയവ പതിവാണെങ്കിൽ ഉറക്കത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ട്.

ജൈവഘടികാരം ക്രമീകരിക്കാൻ എന്തുചെയ്യണം?

  • എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.

  • രാവിലെ എഴുന്നേറ്റാൽ കുറച്ചുസമയം പ്രകൃതിദത്ത വെളിച്ചം ഏൽക്കുക.

  • ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോൺ, ടിവി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.

  • വൈകുന്നേരങ്ങളിൽ കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.

  • ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

  • വാരാന്ത്യങ്ങളിലും ഉറക്കസമയത്തിൽ വലിയ മാറ്റങ്ങൾ വരുത്താതിരിക്കുക.

Waking Up Minutes Before Your Alarm? Your Body Clock May Be the Reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു

വധശ്രമക്കേസ് പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസുകാരന്റെ ഉല്ലാസയാത്ര; പരാതി നൽകി യൂത്ത് കോൺഗ്രസ്

'വിട്ടുവീഴ്ചകൾക്ക് വഴങ്ങുന്ന പ്രധാനമന്ത്രി': മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; തിരിച്ചടിച്ച് ബിജെപി

'സത്യം അറിയണം'... പന്ത് ചുരണ്ടലില്‍ 'കണ്ണുരുട്ടി' ഓസ്‌ട്രേലിയ സര്‍ക്കാര്‍!