

സിഡ്‌നി: 2018ല്‍ അരങ്ങേറിയ കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദം (സാന്‍ഡ്‌പേപ്പര്‍ ഗേറ്റ്) പുതിയ തലങ്ങളിലേക്കാണ് ഓരോ ദിവസം പോകുന്നത്. വിവാദം വലിയ രീതിയില്‍ വീണ്ടും പടരുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ അന്വേഷണ സമിതിയെ വച്ചിട്ടുണ്ട്. ഈ സമിതിയുടെ പ്രവര്‍ത്തനം സത്യസന്ധവും സുതാര്യവും സ്വതന്ത്രവും ആയിരിക്കണമെന്നു ഇപ്പോള്‍ ഓസ്‌ട്രേലിയ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നിര്‍ദ്ദേശം നല്‍കി.
ക്രിക്കറ്റിലെ സത്യസന്ധത കൊച്ചു കുട്ടിക്കു പോലും പ്രധാനപ്പെട്ടതാണ്. അതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം കഴിയുന്നത്ര തുറന്നതും സ്വതന്ത്രവുമായി നടക്കണം എന്നാണ് ഓസ്‌ട്രേലിയന്‍ ജനത ആഗ്രഹിക്കുന്നതെന്നും കായിക മന്ത്രി അനിക വെല്‍സിന്റെ അടുത്ത വക്താവ് വ്യക്തമാക്കി.
8 വര്‍ഷം മുന്‍പ്, 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പോരാട്ടം ജയിക്കാന്‍ പന്തില്‍ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് കൃത്രിമത്വം വരുത്തിയതാണ് പന്ത് ചുരണ്ടല്‍ വിവാദം. മൂന്ന് താരങ്ങള്‍ക്ക് ശിക്ഷ കിട്ടിയ വിവാദം വീണ്ടും ചര്‍ച്ചയാക്കിയത് ഉസ്മാന്‍ ഖവാജ ആത്മകഥ പുസ്തകമായി ഇറക്കിയതോടെയാണ്. അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബ്രാന്‍ക്രോഫ്റ്റ് എന്നിവരാണ് സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട താരങ്ങള്‍. എന്നാല്‍ ടീമിലെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് ഖവാജ തന്റെ ആത്മകഥയില്‍ പറയുന്നത്.
പിന്നാലെ കഴിഞ്ഞ ദിവസം ബാന്‍ക്രോഫ്റ്റ് ഒരു പത്രത്തിലെഴുതിയ ലേഖനത്തില്‍ സ്മിത്തിനു ഒരു പങ്കുമില്ലെന്നു പറഞ്ഞത് കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. സ്മിത്ത് ഇക്കാര്യത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണ് ശ്രമിച്ചതെന്നും ബൗളര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് പന്ത് ചുരണ്ടല്‍ അറിയമായിരുന്നു എന്നും വെളിപ്പെടുത്തിയതോടെ നിലവിലെ ഓസീസ് നായകന്‍ കൂടിയായ കമ്മിന്‍സ് അടക്കമുള്ളവര്‍ ഇപ്പോള്‍ വെട്ടിലായ അവസ്ഥയാണ്.
അതിനിടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇനി അന്വേഷണം ഇല്ലെന്ന നിലപാടുമായി നിന്നതില്‍ നിന്നു മാറി സമിതിയെ നിയമിച്ചത്. താരങ്ങള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനായി ഒരു സ്വതന്ത്ര ഫോറം രൂപീകരിക്കുമെന്നു കഴിഞ്ഞ ദിവസം അവര്‍ വ്യക്തമാക്കി. സമിതിയുടെ കണ്ടെത്തല്‍ പരസ്യപ്പെടുത്തില്ലെന്നും പുതിയ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും ബോര്‍ഡ് പറഞ്ഞു. എന്നാല്‍ അവരുടെ ഈ നിലപാട് വിമര്‍ശനത്തിന് ഇടയാക്കി.
മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, ഖവാജ, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഈ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. എത്ര പേര്‍ക്ക് ഇതില്‍ പങ്കുണ്ടായിരുന്നു എന്ന കാര്യത്തില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നു ക്ലാര്‍ക്ക് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates