വേനൽക്കാലത്ത് സംഭാരത്തിന് ഡിമാൻഡ് കൂടുതലായിരിക്കും. ശരീരം ഉള്ളിൽ നിന്ന് തണുപ്പിക്കാനും വേനൽച്ചൂടിനെ മറികടക്കാനും ഇത് സഹായകരമാണ്. പ്രോബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായതിനാൽ കുടലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. എന്നാൽ എല്ലാവർക്ക് മോരുംവെള്ളം കുടിക്കാൻ കഴിയില്ലതാനും.
വൃക്കസംബന്ധ രോഗങ്ങൾ
വൃക്കസംബന്ധ രോഗങ്ങളുള്ളവർ മോരുംവെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കണം. മോരിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പൊട്ടാസ്യവും സോഡിയവും വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. വൃക്കകൾക്ക് ഈ ഘടകങ്ങളെ കൃത്യമായി അരിച്ചെടുക്കാൻ സാധിക്കാതെ വരുമ്പോൾ അത് ശരീരത്തിൽ അടിഞ്ഞുകൂടുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
പ്രത്യേകിച്ചും ഡയാലിസിസ് ചെയ്യുന്നവരോ അല്ലെങ്കിൽ ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവരോ മോരുംവെള്ളം കുടിക്കുന്നത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കണം. ശരീരത്തിലെ ദ്രാവക നില നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് അധികഭാരമാകും.
സന്ധിവേദന
സന്ധിവേദന അല്ലെങ്കിൽ ആർത്രൈറ്റിസ് പ്രശ്നങ്ങളുള്ളവർക്കും മോരുംവെള്ളം അത്ര നല്ലതല്ല. മോര് തൈരിൽ നിന്ന് നിർമ്മിക്കുന്നതാണ്. തൈരിന് സ്വാഭാവികമായും പുളിയും തണുപ്പും ഉണ്ട്. ഇത് സന്ധികളിലെ വീക്കം വർധിപ്പിക്കാൻ കാരണമായേക്കാം. പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിലോ രാത്രിയിലോ മോര് കഴിക്കുന്നത് സന്ധികളിൽ കടുത്ത വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും. യൂറിക് ആസിഡ് കൂടുതലുള്ളവർക്കും മോര് അമിതമാകുന്നത് ദോഷകരമാണ്. വാതസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് മോര് കഴിക്കുന്നത് പേശികളിലെ മുറുക്കം വർധിപ്പിക്കാനും സാധ്യതയുണ്ട്.
ശ്വാസനസംബന്ധ രോഗങ്ങൾ
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ, ജലദോഷം, ചുമ, സൈനസൈറ്റിസ് എന്നിവയുള്ളവർ സംഭാരം കുടിക്കുമ്പോൾ ശ്രദ്ധിക്കണം. മോരിന് സ്വാഭാവികമായും ശരീരം തണുപ്പിക്കാനുള്ള കഴിവുണ്ട്. ആയുർവേദ പ്രകാരം ഇത് കഫം വർധിപ്പിക്കാൻ കാരണമാകും.
ശ്വാസകോശത്തിലെ കഫക്കെട്ട് വർധിപ്പിക്കാനും ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾ വഷളാക്കാനും മോര് കുടിക്കുന്നത് കാരണമായേക്കാം. രാത്രിയിൽ മോര് കഴിക്കുന്നത് ഇത്തരം ആളുകളിൽ അലർജിയും കഫശല്യവും കൂട്ടാൻ സാധ്യതയുണ്ട്. അതിനാൽ പനിയോ ജലദോഷമോ ഉള്ളപ്പോൾ മോര് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഈ പ്രശ്നം കണ്ടുവരാറുണ്ട്.
ലാക്ടോസ് ഇൻടോറൻസ്
മറ്റൊന്ന് ലാക്ടോസ് ഇൻടോറൻസുള്ളവരാണ്. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് പാലുൽപ്പന്നങ്ങൾ ദഹിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് എന്ന പഞ്ചസാരയെ വിഘടിപ്പിക്കാൻ ഇവർക്ക് സാധിക്കില്ല. പാൽ തൈരായി മാറുന്ന പ്രക്രിയയിൽ ലാക്ടോസിന്റെ അളവ് കുറയുമെങ്കിലും, തീവ്രമായ ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് മോര് കുടിക്കുന്നത് വയറിളക്കം, ഗ്യാസ്, വയറുവേദന എന്നിവയുണ്ടാക്കാൻ കാരണമാകും. ഇത്തരം അസ്വസ്ഥതകൾ സ്ഥിരമായി അനുഭവപ്പെടുന്നവർ മോരുംവെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. പകരം ലാക്ടോസ് രഹിതമായ പാനീയങ്ങൾ ഇവർക്ക് തിരഞ്ഞെടുക്കാം.
രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ
രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവരും ഹൃദ്രോഗികളും മോരിൽ ചേർക്കുന്ന ഉപ്പിന്റെ അളവ് ശ്രദ്ധിക്കണം. ഉപ്പ് ചേർക്കാതെ മോര് കുടിക്കുന്നത് അത്ര ഇഷ്ടമില്ലാത്തതിനാൽ മിക്കവരും ധാരാളം ഉപ്പ് അതിൽ ചേർക്കാറുണ്ട്. ഉപ്പ് ചേർത്ത മോരുംവെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർധിപ്പിക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യും.
ഇത് ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണ്. ഹൈപ്പർ ടെൻഷൻ ഉള്ളവർക്ക് ഇത് സ്ട്രോക്ക് പോലുള്ള അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ ഉപ്പ് കുറച്ച് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ ഉപ്പിന് പകരം ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയുടെ അളവ് കൂട്ടി രുചി വർധിപ്പിക്കാം.
സംഭാരം തയ്യാറാക്കുമ്പോൾ ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുന്നത് ദഹനത്തിന് നല്ലതാണ്. എന്നാൽ അത് കുടിക്കുന്ന സമയം വളരെ പ്രധാനമാണ്. വെറും വയറ്റിൽ അമിതമായി പുളിയുള്ള മോര് കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമായേക്കാം. പകൽ സമയത്ത് ഉച്ചഭക്ഷണത്തിന് ഒപ്പം മോര് കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാത്രിയിൽ മോര് കഴിക്കുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates