സുഖപ്രസവം എന്ന് പറഞ്ഞാലും വളരെയേറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് പ്രസവം. ശാസ്ത്ര സാങ്കേതി വിദ്യയുടെ പുരോഗതി ഈ മേഖലയില്‍ ശക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നും ആശുപത്രിയില്‍ പ്രസവിക്കുന്നതിന് വിമുഖത കാണുക്കുന്നവര്‍ ചുരുക്കമല്ലെന്നതിന്‍റെ ഒടുവിലത്തെ ഉദ്ദാഹരണമാണ് മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ നടത്തിയ പ്രവസത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം. ആശുപത്രിയില്‍ പ്രസവം നടത്തുന്നത് ഭര്‍ത്താവ് എതിര്‍ത്തോടെയാണ് പ്രസവം വീട്ടിലാക്കിയത്. പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തില്‍ മരിച്ചത്.
ആരോഗ്യവകുപ്പ് ഇതിനെതിരേ ബോധവത്കരണങ്ങളും ഫീൽഡ് പ്രവർത്തനങ്ങളും നടത്തിയിട്ടും രഹസ്യമായും പരസ്യമായും സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളില്‍ വീട്ടുപ്രസവങ്ങൾ തുടരുന്നു. സമാന്തര ചികിത്സാസംഘങ്ങളും ചില സാമുദായിക സംഘടനകളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്ത്രീക്ക് താത്പര്യമില്ലാഞ്ഞിട്ടും നിർബന്ധിച്ച് വീട്ടിൽ പ്രസവിപ്പിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരം സമാന്തര ചികിത്സാരീതികളെ പ്രോത്സഹിപ്പിക്കുന്ന സംഘടനകളും സോഷ്യല്‍മീഡിയ ഗ്രൂപ്പുകളും വ്യാപകമാകുന്നത് ആശങ്കയോടെയാണ് കേരളം നോക്കിക്കാണുന്നത്.
മനുഷ്യശരീരവും പ്രസവവും
വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്നവര്‍ പറയുന്ന ഒരു പ്രധാന കാര്യം മറ്റ് ജീവികള്‍ ഇത്തരം സാങ്കേതിക വിദ്യയുടെ സഹായത്തോടെയല്ല പ്രസവിക്കുന്നത്, പിന്നെ മനുഷ്യന് മാത്രം എന്താണ് പ്രത്യേകത. മനുഷ്യ പരിണാമം ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
മറ്റ് ജീവികളെ സംബന്ധിച്ച് മനുഷ്യന്റെ ഇടുപ്പെല്ല് ചെറുതാണ്. നാല് കാലില്‍ നിന്ന് രണ്ട് കാലുകളില്‍ മനുഷ്യന്‍ നടക്കാന്‍ തടങ്ങിയപ്പോള്‍ വലിയ ഇടുപ്പു കൊണ്ട് ഓടാനോ നടക്കാനോ പ്രയാസമായി വന്നു. പിന്നീട് പരിണാമത്തിലൂടെ ഇടുപ്പെല്ല് ചെറുതി. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയുടെ വലിപ്പത്തില്‍ മാറ്റമുണ്ടായില്ല. അതാണ് സുഖപ്രസവം പോലും ഇത്രയധികം വേദനജനകമാകാനുള്ള കാരണം. ഇത് പ്രസവത്തിലെ സങ്കീര്‍ണത വര്‍ധിപ്പിക്കും. ഒപ്‌സ്റ്റെട്രിക്കല്‍ ഡെലിമ എന്നാണ് ഇതിനെ പറയുന്നതെന്ന് തിരുവനന്തപുരം, എസ് യു ടി ഹോസ്പിറ്റല്‍, ന്യൂറോസര്‍ജന്‍ ഡോ. മനോജ് വെള്ളനാട് പറയുന്നു.
പൊക്കം കുറവുള്ള സ്ത്രീകളില്‍ ഇടുപ്പെല്ലിന്‍റെ വലിപ്പം സാധാരണയിലും കുറയാം. എന്നാല്‍ അവരുടെ വയറ്റിനകത്തുള്ള കുട്ടിയുടെ തല ചെറുതാകണമെന്നില്ല. ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു. അങ്ങനുള്ള സാഹചര്യങ്ങളില്‍ നോര്‍മല്‍ പ്രസവം വളരെ അപകടമാണ്.
വീട്ടു പ്രസവത്തിലെ സങ്കീര്‍ണതകള്‍
പണ്ട് വീടുകളില്‍ പ്രസവം നടത്തിയിരുന്ന കാലത്ത് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി കിട്ടുക എന്നത് വലിയകാര്യമാണ്. മുന്‍പ് ഒരു സ്ത്രീ പത്തും പന്ത്രണ്ടും കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. അതില്‍ ചില കുഞ്ഞങ്ങള്‍ മൂന്നും നാലും വര്‍ഷങ്ങള്‍ മാത്രമാണ് അതിജീവിക്കുക. അതിന്റെ ഒരു പ്രധാന കാരണം പ്രസവ സമയത്തുണ്ടാകുന്ന പരിക്കുകളാണ്. ജനന സമയത്ത് മതിയായ ഓക്‌സിജന്‍ തലച്ചോറിലേക്ക് കിട്ടാത്ത സാഹചര്യങ്ങളില്‍ കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകാം. മാത്രമല്ല, പ്രസവത്തിന്റെ അവസാന ഘട്ടത്തില്‍ എന്തൊക്കെ സങ്കീര്‍ണതകള്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. പ്രസവ സമയത്ത് അമ്മയ്ക്ക് അമിത രക്തസ്രാവമുണ്ടാകാം.
അമ്‌നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം
അമ്മയുടെ ശരീരത്തെ സംബന്ധിച്ച് കുഞ്ഞ് ഒരു ഫോറില്‍ ബോഡിയാണ്. അമ്‌നിയോട്ടിക് ഫ്ലൂയിഡില്‍ ആണ് കുഞ്ഞു കിടക്കുന്നത്. അമ്മയുടെ രക്തവുമായി കലരാത്ത തരത്തിലാണ് അമ്‌നിയോട്ടിക് ഫ്ലൂയിഡ് അമ്മയുടെ ശരീരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ അമ്മയുടെ രക്തത്തിലേക്ക് ഇത് കലര്‍ന്നാല്‍ ശ്വാസകോശം, ഹൃദയം എന്നിവടങ്ങളിലേക്കുള്ള രക്തക്കുഴലുകളില്‍ തടസമുണ്ടാക്കാം. ഇത് അമ്മയില്‍ ശ്വാസതടസം, സ്‌ട്രോക്ക് പോലുള്ള അവസ്ഥയുണ്ടായി, പെട്ടെന്നുള്ള മരണത്തിന് കാരണമാകും. മിക്ക പ്രസവങ്ങളിലും ഇത്തരം അപകട സാധ്യതകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കൃത്യസമയത്ത് അപകട സാധ്യത മനസിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ആശുപത്രികളിലെ പ്രസവം കുറച്ചു കൂടി സുരക്ഷിതമാണെന്ന് പറയുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന ബോധമില്ലാതെയാണ് ആളുകള്‍ വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നത്.
സമാന്തര ചികിത്സരീതികളും മതപരമായ വിശ്വാസങ്ങളും
അക്യുപങ്ചര്‍ പോലുള്ള സമാന്ത ചികിത്സരീതികള്‍ പിന്തുടരുന്നവരുടെ എണ്ണം ഇന്ന് കേരളത്തില്‍ വര്‍ധിച്ചു വരുന്നു. ഇത്തരം സമാന്തര ചികിത്സകളും കാര്യങ്ങളെ മതപരമായി കൂട്ടിക്കുഴച്ച് സാഹചര്യം കൂടുതല്‍ അപകടാവസ്ഥിയിലേക്ക് തള്ളിയിടുന്നു.
മോഡേണ്‍ മെഡിസിനോടുള്ള ഫോബിയ
മോഡേണ്‍ മെഡിസിന്‍ ചികിത്സാരീതിയോട് അകാരണമായ ഭയവും ഇത്തരം അപകട സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. ആശുപത്രിയില്‍ ചെയ്യുന്ന പല പരിശോധനകള്‍ക്കെതിരെയും ഒരു പ്രൊപ്പഗാണ്ട പോലെ പ്രവര്‍ത്തക്കുന്നവരുണ്ട്.
ജനിക്കുന്ന കുഞ്ഞ് കരയാന്‍ അഞ്ച് മിനിട്ട് വൈകിയാല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവു കുറഞ്ഞു പോകാന്‍ സാധ്യാതയുണ്ട്. കൃത്യമായ മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയെ അത് ബാധിക്കും. കൂടാതെ ജനിച്ച ഉടന്‍ കുഞ്ഞിന് നല്‍കേണ്ട ചില വാക്സിനുകളുണ്ട് അതെല്ലാം ഇവിടെ നിഷേധിക്കുകയാണ് ചെയ്യുന്നത്. മിനിട്ടുകളും സെക്കന്റുകളും ഒരാളുടെ വിധി നിര്‍ണയിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അല്ലാതെ മതപുസ്തകങ്ങളും ജാതകങ്ങളും നോക്കിയിട്ടല്ല.
ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം മലപ്പുറത്ത്
2023 മാർച്ച് മുതൽ 2024 മാർച്ച് വരെ കേരളത്തിൽ 523 വീട്ടുപ്രസവങ്ങളാണുണ്ടായത്. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ മാത്രം 200 വീട്ടുപ്രസവങ്ങൾ. 2015 മുതല്‍ 2024 ജനുവരി വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത് മലപ്പുറത്താണ്. 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് മലപ്പുറത്ത് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത്. 266 പ്രസവങ്ങളാണ് ഇത്തരത്തില്‍ ജില്ലയില്‍ നടന്നത്.
2015 മുതലുള്ള മലപ്പുറത്തെ വീട്ടുപ്രസവത്തിന്റെ കണക്കുകള്‍ ഇങ്ങനെയാണ്, 2015 മുതല്‍ 2016 വരെ- 186, 2016 മുതല്‍ 2017വരെ- 203, 2017മുതല്‍ 2018വരെ- 193, 2018 മുതല്‍ 2019 വരെ- 250, 2019 മുതല്‍ 2020 വരെ-199, 2020 മുതല്‍ 2021 വരെ- 257, 2022 മുതല്‍ 23 വരെ- 266, 2024 മുതല്‍ 2025 ജനുവരി വരെ 155 എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് ആകെ 2019 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ വീട്ടു പ്രസവം നടന്നത് 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ്.
2020 മുതല്‍ 2024 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. 9 നവജാത ശിശുക്കളാണ് മരിച്ചത്. എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ 2 വീതം കുട്ടികള്‍ മരിച്ചെങ്കില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോ കുട്ടികള്‍ മരിച്ചു. മലപ്പുറത്ത് 2024 ല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തൊട്ട് മുമ്പുള്ള രണ്ട് വര്‍ഷങ്ങളിലും 2 വീതം കുട്ടികള്‍ വീട്ടുപ്രസവത്തില്‍ മരിച്ചുവെന്നാണ് കണക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates