World First Aid Day .
Health

ജീവൻ രക്ഷിക്കാൻ ഡോക്ടർ ആകണമെന്നില്ല, പ്രഥമശുശ്രൂഷ പഠിച്ചിരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം | World First Aid Day

പ്രഥമശുശ്രൂഷ ഒരു ജീവൻ രക്ഷിക്കുന്നതിനോ, ഒരു പരിക്കിന്റെ തീവ്രത കുറയ്ക്കുന്നതിനോ, അല്ലെങ്കിൽ ഒരു രോഗിയുടെ അവസ്ഥ കൂടുതൽ വഷളാകാതെ സംരക്ഷിക്കുന്നതിനോ സഹായിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മ്മുടെ ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം മറ്റൊരാളുടെ ജീവൻ രക്ഷിക്കാന്‍ കഴിയുക എന്നതാണ്. ഒരു അപകടം നടന്ന ശേഷം, ആംബുലൻസ് എത്താൻ കാത്തുനിൽക്കുന്ന ആ നിർണായക നിമിഷങ്ങളിൽ, ഒരുപക്ഷെ ഒരു ജീവൻ തിരിച്ചുപിടിക്കാൻ സാധിക്കുക സാധാരണക്കാരനായ നിങ്ങളെ കൊണ്ടാകും. പ്രഥമശുശ്രൂഷ (First Aid) എന്നത് ഏതെങ്കിലും പ്രത്യേക പരിശീലനം നേടിയവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

എങ്കിൽ അത് തെറ്റാണ്. ഒരു മുറിവ് എങ്ങനെ വൃത്തിയാക്കണം, ഒരാൾക്ക് ബോധം നഷ്ടപ്പെട്ടാൽ എന്തുചെയ്യണം, സിപിആർ എങ്ങനെ കൊടുക്കണം അല്ലെങ്കിൽ ഒരു പൊള്ളൽ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ ലളിതമായ അറിവുകൾ പോലും ഒരാളുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്പെടും.

ലോക പ്രഥമശുശ്രൂഷാ ദിനം ആചരിക്കുമ്പോൾ, നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, ഈ അറിവ് കേവലം ഒരു പാഠപുസ്തകത്തിൽ ഒതുങ്ങേണ്ട ഒന്നല്ല എന്നതാണ്. അത് നമ്മുടെ സമൂഹത്തെ കൂടുതൽ സുരക്ഷിതമാക്കാൻ നമ്മൾ ഓരോരുത്തരും സ്വയം തീരുമാനിക്കണം. ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയും എന്ന ആത്മവിശ്വാസം നൽകുന്നതോടൊപ്പം, മറ്റൊരാളുടെ ജീവൻ നമ്മുടെ കൈകളിൽ സുരക്ഷിതമായിരിക്കുന്നു എന്ന തിരിച്ചറിവിലേക്കും ഈ ദിനം നമ്മെ നയിക്കുന്നു.

എന്താണ് പ്രഥമശുശ്രൂഷ?

പ്രഥമശുശ്രൂഷ ഒരു ജീവൻ രക്ഷിക്കുന്നതിനോ, ഒരു പരിക്കിന്റെ തീവ്രത കുറയ്ക്കുന്നതിനോ, അല്ലെങ്കിൽ ഒരു രോഗിയുടെ അവസ്ഥ കൂടുതൽ വഷളാകാതെ സംരക്ഷിക്കുന്നതിനോ സഹായിക്കുന്നു. ഈ ദിനത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കുക, എല്ലാവരെയും പ്രഥമശുശ്രൂഷ പഠിപ്പിക്കുക, അതിലൂടെ അപകടങ്ങളെ കൂടുതൽ കാര്യക്ഷമമായി നേരിടാൻ ഒരു സമൂഹത്തെ സജ്ജമാക്കുക എന്നതാണ്.

ഉദാഹരണത്തിന്, ഒരു മുറിവിൽ നിന്ന് രക്തം വരുന്നത് നിർത്താൻ ഒരു തുണികൊണ്ട് അമർത്തിപ്പിടിക്കുക, ബോധരഹിതനായ ഒരാൾക്ക് ശ്വാസം മുട്ടാതിരിക്കാൻ ഒരു പ്രത്യേക സ്ഥാനത്ത് കിടത്തുക തുടങ്ങിയ കാര്യങ്ങൾ പ്രഥമശുശ്രൂഷയിൽ ഉൾപ്പെടുന്നു.

പ്രഥമശുശ്രൂഷയുടെ പ്രാധാന്യം

നമ്മുടെ സമൂഹത്തിൽ പലപ്പോഴും പ്രഥമശുശ്രൂഷയെക്കുറിച്ച് ആളുകൾക്ക് വ്യക്തമായ ധാരണയില്ല. ഒരു അപകടം കണ്ടാൽ എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന് നിൽക്കുന്നവരാണ് അധികവും.

ജീവഹാനി തടയുന്നു: ഹൃദയാഘാതം, ശ്വാസംമുട്ടൽ, രക്തസ്രാവം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ശരിയായ പ്രഥമശുശ്രൂഷ നൽകുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും.

അവസ്ഥ വഷളാകുന്നത് തടയുന്നു: ഒരു അപകടത്തിൽ തലച്ചോറിനോ നട്ടെല്ലിനോ പരിക്കേറ്റ ഒരാളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെങ്കിൽ പരിക്ക് കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. പൊള്ളൽ, ഒടിവ് തുടങ്ങിയവയിൽ ശരിയായ പ്രഥമശുശ്രൂഷ നൽകുന്നത് അവസ്ഥ വഷളാകുന്നത് തടയുന്നു

പ്രഥമശുശ്രൂഷ പഠിക്കുന്ന ഒരാൾക്ക് അടിയന്തര ഘട്ടങ്ങളിൽ പരിഭ്രമിക്കാതെ ധൈര്യപൂർവ്വം ആ സാഹചര്യ നേരിടാൻ സാധിക്കും.

അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ

എമർജൻസി മെഡിസിൻ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന പ്രഥമശുശ്രൂഷാ തത്വങ്ങൾ ഞാൻ പങ്കുവയ്ക്കുന്നു.

ചെറിയ മുറിവുകൾ: മുറിവ് ശുദ്ധമായ വെള്ളത്തിൽ കഴുകി, അണുവിമുക്തമായ ഒരു തുണികൊണ്ട് അമർത്തിപ്പിടിച്ച് രക്തസ്രാവം നിർത്താൻ ശ്രമിക്കുക.

പൊള്ളലേറ്റാൽ: പൊള്ളലേറ്റ ഭാഗം നേരിയ തണുത്ത വെള്ളത്തിൽ കഴുകുക. ഐസ് നേരിട്ട് ഉപയോഗിക്കരുത്.

ഹൃദയാഘാതം: ഒരാൾ ബോധരഹിതനായാൽ പ്രതികരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, കൂടാതെ പൾസും ശ്വസനവും കൂടെ പരിശോധിക്കേണ്ടതാണ്. ഇല്ലെങ്കിൽ ഉടൻ തന്നെ സിപിആർ. (CPR - Cardiopulmonary Resuscitation) നൽകാൻ ശ്രമിക്കുക. ഉടൻ തന്നെ ആംബുലൻസിനെയോ ഹെൽപ്പ് ലൈൻ നമ്പറിനെയോ വിളിക്കുക.

അപസ്മാരം (Epilepsy): അപസ്മാരം ബാധിച്ച ഒരാളെ ഒരു വശത്തേക്ക് ചരിച്ച് കിടത്തുക. വായിൽ എന്തെങ്കിലും വെക്കാനോ, അനങ്ങാൻ സമ്മതിക്കാതെയോ പിടിക്കരുത്.

ഈ ദിനം ഓരോരുത്തർക്കും ഒരു ഓർമപ്പെടുത്തലാണ്. ഒരു ഡോക്ടറാകാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ പോലും, ഒരു ജീവൻ രക്ഷിക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കും. അത് ഒരുപക്ഷേ നിങ്ങളുടെ കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ, അല്ലെങ്കിൽ ഒരു അപരിചിതനോ ആകാം. പ്രഥമശുശ്രൂഷ പഠിക്കുക എന്നത് ഒരു സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ്.

തയ്യാറാക്കിയത്: ഡോ. ഇഹ്ജാസ്, എമർജൻസി മെഡിസിൻ, അപ്പോളോ അഡലക്സ് ഹോസ്പിറ്റൽ, അങ്കമാലി

World First Aid Day: what are the basic First Aid tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT