Health

മഴക്കാലം കൊതുകുകള്‍ക്ക് ആഘോഷകാലം; അറിയാം കൊതുകു ജന്യ രോ​ഗങ്ങൾ

മഴക്കാലം കൊതുകുകൾക്ക് അനുയോജ്യമായ പ്രജനന സാഹചര്യങ്ങൾ ഒരുക്കുകയും കൊതുകുജന്യ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്നൊരു ആശ്വാസമാണ് മഴ. എന്നാൽ മഴക്കാലം തുടങ്ങുന്നതോടെ രോ​ഗങ്ങൾ വഹിച്ചുകൊണ്ട് മൂളിപ്പാട്ടും പാടി കൊതുകുകൾ നമുക്ക് ചുറ്റും വലം വെച്ചു തുടങ്ങും. മഴക്കാലം കൊതുകുകൾക്ക് അനുയോജ്യമായ പ്രജനന സാഹചര്യങ്ങൾ ഒരുക്കുകയും കൊതുകുജന്യ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് ലോക കൊതുകു ദിനമാണ്.

മഴക്കാലത്ത് കൊതുകുകൾ പരത്തുന്ന രോ​ഗങ്ങളെ ശ്രദ്ധിക്കാം

ഡെങ്കിപ്പനി

മഴക്കാലമായാല്‍ വാര്‍ത്തകളില്‍ സ്ഥിരം നിറഞ്ഞു കേള്‍ക്കുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി ഇനത്തിൽ പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. പകല്‍ സമയങ്ങളിലാണ് ഇവയുടെ ശല്യമുണ്ടാവുക. തലവേദന, പേശികളിലും സന്ധികളിലും വേദന, ഉയർന്ന പനി, ഓക്കാനം, ക്ഷീണം, കഠിനമായ വയറുവേദന, ഛർദ്ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോ​ഗാവസ്ഥയാണ് ഡെങ്കിപ്പനി.

പ്രമേഹം,ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, രോഗ പ്രതിരോധശേഷി കുറവുള്ളവരിൽ രോ​ഗാവസ്ഥ മാരകമാകാം.

മലേറിയ (മലമ്പനി)

പെൺ അനോഫിലിസ് കൊതുകുകൾ പരത്തുന്ന വ്യാപകവും അപകടകരവുമായ രോഗമാണ് മലേറിയ. പനിയോടൊപ്പം കഠിനമായ തലവേദനയും കുളിരും അനുഭവപ്പെടുന്നതാണ് മലേറിയയുടെ പ്രാരംഭ ലക്ഷണം. ചില കേസുകളിൽ മലേറിയ ​ഗുരുതരമാവുകയും ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യാം. പ്രതിവർഷം ലോകത്താകമാനം 247 ദശലക്ഷത്തിലധികം മലേറിയ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലേറിയക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് ഏപ്രില്‍ 25ന് ലോക മലേറിയ ദിനമായി ആചരിക്കുന്നു.

വെസ്റ്റ് നൈൽ വൈറസ്

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 80 ശതമാനം ആളുകളിലും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം വന്നു പോകാറാണ് പതിവ്. എന്നാല്‍ 20 ശതമാനം ആളുകളില്‍ രോഗലക്ഷണം പ്രകടമാകുന്നു. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് ഈ പനിക്കുള്ളതെങ്കിലും അത്രത്തോളം ​ഗുരുതരമാകാറില്ല.

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഒരു ശതമാനം ആളുകളിൽ ഈ വൈറസ് തലച്ചോറിനെ ബാധിക്കുന്നതു കാരണം ബോധക്ഷയവും മരണം വരെയും സംഭവിക്കാം. 1937-ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ‌ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ കേരളത്തിൽ ആദ്യമായി ആലപ്പുഴയിൽ രോ​ഗം സ്ഥിരീകരിച്ചു. ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈൽ രോ​ഗം പരത്തുന്ന കൊതുകുകൾ പെറ്റുപെരുകുന്നത്.

സിക്കാ വൈറസ്

സിക്കാ വൈറസ് ഒരു ആർഎൻഎ വൈറസാണ്. ഫ്‌ളേവി വൈറസ് എന്ന കുടുംബത്തിൽ വരുന്ന ഈ വൈറസ് കൊതുകു വഴിയാണ് പടരുന്നത്. പ്രധാനമായും ഈഡിസ് (ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ ബോപിക്റ്റസ്) കൊതുകുകള്‍ ആണ് ഇവ പരത്തുന്നത്. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലമുണ്ടാകും. എന്നാൽ ഗർഭസ്തശിശുക്കളെയാണ് വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുക. വൈറസ് ബാധിക്കുന്ന ​ഗർഭസ്തശിശുക്കൾ ജനിക്കുമ്പോൾ തല ചെറുതായ അവസ്ഥയിലായിരിക്കും.

1947ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ആദ്യമായി സിക വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് 1952 ഓടെ ഉഗാണ്ടയിലും ടാൻസനിയയിലും ഇത് മനുഷ്യരിലും റിപ്പോർട്ട് ചെയ്തിരുന്നു.

ചിക്കുൻ​ഗുനിയ

ആ​ഗോളതലത്തിൽ ആരോ​ഗ്യഭീഷണിയായി തുടരുന്ന ചിക്കുൻ​ഗുനിയയ്ക്ക് പിന്നിൽ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്. ശരീരത്തിലെ ചെറുതും വലുതുമായ നിരവധി സന്ധികളെ ഒരുമിച്ച് ബാധിക്കുന്ന സന്ധിവേദനകള്‍ രോഗത്തിന്‍റെ പ്രത്യേകതയാണ്.

സാധാരണയായി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മാറുന്ന സന്ധിവേദനകള്‍, കുട്ടികളിലും പ്രായമേറിയവരിലും മറ്റ് സന്ധിവാതരോഗങ്ങള്‍ ഉള്ളവരിലും ഗുരുതരമാകും. ശക്തമായ പനി, സന്ധിവേദനകള്‍, ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. അല്‍ഫാവൈറസുകളാണ് രോഗകാരികളായ വൈറസുകള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT