സിഡ്നി: മാരക വേദനകളിൽ നിന്ന് ആശ്വാസം നൽകാൻ ചിലന്തി വിഷത്തിന് സാധിക്കുമെന്ന് പഠനം. ചൈനീസ് ബേർഡ് ചിലന്തികളുടെ വിഷം അതീവ വേദന അനുഭവിക്കുന്നവർക്ക് നൽകാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇവരുടെ ഗവേഷണ റിപ്പോർട്ട് ജേർണൽ ഓഫ് ബയോളജിക്കൽ കെമിസ്ട്രി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിൽ ഗുരുതരമായി പരിക്കേറ്റ് വേദന സഹിക്കാൻ സാധിക്കാത്തവർക്കായി ഒപിയത്തിൽ നിന്ന് വേർതിരിക്കുന്ന മയക്കു മരുന്നാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായാണ് ചൈനീസ് ബേർഡ് ചിലന്തികളുടെ വിഷം നൽകിയാൽ മതിയെന്ന് ഗവേഷകർ പറയുന്നത്.
നിലവിൽ ഒപിയം മരുന്നായ മോർഫിനാണ് സാധാരണയായി വേദന സംഹാരിയായി ഉപോഗിക്കുന്നത്. എന്നാൽ ഉപയോഗിക്കുന്ന ആൾ ഈ മരുന്നിന് അടിമയായി പോകുമെന്നതാണ് അതിന്റെ ദൂഷ്യ ഫലം. എന്നാൽ ചിലന്തിയുടെ വിഷത്തിലെ പ്രോട്ടീൻ ഘടകത്തിന് വേദനയെ നിയന്ത്രിക്കാൻ സാധിക്കുമെന്നും മോർഫിൻ പോലെ അഡിക്ഷൻ ഇതുപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകില്ലെന്നും ഗവേഷകർ പറയുന്നു.
ഹുവെന്റോക്സിൻ -4 എന്ന പ്രോട്ടീനാണ് വേദന സംഹാരിയായി പ്രവർത്തിക്കുന്നത്. ശരീരത്തില്‍ വേദന ഉളവാക്കുന്ന ഘടകങ്ങളെ ഈ പ്രോട്ടീൻ തടസപ്പെടുത്തുന്നതിനാൽ രോഗിക്ക് വേദന അനുഭവപ്പെടില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. എലികളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.
മരുന്നിനോട് ആസക്തിയുണ്ടാക്കാത്തതും മറ്റ് ദൂഷ്യ ഫലങ്ങൾ ഉണ്ടാക്കാത്തതുമായ മികച്ച വേദനാ സംഹാരികൾ വികസിപ്പിക്കുന്നതിന് തങ്ങളുടെ കണ്ടുപിടുത്തം പ്രയോജനം ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates