മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രസവ സമയത്തു ആശുപത്രിയില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പ്രതികരണം.
ഞാനൊരു മലപ്പുറത്തുകാരി മുസ്‌ലിം സ്ത്രീയാണ്. അസീസിനും ആയിഷക്കും ജനിച്ചതിലുമപ്പുറം കാരണങ്ങളാല്‍ ഇസ്‌ലാമെന്ന എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാന്‍ ഇഷ്ടപ്പെടുന്നവള്‍.
ഞാനൊരു ഡോക്ടറും കൂടിയാണ്. എനിക്ക് രണ്ട് മക്കള്‍. രണ്ട് പ്രസവവും ആശുപത്രിയില്‍ നിന്ന്. രണ്ടാമത് സിസേറിയന്‍ ചെയ്തത് എന്റെ തന്നെ പ്രഫസര്‍. കൂട്ടുകാരുടെ കലപിലക്കിടയിലായിരുന്നു സര്‍ജറി.
സ്വന്തം താല്‍പര്യമൊന്നു കൊണ്ടു മാത്രം മെഡിക്കല്‍ സയന്‍സ് പഠിക്കാന്‍ തീരുമാനിച്ചവള്‍. ആദ്യവര്‍ഷം അനാട്ടമി പഠിപ്പിക്കാന്‍ കിടന്നു തന്ന മൃതശരീരങ്ങളായിരുന്നു എന്റെ ആദ്യരോഗികള്‍. നൂല്‍ബന്ധമില്ലാതെ കിടന്ന അവരെ നേരെ നോക്കാന്‍ പോലും രണ്ട് ദിവസം എനിക്ക് നാണം തോന്നിയിരുന്നു. പിന്നെ മനസ്സിലായി ജീവനൊഴികെ ബാക്കിയെല്ലാം അവര്‍ക്കും എനിക്കും സമമെന്ന്. അസ്തിത്വം ഇതാണ്, വസ്ത്രമെന്ന മറയ്ക്കപ്പുറം എല്ലാവരും മണ്ണില്‍ അഴുകാനുള്ളവരെന്ന തിരിച്ചറിവ് ആണിയടിച്ച് ഉറപ്പിച്ചു.
രണ്ടാം വര്‍ഷം ആദ്യ ക്ലിനിക്കല്‍ ക്ലാസില്‍ എന്റെ ആദ്യ കേസായി ഞാന്‍ കണ്ടത് വൃഷ്ണസഞ്ചിയിലേക്കിറങ്ങിയ കുടലിറക്കം. രോഗിയുടെ നാണം കണ്ട് അസ്വസ്ഥയായി. സ്വകാര്യഭാഗം കാണിക്കേണ്ടി വരുന്ന രോഗിയെ സമാധാനിപ്പിക്കാനും, കാണുന്നത് ഡോക്ടറാണ്, വിഷമിക്കേണ്ട എന്ന് പറയാനും പഠിച്ചത് ഏതാണ്ടൊരാഴ്ച കൊണ്ടായിരുന്നു.
ആദ്യമായി പ്രസവം കാണാന്‍ കൂടെ പുരുഷസുഹൃത്തുക്കളുണ്ടായിരുന്നു, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പ്രസവം നടക്കുന്ന അവയവം ശ്രദ്ധിക്കാതെ അവര്‍ നിന്ന് വിയര്‍ക്കുന്നുണ്ടായിരുന്നു. ആ അമ്മയുടെ കരച്ചില്‍ സഹിക്കാന്‍ വയ്യാതെ അവര്‍ രണ്ടു പേരും ഇടക്ക് വെച്ച് ഇറങ്ങിപ്പോയി. അവരുടെ പ്രസവം കഴിഞ്ഞപ്പോഴേക്കും കണ്ടു നിന്ന ഞങ്ങള്‍ക്കെല്ലാം ഒന്ന് പെറ്റെണീറ്റ ആശ്വാസമായിരുന്നു.
പ്രസവസമയത്ത് പുരുഷ ഗൈനക്കോളജിസ്റ്റിനോളം കരുണ സ്ത്രീകളില്‍ കണ്ടിട്ടില്ല. പ്രസവസമയത്ത് ഡോക്ടറോ സ്റ്റാഫോ അവയവം ശ്രദ്ധിക്കാറില്ല, അതിനൊട്ട് കഴിയുകയുമില്ല. രണ്ടാളെ രണ്ടിടത്താക്കാന്‍ വേണ്ടി പണി പതിനെട്ടും പയറ്റുന്നതിനിടക്ക് ഓരോ സങ്കീര്‍ണതയും ഒഴിവാക്കാന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നുണ്ടാകും.
കുഞ്ഞ് കിടക്കുന്ന നിലയൊന്ന് മാറിയാല്‍, അമ്മ അപ്രതീക്ഷിതമായി പ്രഷര്‍ കൂടി ബോധരഹിതയായാല്‍, പ്രസവശേഷം മറുപിള്ള വേര്‍പെട്ടില്ലെങ്കില്‍...
മലപ്പുറത്ത് വീണ്ടും മാതൃമരണം. എന്റെ സമുദായം, എന്റെ നാട്. ചികിത്സ വേണ്ടെന്ന് വെക്കുന്ന ഗര്‍ഭിണി...'ഒത്താച്ചി' എന്ന് ഞങ്ങള്‍ വിളിക്കുന്ന ക്ഷൗരജോലി ചെയ്യുന്ന കുടുംബത്തിലെ സ്ത്രീകളാണ് അവിടത്തെ ഡോക്ടര്‍മാര്‍. വേദനയല്ല, ഒരു തരം വൈരാഗ്യബുദ്ധിയാണ് തോന്നുന്നത്. മറ്റാരോടുമല്ല, സ്വയം തന്നെ. ഇത്രയൊക്കെ മെനക്കെട്ടിട്ടും, പറഞ്ഞ് കൊണ്ടിരുന്നിട്ടും, പറഞ്ഞത് തന്നെ പറഞ്ഞിട്ടും...നാണക്കേട് തോന്നുന്നു...
ഇരുട്ടറയില്‍ പിടഞ്ഞ് തീരാനുള്ളതായിരുന്നില്ല പെണ്ണേ നിന്റെ ജീവന്‍. ഞങ്ങളാരും നിന്റെ നഗ്‌നതയില്‍ ഭ്രമിക്കുകയോ നിന്നെ പരിഹസിക്കുകയോ ഞങ്ങള്‍ക്കിടയിലെ പുരുഷന്‍മാര്‍ ആമ്‌നിയോട്ടിക്ക് ദ്രവവും ചോരയും നനച്ച നിന്റെ കുഞ്ഞിന്റെ മൂര്‍ദ്ധാവ് പുറത്ത് വരുന്നുണ്ടോ എന്ന് നോക്കാതെ അവയവദര്‍ശനം നടത്തി സായൂജ്യമടയുകയോ ചെയ്യില്ലായിരുന്നു.
ഞാനും നീയും വിശ്വസിക്കുന്ന ഇസ്‌ലാമും പടച്ചോനും മനപൂര്‍വ്വം ചികിത്സ നിഷേധിച്ച് ആ കുഞ്ഞിന് തള്ളയില്ലാതാക്കിയതിന് നിന്നെയും വീട്ടുകാരെയും തോളില്‍ തട്ടി പ്രശംസിച്ച് ജന്നാത്തുല്‍ ഫിര്‍ദൗസിലേക്ക് എന്‍ട്രി തരുമെന്ന് വിശ്വസിക്കാനാവുന്നില്ല...
മുലപ്പാലിന് തൊള്ളകീറിക്കരയുന്ന പൈതലിനെ ഓര്‍ത്തിട്ട് നെഞ്ച് പിടയുന്നു. അത് ഒരു വലിയ വിവരക്കേട് കൊണ്ടാണെന്ന് ഓര്‍ക്കുമ്പോള്‍, അതും എന്റെ മഞ്ചേരിയിലെന്നറിയുമ്പോള്‍ ആറു കൊല്ലം കൊണ്ട് കഴുത്തില്‍ കയറിയ കറുത്ത കുഴല്‍ വലിച്ചെറിഞ്ഞ് ഒരു പോക്ക് പോകാനാണ് തോന്നുന്നത് ...പടച്ചോനേ, നിന്റെ കൗമിനെ നീ തന്നെ കാക്ക് !!
NB: കിട്ടിയ തക്കത്തിന് ഇസ്‌ലാമിനെ എതിര്‍ക്കാനും പുച്ഛിക്കാനും അവഹേളിക്കാനും ഈ പോസ്റ്റ് ഉപയോഗിക്കുന്നവരെ കണ്ണും പൂട്ടി ബ്ലോക്ക് ചെയ്യുന്നതായിരിക്കും.അതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.
എത്ര പ്രിയപ്പെട്ടവരായാലും...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates