പ്രായത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള മാര്‍ഗം തേടുകയാണോ നിങ്ങള്‍. ഇതിനായി ഇനി അധികം കഷ്ടപ്പെടേണ്ട. നിങ്ങളുടെ യുവത്വം കാത്തുസൂക്ഷിക്കാനുള്ള മാര്‍ഗം നിങ്ങളുടെ കൈയെത്തും ദൂരെതന്നെയുണ്ട്. ഭക്ഷണത്തില്‍ കൂണുകള്‍ ഉള്‍പ്പെടുത്തിയാല്‍ പ്രായമാകുന്നതിനെ പ്രതിരോധിക്കാനാവുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ ശക്തിപ്പെടുത്താനും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ കൂണുകള്‍ സഹായിക്കുമെന്ന് പെന്‍ സ്റ്റേറ്റ് ഗവേഷകര്‍ കണ്ടെത്തി.
പ്രധാന ആന്റിഓക്‌സിഡന്റുകളായ എര്‍ഗോത്തിയോണിന്‍, ഗ്ലൂട്ടാത്തിയോണ്‍ എന്നിവ ഉയര്‍ന്ന നിരക്കില്‍ കൂണുകളിലുണ്ടെന്ന് പൊഫസര്‍ റോബര്‍ട്ട് ബീല്‍മാന്‍ പറഞ്ഞു. വ്യത്യസ്ത ഇനങ്ങളിലുള്ള കൂണുകളില്‍ അടങ്ങിയിരിക്കുന്ന ഈ ആന്റിഓക്‌സിഡന്റുകളുടെ അളവ് വ്യത്യസ്തമായിരിക്കും. രണ്ട് ആന്റിഓക്‌സിഡന്‍ഡുകളും ഒരുമിച്ച് വരുന്നതിനാല്‍ മികച്ച പഥ്യാഹാരമാണ് കൂണ്.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഇവയ്‌ക്കൊപ്പം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മറ്റ് മൂലകങ്ങള്‍ കോശങ്ങള്‍ക്ക് കേടുവരുത്തുന്നു. പ്രായം വര്‍ധിക്കാനുള്ള പ്രധാനകാരണമാകുന്നത് ഇതാണ്. എന്നാല്‍ ആന്റിഓക്‌സിഡന്റുകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.
എര്‍ഗോത്തിയോണിന്‍, ഗ്ലൂട്ടാത്തിയോണ്‍ എന്നിവ കൂടുതലുള്ള കൂണുകളാണ് ശരീരത്തിന്റെ പ്രായത്തെ ചെറുക്കാന്‍ പ്രധാനമായും സഹായിക്കുന്നത്. സര്‍വസാധാരണമായി കാണുന്ന താഴ്്ഭാഗം വെളുത്തിരിക്കുന്ന കൂണുകളില്‍ ഏറ്റവും കുറവ് ആന്റി ഓക്‌സിഡന്റുകളെയുണ്ടാകൂ. എന്നാല്‍ മറ്റ് ഭക്ഷണങ്ങളേക്കാള്‍ കൂടൂതല്‍ ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂണുകള്‍ പാകം ചെയ്യുമ്പോള്‍ ഇവയില്‍ അടങ്ങിയിട്ടുള്ളവയില്‍ വലിയ മാറ്റമുണ്ടാകില്ലെന്നും ബീല്‍മാന്‍ വ്യക്തമാക്കി.
പ്രായമാവുമ്പോള്‍ വരുന്ന പാര്‍ക്കിന്‍സണ്‍ രോഗത്തേയും അല്‍ഷിമേഴ്‌സിനേയും ചെറുക്കാന്‍ കൂണുകള്‍ കഴിക്കുന്നതിലൂടെ സാധിക്കും. മറ്റ് രോഗങ്ങളെ പ്രതിരോധിക്കാനും ഇതിന് കഴിയും. ഓരോ ദിവസവും നാല് കൂണുകള്‍ കഴിച്ചാല്‍ നിങ്ങളുടെ യുവത്വം കാത്തുസൂക്ഷിക്കാനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായകമാവുമെന്നും പഠനത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates