സമൂഹമാധ്യമങ്ങളിലും മറ്റും ഒരു വിനോദമെന്ന തലത്തില്‍ പ്രചരിച്ചതോടെയാണ് ഹുക്ക ഹാനീകരമല്ലെന്ന ധാരണ ആളുകളില്‍ ബലപ്പെട്ടത്. വ്യത്യസ്ത ഫ്‌ളേവറുകളില്‍ ലഭ്യമാകുന്നതുകൊണ്ടുതന്നെ യുവാക്കളെ ഇത് ഏറെ ആകര്‍ഷിച്ചു. എന്നാല്‍ സിഗരറ്റോളമല്ല അതിനേക്കാള്‍ കൂടുതല്‍ ഹാനീകരമാണ് ഹുക്കയെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒരു മിനിറ്റ് ഹുക്ക വലിച്ചാല്‍ പോലും ഒരു സിഗരറ്റ് വലിക്കുന്നതിനേക്കാളധികം പുക ഉള്ളില്‍ പ്രവേശിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഹൃദയമിടുപ്പിനെയും രക്തസമ്മര്‍ദ്ധത്തെയും ദോഷകരമായി ബാധിക്കുന്ന ഹുക്ക ഹൃദയസൂഷ്മധമനികളെ തകരാറിലാക്കുമെന്നും ഗവേഷകര്‍ പറയുന്നു.
'സിഗരറ്റോളം അപകടകരമല്ല എന്നൊരു തെറ്റിദ്ധാരണ പലയാളുകളിലും ഉണ്ട്. ഹുക്കയില്‍ പുകയില വെള്ളം ഉപയോഗിച്ച് ഫില്‍റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് പലരും ഇതിനെ ന്യായീകരിച്ച് പറയുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ സ്ഥിരീകരണമൊന്നും ഇല്ല', പഠനം ചൂണ്ടിക്കാട്ടുന്നു.
ഹുക്ക ഉപയോഗിക്കുന്നവര്‍ പുകയിലയ്ക്ക് അടിമകളായി മാറുമെന്നു തെളിയിക്കുന്ന പല പഠനങ്ങളും ഇതിന് മുന്‍പ് പുറത്തുവന്നിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സിഗരറ്റിനേക്കാള്‍ ഹാനീകരമായ പല വിഷപദാര്‍ത്ഥങ്ങളും ഹുക്കയില്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് ഹൃദയത്തേയും രക്തധമനികളെയും തകരാറിലാക്കുമെന്നും പഠനത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates