തെക്കേ മുംബൈയിൽ അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രസ്മാരകമാണ് ഗേറ്റ്വേ ഓഫ് ഇന്ത്യ. ഹിന്ദു-മുസ്ലിം കെട്ടിട നിർമാണ ശൈലികൾ രൂപകൽപന ചെയ്ത നിർമിതി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. എന്നാൽ ചരിത്രസ്മാരകത്തിന് സമീപം കടലിൽ മാലിന്യം തള്ളുന്നതും പതിവാണ്. അത്തരത്തിൽ ഒരു കാഴ്ച വ്യവസായി ആനന്ദ് മഹേന്ദ്ര കഴിഞ്ഞ ദിവസം എക്‌സിലൂടെ പങ്കുവെച്ചത് വൈറലായി.
ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ഒരു സംഘം യുവാക്കൾ മാലിന്യം തള്ളുന്നതിന്റെ വിഡിയോയാണ് അത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. 'ഈ കാഴ്ച വേദനിപ്പിക്കുന്നതാണ്. നാഗരം ഭൗതികമായി എത്ര മെച്ചപ്പെട്ടാലും മനുഷ്യരുടെ മനോഭാവം മാറാതെ ജീവിത നിലവാരം ഉയരില്ല'- വിഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.
ഒരു സംഘം യുവാക്കൾ ചാക്കിൽ നിന്നും മാലിന്യം കടലിലേക്ക് ഒഴുക്കുന്നത് വിഡിയോയിൽ കാണാം. വാഹനത്തിലാണ് ഇവർ മാലിന്യം കൊണ്ടു വരുന്നത്. മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണറെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്താണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ശ്രദ്ധയിൽ പെട്ടതോടെ യുവാക്കൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ 10,000 രൂപയുടെ പിഴയിട്ടതായും പൊലീസ് അറിയിച്ചു. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്.
നഗരത്തിന്റെ ആത്മാവ് എന്നത് അവിടുത്തെ നിർമിതിയിൽ മാത്രമല്ല ആളുകളുടെ ചിന്താഗതി കൂടിയാണെന്ന് ഒരാൾ പ്രതികരിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ ജനങ്ങളെ മാറ്റി ചിന്തിപ്പിച്ചാൽ നഗര ജീവിതം മെച്ചപ്പെടുമെന്നും മറ്റൊരാൾ കുറിച്ചു. മാലിന്യം നിർമാർജനം ചെയ്യുന്നതിന് കൃത്യമായ സംവിധാനം ഒരുക്കുകയും സോഷ്യൽമീഡിയ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തുകയും വേണമെന്നും ഒരാൾ പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates