സാധാരണയായി തണുപ്പുള്ള വിദേശ രാജ്യങ്ങളിലാണ് ചെറി കാണപ്പെടാറുള്ളതെങ്കിലും, നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയിലും വളരുന്ന ഇനമാണ് 'വെസ്റ്റിന്‍ഡ്യന്‍ ചെറി'. വൈറ്റമിന്‍ സിയുടെ കലവറയായ ചെറി, മികച്ച ആരോഗ്യഗുണങ്ങള്‍ ഉള്ളതും കാണാന്‍ ഏറെ മനോഹരവുമായ ഒരു സസ്യമാണ്. വീട്ടുവളപ്പിലോ ടെറസിലെ ഗ്രോബാഗിലോ ഒക്കെ വളരെ എളുപ്പത്തില്‍ ഇത് നട്ടുപിടിപ്പിച്ചു വിജയിപ്പിക്കാം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ചെറി നടാന്‍ അനുയോജ്യം. എങ്കിലും നല്ല രീതിയില്‍ നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ മറ്റ് മാസങ്ങളിലും തൈകള്‍ നടാം.
നന്നായി മൂത്ത ചെറിപ്പഴങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ ഉപയോഗിച്ച് തൈകള്‍ ഉണ്ടാക്കാം. വിത്തുകള്‍ നന്നായി കഴുകി ഉണക്കിയ ശേഷം ഗ്രോബാഗുകളിലോ പാട്ടകളിലോ പാകി മുളപ്പിക്കാം. വിത്തുകള്‍ പാകി മുളപ്പിക്കുന്നതിന് പുറമെ, വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും ഗ്രാഫ്റ്റ് ചെയ്തതോ ലെയറിങ് വഴിയുള്ളതോ ആയ നല്ല ഇനം ചെറി തൈകള്‍ വാങ്ങാവുന്നതാണ്. ഇത് വേഗത്തില്‍ കായ്ഫലം തരാന്‍ സഹായിക്കും. തൈകള്‍ക്ക് ആവശ്യത്തിന് വളര്‍ച്ചയെത്തുമ്പോള്‍ തോട്ടത്തിലോ വലിയ ടാങ്കുകളിലോ മാറ്റി നടാം.
മണ്ണും കുഴിയൊരുക്കലും
നല്ല നീര്‍വാഴ്ചയുള്ളതും ജൈവസമൃദ്ധമായതുമായ മണ്ണാണ് ചെറി വളരാന്‍ ഏറ്റവും മികച്ചത്. മണ്ണിലെ pH 6.0 മുതല്‍ 7.5 വരെയായിരിക്കുന്നതാണ് അനുയോജ്യം. തൈ നടുന്നതിനായി ഏകദേശം മൂന്നടി നീളത്തിലും ആഴത്തിലും കുഴിയെടുക്കുക. കുഴിയില്‍ മേല്‍മണ്ണും ചാണകപ്പൊടിയോ കമ്പോസ്റ്റോ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് നികത്തിയ ശേഷം തൈ നടാം. ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിന്‍പിണ്ണാക്ക് എന്നിവയോടൊപ്പം ഗോമൂത്രവും നല്‍കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
മുകളിലേക്ക് കുത്തനെ വളരുന്ന ശാഖകള്‍ കോതി ഒതുക്കി പടര്‍ത്തിയെടുക്കുന്നത് ചെടി കൂടുതല്‍ തഴച്ചുവളരാനും ധാരാളം കായ്കള്‍ ഉണ്ടാകാനും സഹായിക്കും. വേനല്‍ക്കാലത്ത് ദിവസവും നനച്ചു കൊടുക്കണം. മണ്ണില്‍ എപ്പോഴും ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
മൂന്നാം വര്‍ഷം കായ്ച്ചു തുടങ്ങും
മികച്ച പരിചരണം ലഭിച്ചാല്‍ ചെറിമരങ്ങള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. തുടക്കത്തില്‍ ഇളം ചുവപ്പും വെള്ളയും കലര്‍ന്ന നിറത്തിലുള്ള കായ്കള്‍, നന്നായി പഴുത്തു കഴിയുമ്പോള്‍ കറുപ്പു കലര്‍ന്ന ചുവപ്പ് നിറമായി മാറും. സാധാരണയായി മെയ് അവസാനം മുതല്‍ ജൂണ്‍ ആദ്യം വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും വിളവെടുപ്പ് നടക്കുന്നത്. കായ്കള്‍ മൂപ്പെത്തി പൊഴിയുന്നതിന് മുന്‍പ് തന്നെ പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. ബേക്കറികളിലും കേക്കുകളിലും ഉപയോഗിക്കുന്ന ചുവന്ന ചെറി പഴങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക സംസ്‌കരണ രീതികള്‍ ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates