

രണ്ടാള്‍ ഉയരത്തില്‍ വളരുന്നതും നാടന്‍ വെണ്ടയിനങ്ങളില്‍ പെടുന്നതുമായ മരവെണ്ട നമ്മുടെ അടുക്കളത്തോട്ടങ്ങളില്‍ എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്ന ഒന്നാണ്. സാധാരണ വെണ്ടയില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷങ്ങളോളം ആയുസ്സുള്ള ഈ ചെടി, കൃത്യമായ പരിപാലനത്തിലൂടെ മികച്ച വിളവ് തരും. ചുവപ്പുകലര്‍ന്ന നിറമുള്ള കായ്കളാണ് ഇതിനുള്ളത്. പൂത്തുതുടങ്ങിയാല്‍ തുടര്‍ച്ചയായി നാലുവര്‍ഷത്തോളം ഇതില്‍ നിന്ന് വെണ്ടയ്ക്ക പറിച്ചെടുക്കാന്‍ സാധിക്കും.
നടീല്‍ രീതിയും മണ്ണും
വിത്തുപാകല്‍: സാധാരണ വെണ്ട നടുന്നതുപോലെ തന്നെയാണ് മരവെണ്ടയുടെയും വിത്തുപാകുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വിത്തുകള്‍ പാകി മുളപ്പിക്കാം. തൈകള്‍ക്ക് ആവശ്യത്തിന് അകലം നല്‍കി വലിയ ചട്ടികളിലോ നേരിട്ട് നിലത്തോ നടാവുന്നതാണ്. മരവെണ്ടയുടെ വിത്തുകള്‍ നാടന്‍ വിത്ത് സംരക്ഷണ കൂട്ടായ്മകള്‍, കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമുകള്‍, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ നാടന്‍ നഴ്‌സറികള്‍ എന്നിവിടങ്ങളിലെല്ലാം ലഭ്യമാകും.
വളപ്രയോഗം: ജൈവവളങ്ങള്‍ നല്‍കി മരവെണ്ട വളര്‍ത്തുന്നതാണ് ആരോഗ്യകരമായ വിളവെടുപ്പിന് ഏറ്റവും നല്ലത്. ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ത്തൊരുക്കിയ മണ്ണില്‍ നട്ടാല്‍ ചെടി സമൃദ്ധമായി വളരുകയും ഇഷ്ടംപോലെ കായ്കള്‍ തരുകയും ചെയ്യും.
പരിപാലനവും സംരക്ഷണവും
മഴയില്ലാത്ത സീസണുകളില്‍ ചെടികള്‍ക്ക് നന്നായി നനച്ചു കൊടുക്കണം. വേനല്‍ക്കാലത്ത് ഈര്‍പ്പം നിലനിര്‍ത്തുന്നത് കായ്കളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കാലക്രമേണ ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതായി കണ്ടാല്‍ ശിഖരങ്ങള്‍ വെട്ടിക്കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് പുതിയ കമ്പുകള്‍ പൊട്ടിവരാന്‍ സഹായിക്കുകയും, ആ പുതിയ കമ്പുകളിലൂടെ വീണ്ടും ധാരാളം വെണ്ടയ്ക്ക ലഭിക്കുകയും ചെയ്യും.
വിളവെടുപ്പ്
നട്ട് ഏതാനും മാസങ്ങള്‍ക്കകം തന്നെ ചെടി പൂത്തുതുടങ്ങും. കായ്കള്‍ പാകമാകുന്ന മുറയ്ക്ക് ഇളംപ്രായത്തില്‍ തന്നെ ദിവസേനെയോ ഇടവിട്ട ദിവസങ്ങളിലോ പറിച്ചെടുക്കുക. മൂത്തുപോയാല്‍ സാധാരണ വെണ്ടയേക്കാള്‍ ഉറപ്പു കൂടുതലായിരിക്കും എന്നതിനാല്‍ ഇളംപ്രായത്തില്‍ തന്നെ പറിച്ചെടുക്കണം.ഏതുകാലത്തും അടുക്കളയിലേക്ക് പുതിയ വെണ്ടയ്ക്ക ലഭിക്കാന്‍ വീടുകളില്‍ കുറച്ചു തൈകള്‍ ഇത്തരത്തില്‍ വളര്‍ത്തിയാല്‍ മതിയാകും.
Okra Cultivation Guide: How to Grow Maravenda at Home
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates