അവളുടെ മുഖത്തെ ആ വശ്യത ഇപ്പോള്‍ കഠിനവും ഹൃദയശൂന്യവുമായ ക്രൂരതയ്ക്ക് വഴിമാറിയിരുന്നു. ആ പവിത്രത കാമാതുരമായ അനിയന്ത്രിതഭാവമായി മാറിയിരുന്നു...അവളുടെ ചുണ്ടുകളില്‍ പുതിയ ചോര പുരണ്ടിട്ടുണ്ടായിരുന്നു...
പാതിരാ.. ചെന്നായ'ക്കളുടെ ഓരി... കടവാതിലുകളുടെ ചിറകടി... ചോരതണുപ്പിക്കുന്ന നിശബ്ദത. കാര്‍പ്പാത്യന്‍ മലനിരകളിലെ ദുര്‍ഗത്തില്‍നിന്ന് നൂറ്റാണ്ടുകള്‍ പഴകിയ ശവപ്പെട്ടിയില്‍ നിന്ന് അവന്‍ ഉണരുകയായി..
'കൗണ്ട് ഡ്രാക്കുള'
രക്തദാഹിയായ ഡ്രാക്കുള പ്രഭു. ബ്രാം സ്റ്റോക്കറുടെ മരണമില്ലാത്ത കഥാപാത്രം. 1897 മെയ് 26നാണ് ബ്രാം സ്‌റ്റോക്കര്‍ സൃഷ്ടിച്ച ഡ്രാക്കുള പ്രസിദ്ധീകരിച്ചു. 129 വര്‍ഷം ആകുമ്പോഴും അന്നത്തെ അതേ ഭയത്തോടെ ജനമനസുകളിലേയ്ക്ക് ഡ്രാക്കുള പ്രഭു ആഴത്തില്‍ പതിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ന് ഡ്രാക്കുള ഡേ... ഈ ദിവസത്തിന്റെ ഓര്‍മയ്ക്കാണ് എല്ലാ വര്‍ഷവും മെയ് 26 ഡ്രാക്കുള ദിനമായി ലോകമെമ്പാടുമുള്ള ഹൊറര്‍ പ്രേമികള്‍ ആഘോഷിക്കുന്നത്.
രക്തം കുടിക്കുന്ന ജീവികളെക്കുറിച്ചുള്ള കെട്ടുകഥകള്‍ നൂണ്ടാറ്റുകളായി ലോകമെമ്പാടുമുണ്ട്. എന്നാല്‍ ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റാക്കര്‍ വാമ്പയറെ ലോകത്തിലെ ഏറ്റവും ജനപ്രിയ സാങ്കല്‍പ്പിക കഥാപാത്രമാക്കി മാറ്റുകയായിരുന്നു. അക്ഷരങ്ങളില്‍ നിന്നും മാറി എണ്ണമറ്റ ചലച്ചിത്രങ്ങള്‍ക്കും ടെലിവിഷന്‍ പരമ്പരകള്‍ക്കും വാമ്പയര്‍ പ്രണയകഥകള്‍ക്കും പ്രചോദനമായി മാറി. ലോകത്തിലെ ഏത് കോണിലുമെന്നതുപോലെ മലയാളിയുടെ മനസിലും ഡ്രാക്കുള ആഴത്തില്‍ ഇടംപിടിച്ചു. കെ വി രാമകൃഷ്ണന്റെ മനോഹരമായ മലയാളം തര്‍ജ്ജമയിലൂടെയാണ് ഡ്രാക്കുള മലയാളിയുടെ വീടുകളില്‍ എത്തിയത്.
ഡ്രാക്കുള എന്ന നോവല്‍ വായിച്ചിട്ടുള്ളവരാരും അതിലെ ഭൂപ്രകൃതിയുടെ വര്‍ണനകള്‍ മറക്കുകയില്ല മഞ്ഞുമൂടിയ കാര്‍പാത്യന്‍ മലനിരകളും തകര്‍ന്നുതുടങ്ങിയ കോട്ടയും എല്ലാം കണ്‍മുന്നില്‍ കാണുന്നത് പോലെ നമുക്ക് അനുഭവിക്കാനാകും. ഏറ്റവും വിചിത്രമായ സംഗതിയെന്താണെന്നുവെച്ചാല്‍ ബ്രാം സ്റ്റോക്കര്‍ അവിടെ പോയിട്ടേയില്ല എന്നതാണ്. ബ്രിട്ടീഷ് മ്യൂസിയത്തിലെ പലവിധ രേഖകള്‍ പരിശോധിച്ച് അദ്ദേഹം ഭാവനയില്‍ കണ്ട കാര്‍പാത്യന്‍ മലനിരകളാണ് നോവലില്‍ ഉള്ളത്.
രക്തരക്ഷസ്സ് എന്ന സങ്കല്‍പത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് ഡ്രാക്കുള. ചോര കുടിക്കുകയും ഇരകളെ തന്റെ ചോര കുടിപ്പിച്ച് രക്ഷസ്സുകളാക്കുകയും ചെയ്യുന്ന മഹാഭീകരന്‍. റൊമാനിയയിലെ കാര്‍പ്പാത്യന്‍ പര്‍വതത്തിലെവിടെയോ ഉള്ള മധ്യകാലത്തെ കോട്ടയില്‍ താമസിക്കുന്ന ഡ്രാക്കുള പ്രഭുവിന്റെ അഭിഭാഷകനായി 1897ല്‍ ജൊനാഥന്‍ ഹാക്കര്‍ ലണ്ടനില്‍നിന്ന് യാത്ര തുടങ്ങുന്നിടത്താണ് ബ്രാം സ്റ്റോക്കറുടെ കഥ തുടങ്ങുന്നത്. നിരവധി പേരുടെ ഡയറിക്കുറിപ്പുകളിലൂടെ ഡ്രാക്കുള ചോരക്കഥ ഇതള്‍വിരിയുന്നു. ഡ്രാക്കുളക്കോട്ടയിലെത്തിയ ജൊനാഥന്‍ ഒരിക്കല്‍പ്പോലും പകല്‍നേരത്ത് പ്രഭുവിനെ കാണുന്നില്ല. പകല്‍ ശവപ്പെട്ടിയില്‍ മൃതനിദ്രയിലാണ് ഡ്രാക്കുള. രാത്രി അയാള്‍ ഉണര്‍ന്ന് കോട്ടമതിലിലൂടെ താഴേക്കിറങ്ങി ചുടുചോര തിരഞ്ഞുപോകുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയ ജൊനാഥന്‍ അവിടന്ന് രക്ഷപ്പെടുന്നു. അപ്പോഴേക്കും ജൊനാഥന്‍ സ്വയമറിയാതെയാണെങ്കിലും നല്‍കിയ സഹായങ്ങളിലൂടെ ഡ്രാക്കുള ലണ്ടനിലെത്തിക്കഴിഞ്ഞിരുന്നു. ജൊനാഥന്റെ പ്രതിശ്രുതവധു മീനയുടെ കൂട്ടുകാരി ലൂസി ഡ്രാക്കുളയുടെ ഇരയും രക്ഷരക്ഷസുമായിമാറിയിരുന്നു. ഒടുവില്‍ മീനയും അയാള്‍ക്ക് വിധേയയായി.
നിരന്തരമായ പിന്തുടരലിനുശേഷം ഒടുവില്‍ പ്രേതോച്ചാടകനായ പ്രൊഫസര്‍ വാന്‍ഹെല്‍സിങ്ങിന്റെ സഹായത്തോടെ ജൊനാഥനും സുഹൃത്തുക്കളും ചേര്‍ന്ന് ഡ്രാക്കുളയെ കീഴപ്പെടുത്തുന്നു. വെളുത്തുള്ളിപ്പൂക്കളും വെഞ്ചരിച്ച അപ്പക്കഷണങ്ങളും ശവപ്പെട്ടിയില്‍ വിതറി ഡ്രാക്കുളയുടെ നെഞ്ചില്‍ കുരിശ് അടിച്ചിറക്കിയാണ് അയാളെ നിത്യനിദ്രയിലേക്ക് അവര്‍ മോചിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates