ദക്ഷിണ ഇന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ് ബീമാപള്ളി ദര്‍ഗാഷെരീഫ്. ജാതിമത ഭേദമെന്യേ ആയിരക്കണക്കിന് ആളുകള്‍ ദിവസേന സന്ദര്‍ശനത്തിന് എത്തുന്ന സ്ഥലമാണ് ബീമാപള്ളി.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതും പ്രസിദ്ധവുമായ ആരാധനാലയങ്ങളില്‍ ഒന്നാണ് ബീമാപള്ളി. മൂന്ന് ഖബറുകള്‍ ആണ് ഈ പള്ളിയിലുള്ളത്. ഈ ഖബറില്‍ ആശ്രയം തേടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് രോഗ മുക്തി ലഭിക്കുമെന്നത് സുനിശ്ചിതം എന്നു പഴമക്കാര്‍ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരില്‍ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്. ബീമാപള്ളി ഉറൂസിന് കൊടി ഉയരുന്നതോടെ, ഇനിയുള്ള പത്തുനാള്‍ തലസ്ഥാനത്തെ തീരദേശമായ ബീമാപള്ളിയിലേക്ക് ജനം ഒഴുകിയെത്തും. തലസ്ഥാന വാസികള്‍ക്ക് ബീമാപള്ളി ഉറൂസ് എന്നത് ആഘോഷം തന്നെയാണ്.
ബീമാപള്ളിയുടെ ചരിത്രം ?
ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലേക്ക് മാലിക് ബിന്‍ ദിനാറിനു ശേഷം കടന്നുവന്ന ശഹീദ് മാഹിന്‍ അബൂബക്കറിന്റെ മാതാവ് ബീമാ ബീവിയുടെ പേരില്‍ നിന്നാണ് ബീമാപള്ളി എന്ന നാമകരണം ഉണ്ടാവുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിത്തിരിഞ്ഞ ഇവര്‍ ഒടുവില്‍ തെക്കന്‍ തിരുവിതാംകൂറിലെ തിരുവല്ലം എന്ന സ്ഥലത്ത് എത്തിച്ചേരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തുവത്രേ. മാര്‍ത്താണ്ഡവര്‍മ്മ (ക്രിസ്താബ്ദം 1478-1528)യുടെ രാജവാഴ്ച തെക്കന്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന കാലമായിരുന്നു അതെന്നാണ് ചരിത്രരേഖകളും വാമൊഴികളും അനുസരിച്ച് പറയാവുന്നത്. വലിയ വിദഗ്ധനായ ഒരു ഹക്കിം (വൈദ്യന്‍) ആയിരുന്ന മാഹിന്‍ അബൂബക്കറിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കന്‍ തിരുവിതാംകൂറില്‍ വ്യാപിപ്പിച്ചത്. രോഗികളും കഷ്ടതകളനുഭവിക്കുന്നവരുമായ നാനാജാതി മതസ്ഥര്‍ ഇവരുടെ സ്വാധീനത്താല്‍ ഇസ്ലാം മതം സ്വീകരിച്ചു.
അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ പരമ്പരയില്‍പെട്ട ബീമാ ബീവി, മകന്‍ ശൈയ്ഖ് സെയ്യിദ് ശഹീദ് മാഹീന്‍ അബൂബക്കര്‍ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയില്‍ ഉള്ളത്. കല്ലടി ബാവ എന്ന ഒരു സിദ്ധന്റെ ഖബറും ഇവിടെ ഉണ്ട്.
എന്നാല്‍ സാമൂഹിക ഘടനയില്‍ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയേകിയ മതാരോഹണത്തെ തങ്ങളുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണെന്ന് കണ്ട രാജഭരണകൂടം ഇസ്ലാമിന്റെ സ്വാധീനവും പ്രചാരണവും ചെറുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചതായി ചരിത്രം പറയുന്നു. വിദേശികളായ ബീമാ ബീവിയും മകനും കരം നല്‍കണം എന്നായിരുന്നു രാജഭരണകൂടത്തിന്റെ ഉത്തരവ്. എന്നാല്‍ ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിനു മാത്രമേ കരം നല്‍കുകയുള്ളൂ എന്ന് പറഞ്ഞ് നികുതി പിരിക്കാന്‍ വന്ന രാജകിങ്കരന്‍മാരോട് പോരാടുകയാണ് മാഹിന്‍ അബൂബക്കര്‍ ചെയ്തത്. മാഹിന്‍ അബൂബക്കര്‍ ഹജ്ജിനുവേണ്ടി മക്കയില്‍ പോയ സന്ദര്‍ഭത്തില്‍ രാജാവ് വീണ്ടും തന്റെ സന്ദേശം ബീമാ ബീവിയെ വിളിച്ചു കേള്‍പ്പിച്ചു.
കരം നര്‍കിയില്ലെങ്കില്‍ നാടുകടത്താന്‍ നിര്‍ബന്ധിതരാവുമെന്നായിരുന്നു രാജാവിന്റെ ഭീഷണി. ഈ ആവശ്യം നിരസിച്ച ബീവിയുടെ നിലപാട് രാജഭൃത്യന്മാരെ പ്രകോപിപ്പിച്ചു. യോദ്ധാക്കളോ ആയുധ പരിശീലനം നേടിയവരോ അല്ലാത്ത മാഹിന്‍ അബൂബക്കറിനെയും അനുയായികളെയും ചതിയിലൂടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ചരിത്രം പറയുന്നത്. മകന്റെ വേര്‍പാടിലുള്ള ദുഃഖം തളര്‍ത്തിയ ബീമാ ബീവിയും 40 ദിവസത്തിനുള്ളില്‍ മരിച്ചു. ഇവരെ ഖബറടക്കിയ സ്ഥലമാണ് പിന്നീട് ബീമാപള്ളിയായി മാറിയത്. രോഗശമനത്തിന് ഈ പള്ളിയില്‍ വന്നുള്ള പ്രാര്‍ഥന ഉത്തമമെന്ന് ആളുകള്‍ കരുതുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാലിക് ബിന്‍ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ശഹീദ് മാഹിന്‍ അബൂബക്കര്‍, ബീമാ ബീവി എന്നിവരുടെ സ്മരണയിലാണ് വര്‍ഷം തോറും ഉറൂസ് (ചന്ദനക്കുടം) ആഘോഷം നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates