ഏതു നിമിഷവും മരണം സംഭവിക്കാവുന്ന ഭയാനകമായ അവസ്ഥയിലൂടെയാണ് യുകെയിലെ ജിബ്രാൾട്ടറിന് സമീപം കടലിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘം കടന്നുപോയത്. റാംസ്ഗേറ്റിൽ നിന്നു ഗ്രീസിലേക്ക് ആഡംബര ബോട്ടെത്തിക്കാൻ പുറപ്പെട്ടതാണ് സംഘം. പക്ഷെ ഇവർക്ക് കടലിൽ നേരിടേണ്ടിവന്നതാകട്ടെ 30ഓളം കൊലയാളി തിമിംഗലങ്ങളയും.
25 അടിനീളമുള്ള കൂറ്റൻ തിമിംഗലങ്ങളാണ് ബോട്ടിനെ വളഞ്ഞ് ആക്രമിച്ചത്. തിമിംഗലങ്ങളുടെ പ്രഹരത്തിൽ ബോട്ട് തകരുമെന്നും കടലിലേക്ക് മുങ്ങിത്താഴുമെന്നും ഭയപ്പെട്ടിരുന്നെന്ന് സംഘത്തിലെ ഒരാളായ നാതൻ ജോൺസ് പറഞ്ഞു. ബോട്ട് തകർന്നിരുന്നെങ്കിൽ ലൈഫ് ജാക്കറ്റ് മാത്രമുള്ള അവസ്ഥയിൽ ഒരു കൂട്ടം തിമിംഗലങ്ങളുടെ നടുവിൽ കടലിൽ അകപ്പെട്ടു പോകുമായിരുന്നു തങ്ങളെന്ന് നാതൻ പറയുന്നു. സംഘത്തിലെ മറ്റൊരാളായ മാർട്ടിൻ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തിമിംഗലങ്ങൾ മടങ്ങി പോകാനായി ബോട്ടിന്റെ എൻജിൻ ഓഫ് ചെയ്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് തിമിംഗലങ്ങൾ മടങ്ങിയത്. ഇതിനിടയിൽ റഡാർ പ്ലേറ്റിന്റെ ഒരു ഭാഗം തിമിംഗലങ്ങളിലൊന്ന് കടിച്ചെടുത്തു.
തിമിംഗലങ്ങളിൽ ഏതെങ്കിലും ഒന്നിന് ബോട്ട് തട്ടി അപകടം ഉണ്ടായതുകൊണ്ടാകാം ഇത്തരത്തിൽ ആക്രമിക്കുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. രണ്ട് മാസം മുൻപ് ഈ പ്രദേശത്ത് ഒരു സെയ്‌ലിങ് ബോട്ടിനെ തിമിംഗലക്കൂട്ടം ആക്രമിച്ചിരുന്നു. അന്നും സമാനമായ രീതിയിൽ ബോട്ടിന്റെ റഡാർ തിമിംഗലങ്ങൾ തകർത്തിരുന്നു. ഒടുവിൽ ബോട്ടിൽ നിന്ന് വെളിച്ചം കാണിച്ച് ഭയപ്പെടുത്തിയതോടെയാണ് തിമിംഗലങ്ങൾ മാറിപ്പോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates