ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്? വീട്ടിലും തൊഴിലിടത്തുമെല്ലാം സമാധാനത്തോടെ മുന്നേറാനായാല്‍ അതാണ് ഏറ്റവും വലിയ നേട്ടമെന്ന് എല്ലവര്‍ക്കുമറിയാം. ശാരീരികമായി മാത്രമല്ല മാനസികമായും ഈ അനുഭവം ഉണ്ടാകണം. ആരോഗ്യത്തോടെയിരിക്കാന്‍ നല്ല ഭക്ഷണശീലങ്ങളും വ്യായാമത്തിന്റെ ആവശ്യകതയുമൊക്കെ നമുക്ക് പലരും പറഞ്ഞുതരാറുണ്ട്. എന്നാല്‍ മാനസിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പലരും സമയം കണ്ടെത്താറില്ല എന്നത് വാസ്തവമാണ്. നാല് പേരില്‍ ഒരാള്‍ മാനസിക ബുദ്ധിമുട്ടുകള്‍ മൂലം പ്രശ്‌നത്തിലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് മാനസികാരോഗ്യം നിലനിര്‍ത്താന്‍ ജീവിതരീതിയില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
►ശാരീരികമായി മാത്രമല്ല മാനസികമായും പോസിറ്റീവായിരിക്കാന്‍ സഹായിക്കുന്നതാണ് വ്യായാമം. എയ്‌റോബിക് വ്യായാമങ്ങള്‍ വിഷാദത്തിന്റെ ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓട്ടം, നീന്തല്‍, സൈക്ലിങ്, നടത്തം, നൃത്തം ഇവയെല്ലാം മനസ്സിന് സന്തോഷം നല്‍കുന്ന വ്യായാമങ്ങളാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇവയിലേതെങ്കിലുമൊന്ന് അര മണിക്കൂര്‍ ചെയ്യാന്‍ ശ്രമിക്കണം.
►ഫാസ്റ്റ് ഫുഡ്ഡും മധുരപലഹാരങ്ങളും കഴിക്കുമ്പോള്‍ സന്തോഷം ലഭിക്കുമെന്നാണ് പലപ്പോഴും നമുക്ക് തോന്നുക. എന്നാല്‍ ഇത് വിപരീതഫലമാണ് സൃഷ്ടിക്കുക. ഇതിനുപകരം മീന്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്ട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിങ്ങളറിയാതെതന്നെ ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. കാരണം സമീകൃതാഹാരം ഊര്‍ജ്ജം വര്‍ധിപ്പിക്കാനും മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും സഹായിക്കും. മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും വിത്തുകളിലും നട്ട്‌സിലുമെല്ലാമുള്ള ഒമേഗ-6 ഫാറ്റി ആസിഡുകളും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.
►വ്യായാമം ശരീരത്തിന് മാത്രമല്ല മനസ്സിനും വേണം. സമ്മര്‍ദ്ദവും മറ്റു പ്രശ്‌നങ്ങളും അകറ്റാന്‍ മെഡിറ്റേഷന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് മെഡിറ്റേറ്റ് ചെയ്യുന്നത് പോലും സമ്മര്‍ദ്ദം കുറയ്ക്കാനും മാനസിക ദൃഢത വര്‍ദ്ധിപ്പിക്കാനും നിങ്ങളെ സഹായിക്കും. യോഗ പോലുള്ളവയും ശീലമാക്കുന്നത് കൂടുതല്‍ ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനും ചുറ്റുമുള്ള ലോകത്തില്‍ താത്പര്യം വര്‍ദ്ധിക്കാനും സഹായിക്കും.
►സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങള്‍ എന്നിവയെല്ലാം ഉറക്കക്കുറവ് മൂലം ഉണ്ടാകാം. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലഘുവായി എന്തെങ്കിലും കഴിക്കണം, ആവശ്യത്തിന് വ്യായാമം ചെയ്‌തെന്നും ഉറപ്പുവരുത്തണം. പതിവായി ഒരേ സമയത്ത് ഉറക്കം ക്രമീകരിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. രാത്രി വൈകി ടിവി കണ്ടിരിക്കുന്നതും മൊബൈല്‍ നോക്കുന്നതും ഒഴിവാക്കുകയും വേണം.
►സമൂഹവുമായി ഇടപെടുന്നത് ആളുകളെ സന്തോഷിപ്പിക്കാറുണ്ട്. നമ്മള്‍ പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പവും കുടുംബത്തോടുമൊപ്പം ചിലവഴിക്കുന്ന സമയമാണ് ഒറ്റയ്ക്കിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആസ്വദിക്കുന്നത്. ഏകാന്തത മാനസിക ബുദ്ധിമുട്ടുകളെ കൂട്ടാന്‍ ഇടയാക്കും. അതുകൊണ്ട് പുറത്തുപോകാനും പുതിയ ആളുകളെ പരിചയപ്പെടാനും ബന്ധം പുതുക്കാനുമൊക്കെ അറിഞ്ഞുകൊണ്ട് ശ്രമിക്കണം.
►നിങ്ങളുടെ ഉള്ളിലെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം അത് പ്രകടിപ്പിക്കുക എന്നതുതന്നെയാണ്. പലപ്പോഴും ചുറ്റുമുള്ള ആളുകളോട് അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ കഴിയണമെന്നില്ല. ഈ സാഹചര്യങ്ങളില്‍ ഒരു ബുക്കെടുത്ത് മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ കുത്തിക്കുറിക്കുന്നത് സഹായിക്കും.
►നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണം. ഇത്തരം ഹോബികള്‍ തിരിച്ചറിഞ്ഞ് അതിലേക്ക് മുഴുകാനായാല്‍ മനസ്സിന് ഉണര്‍വും സന്തോഷവും ലഭിക്കുമെന്ന് ഉറപ്പാണ്. തയ്യല്‍, നൃത്തം, സംഗീതം തുടങ്ങിയവ ഇതിന് ഉദ്ദാഹരണമാണ്.
►നന്ദി പ്രകടനങ്ങള്‍ സന്തോഷം വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. താങ്ക്-യൂ നോട്ടുകളും താങ്ക്-യൂ നോട്ട്ബുക്കുമൊക്കെ ഇതിന് സഹായിക്കും. ഓരോ ദിവസവും ആ ദിനത്തില്‍ നിങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്ന കാര്യങ്ങള്‍ ചിന്തിക്കുന്നതും എഴുതിവയ്ക്കുന്നതുമൊക്കെ ശീലമാക്കാം.
►പല ആളുകള്‍ക്കും തെറാപ്പി എന്ന് കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ന്യായീകരണമൊന്നുമില്ലാത്ത ഒരു അകല്‍ച്ച ഉണ്ട്. പക്ഷെ നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദഗ്ധരോട് സംസാരിക്കുന്നത് തീര്‍ച്ചയായും സഹായിക്കും. നിങ്ങളുടെ വികാരങ്ങളെ ക്രമീകരിക്കാനും അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കാനും ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ പറഞ്ഞുതരാന്‍ അയാള്‍ക്ക് കഴിയും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates