തിരുവനന്തപുരം: റമ്മി, ബ്ലഫ്, ആസ്... കളിയേതായാലും കയ്യിലിരിക്കുന്ന കാര്‍ഡുകളിലെ ചിത്രങ്ങള്‍ക്ക് ഇനി അല്‍പം മലയാളിത്തമായാലോ? ചീട്ടുകളി ടേബിളിലെ കാഴ്ചകള്‍ മാറുകയാണ്. പാശ്ചാത്യവത്കരിച്ച ചിത്രങ്ങള്‍ക്ക് പകരം ചീട്ടുകളുടെ ഡെക്കില്‍ മലയാളിത്തം തുളുമ്പുന്ന ചിത്രങ്ങളുമായി എത്തുകയാണ് 'മലബാർ ഷഫിള്‍'.
കൊച്ചി ആസ്ഥാനമായുള്ള അനശ്വര ഓഫ്സെറ്റ് പ്രിന്റിങ്, ദുബായിലെ ചിത്രകാരിയായ ട്രീസ മരിയ രാജന്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ചീട്ടുകള്‍ മുഖം മിനുക്കുന്നത്. പരമ്പരാഗത കേരള പശ്ചാത്തലത്തില്‍ കാര്‍ഡുകളുടെ ഡെക്ക് ഒരുക്കുകയാണ് ഇവര്‍. കഥകളി പ്രമേയമുള്ള കാര്‍ഡുകള്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും കേരള ശൈലിയില്‍ നിര്‍മ്മിച്ച ഡെക്ക് ആണ് 'മലബാര്‍ ഷഫിള്‍' പുറത്തിറക്കുന്നത്.
ചിത്രം വരയോട് ഏറെ താത്പര്യമുള്ള ട്രീസ തന്റെ ചിത്രങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു വേദി ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു വിനോദമായിട്ടായിരുന്നു ആദ്യം ഡിസൈനുകള്‍ തയ്യാറാക്കിയത്. പിന്നീട് കാര്‍ഡുകളിലെ ഫ്യൂഷന്‍ ആവേശകമായ അനുഭവമായി മാറുകയായിരുന്നു. ട്രീസ പറയുന്നു. ഇതിനിടെയാണ്, അനശ്വരയുടെ ബ്രാന്‍ഡായ 'ബ്ലാങ്ക്വേഴ്സ്' ട്രീസയുടെ ചിത്രങ്ങള്‍ കണ്ടെത്തുന്നതും അതിനെ ഒരു പൂര്‍ണ ഡെക്കായി വികസിപ്പിക്കാം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതും.
കേരളത്തിന്റെ സംസ്‌കാരമാണ് കാര്‍ഡുകളില്‍ അടയാളപ്പെടുത്തുന്നത്. കസവു മുണ്ടുകള്‍ ധരിച്ച രാജാക്കന്മാര്‍. പരമ്പരാഗത ആഭരണങ്ങളും, കേശാലങ്കാരങ്ങളുമായി സ്ത്രീകള്‍ രാജ്ഞിമാരായി, ഓട്ടം തുള്ളല്‍ ജോക്കറിന് പകരക്കാരനായി. ഒരിക്കല്‍ ഓട്ടം തുള്ളല്‍ നേരിട്ട് കാണാനിടയായിരുന്നു, അതിലെ നര്‍മ്മവും ഭാവങ്ങളും ഏറെ ആകര്‍ഷിച്ചു. ഇതാണ് കാര്‍ഡുകളിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചത്. അങ്ങനെയാണ് ഓട്ടം തുള്ളല്‍ ജോക്കര്‍ ആയി പരിണമിച്ചത്. ട്രീസ പറയുന്നു.
ചിത്രങ്ങള്‍ക്ക് രാജാ രവിവര്‍മ്മ പെയിന്റിങ്ങുകള്‍, ഹില്‍ പാലസിലെ ഛായാചിത്രങ്ങള്‍, 'പഴശ്ശി രാജ', 'ഉറുമി' പോലുള്ള ചരിത്ര സിനിമകള്‍ എന്നിവയും പ്രചോദനമായി. കാര്‍ഡുകള്‍ കാഴ്ചയില്‍ സമ്പന്നമായി തോന്നണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അര്‍ത്ഥങ്ങളേക്കാള്‍ ചീട്ടുകളിയ്ക്ക് ആഡംബരവും നമ്മുടെ പാരമ്പര്യങ്ങളിലൂന്നിയ ആകര്‍ഷണീയതയും നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ട്രീസ പറയുന്നു.
ഡിസംബറിലാണ് ആദ്യമായി ഇത്തരത്തില്‍ കാര്‍ഡുകള്‍ വിപണിയില്‍ എത്തിയത്. മെയ് മാസത്തോടെ കാര്‍ഡുകള്‍ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഓണ്‍ലൈന്‍ വില്‍പ്പന സജീവമായി, ആവശ്യക്കാരും വര്‍ധിച്ചു. കാര്‍ഡുകള്‍ തേടിയെത്തുന്നവരില്‍ കൂടുതലും യുവാക്കളാണ്. സൗന്ദര്യശാസ്ത്രവും പ്രിന്റ് ഗുണനിലവാരവും കൂടിയാണ് ഇത്തരം കാര്‍ഡുകളെ ജനപ്രിയമാക്കുന്നതെന്ന് അനശ്വര ഓഫ്സെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ അരുണ്‍ തോമസ് പറഞ്ഞു.
കാര്‍ഡുകളുടെ 'ഒരു ഡെക്കിന് 325 രൂപയും, രണ്ടെണ്ണത്തിന് 600 രൂപയും, മൂന്നെണ്ണത്തിന് 800 രൂപയുമാണ് വില. പത്ത് ഡെക്കുകളുടെ പായ്ക്കറ്റുകളില്‍ ഓണ്‍ലൈനായും സ്റ്റോറിലും ഈ കാര്‍ഡുകള്‍ ലഭ്യമാണ്. കസ്റ്റം ബള്‍ക്ക് ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലെ യഥാര്‍ത്ഥ രാജാക്കന്മാരെയും രാജ്ഞികളെയും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സെറ്റ് കാര്‍ഡുകളുടെ പണിപ്പുരയിലാണ് തങ്ങളെന്നും,' അരുണ്‍ തോമസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates