ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി ഫയൽ/പിടിഐ
Life

Rama navami: രാമനവമി ഇന്ന്: അയോധ്യയിലെ രാംലല്ലയില്‍ സൂര്യ രശ്മി പതിക്കും; പ്രത്യേകതകള്‍ എന്തെല്ലാം?

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി

സമകാലിക മലയാളം ഡെസ്ക്

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ദശരഥന്റെയും കൗസല്യയുടെയും മകനായി അയോധ്യയിലാണ് ശ്രീരാമന്‍ ജനിച്ചത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനമായതിനാല്‍ ചൈത്രനവമി എന്നും രാമനവമി അറിയപ്പെടുന്നു.

നീണ്ട ഒന്‍പത് ദിവസത്തെ ചൈത്ര നവരാത്രി ആഘോഷങ്ങളില്‍ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുകയും ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ വര്‍ണാഭമായി അലങ്കരിക്കുകയും ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും അതിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യും. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് രാമനവമി ആഘോഷിക്കുന്നത്. ഈ ദിവസത്തില്‍ ക്ഷേത്രങ്ങള്‍ ഭംഗിയായി അലങ്കരിക്കുന്നു. അമ്പലങ്ങളില്‍ രാമായണ പാരായണവും ഉണ്ടായിരിക്കും. പൂര്‍ണ്ണമായ അനുഗ്രഹസിദ്ധിക്കായി, ഈ ഒന്‍പത് ദിവസങ്ങളിലോ അല്ലെങ്കില്‍ ആദ്യത്തേയും അവസാനത്തെയും ദിവസങ്ങളിലോ ഉപവാസം അനുഷ്ഠിച്ച് വരാറുണ്ട്.

ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ ഈ ദിനങ്ങളില്‍ ധ്യാനിക്കുന്നതും രാമായണവും മറ്റുവേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും ഏറെ നല്ലതാണെന്നാണ് വിശ്വാസം. ഭൂമിയില്‍നിന്നും ചുറ്റുപാടുകളില്‍ നിന്നും തിന്മയെ ഒഴിവാക്കി ദൈവീകമായ ശക്തി പ്രവേശിക്കുന്ന സമയമായതിനാല്‍ ഐശ്വര്യവും സമൃദ്ധിയും വീട്ടിലേക്ക് ഒഴുകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതുപോലെ തന്നെ, ഈ സമയങ്ങളില്‍ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.

ശര്‍ക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. ഇന്ത്യയിലെ എല്ലാ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശ്രീരാമന്റെ ജന്മസ്ഥാനമായ അയോദ്ധ്യയില്‍ അന്നേദിവസം ആയിരങ്ങള്‍ സരയൂനദിയില്‍ സ്‌നാനം ചെയ്യും. ഇത് കൂടാതെ, തെലങ്കാനയിലെ ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം, തമിഴ്‌നാട്ടിലെ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും രാമനവമി പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.

രാമനവമി ദിവസം ചെയ്യേണ്ടത്

രാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ചു ശുദ്ധിയായി വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. അതിനുശേഷം ശ്രീരാമനെയും ലക്ഷ്മണനെയും സീതാ ദേവിയെയും ആരാധിക്കുക. ആദ്യം കുങ്കുമം, വെണ്ണ, ചന്ദനം മുതലായവ കൊണ്ട് തിലകം ചാര്‍ത്തുക. ഇതിനു ശേഷം അരിയും തുളസിയിലയും നിവേദിക്കുക. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും തുളസി വളരെ പ്രിയപ്പെട്ടതാണ്. ഇതിനുശേഷം, പുഷ്പങ്ങള്‍ അര്‍പ്പിക്കുക, തുടര്‍ന്ന് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക, വെള്ളം സമര്‍പ്പിക്കുക. ശേഷം നെയ്യ് വിളക്കും കുന്തിരിക്കവും കത്തിക്കുക. ശ്രീ രാമചരിത മാനസം, രാമ രക്ഷാ സ്‌തോത്രം അല്ലെങ്കില്‍ രാമായണം എന്നിവ പാരായണം ചെയ്യുക. ആരതിയും മറ്റും ചെയ്ത പ്രസാദം എല്ലാവര്‍ക്കും വിതരണം ചെയ്യുക.

സൂര്യ തിലക് ചടങ്ങ്

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകളില്‍ പ്രതിഷ്ഠയുടെ നെറ്റിയില്‍ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങും ഇന്ന് നടക്കും. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളില്‍ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്.ഹൈ ക്വാളിറ്റി കണ്ണാടികളുടേയും ലെന്‍സുകളുടേയും സഹായത്തോടെയാണ് സൂര്യ രശ്മികള്‍ പ്രതിഷ്ഠയുടെ നെറ്റിയില്‍ പതിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ചടങ്ങിന് ദൃക്‌സാക്ഷിയാവാനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് രാമക്ഷേത്രത്തിലേക്ക് എത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാവും ചടങ്ങ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

SCROLL FOR NEXT