

ചെന്നൈ : രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം ഇന്ന് ( ഞായറാഴ്ച) പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണിത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. ഉച്ചയ്ക്ക് 12.45ന് തമിഴ്‌നാട് ടൂറിസം ഗ്രൗണ്ടിലാണ് ചടങ്ങ്.
തീര്‍ത്ഥാടനകേന്ദ്രമായ രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍പാലത്തെ പ്രധാനമന്ത്രി റിമോട്ടുപയോഗിച്ച് ലംബമായി ഉയര്‍ത്തി ഉദ്ഘാടനംചെയ്യും. രാമനവമി ദിവസമായ ഇന്ന് രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് മോദി ഉദ്ഘാടനം ചെയ്യുക. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും നിര്‍വഹിക്കും.
1914ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാമ്പന്‍ പാലം 2022 ഡിസംബറില്‍ ഡീകമീഷന്‍ ചെയ്തതോടെയാണ് 535 കോടി രൂപ ചെലവില്‍ കൂടുതല്‍ സുരക്ഷിതമായ പുതിയ പാലം നിര്‍മിച്ചത്.പഴക്കവും സുരക്ഷാ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് ഡീകമീഷന്‍ ചെയ്തത്.
ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പ്പെടുത്തി ഇരുവശത്തേക്കും ഉയര്‍ത്തുന്ന സംവിധാനമായിരുന്നു പഴയ പാലത്തിന്റേത്. എന്നാല്‍ വലിയ കപ്പലുകള്‍ക്ക് അടക്കം സുഗമമായി പോകാന്‍ കഴിയുന്ന തരത്തില്‍ അഞ്ചുമിനുട്ട് കൊണ്ട് ലിഫ്റ്റ് സ്പാന്‍ 17 മീറ്ററോളം നേരെ ഉയര്‍ത്താവുന്ന സംവിധാനമാണ് പുതിയ പാലത്തില്‍. ഈ പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലം ഉയര്‍ത്താന്‍ 3 മിനിറ്റും താഴ്ത്താന്‍ 2 മിനിറ്റുമാണ് വേണ്ടിവരിക.
പാലത്തിന്റെ പ്രത്യേകതകള്‍:
72.5 മീറ്റര്‍ നാവിഗേഷന്‍ സ്പാന്‍ 17 മീറ്റര്‍ വരെ ഉയര്‍ത്താം, അതുവഴി വലിയ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയും.
നിലവിലുള്ളതിനേക്കാള്‍ 3 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്, ഇത് സീ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നു.
കൂടുതല്‍ ഈട് നില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബലപ്പെടുത്തലും ഉയര്‍ന്ന നിലവാരമുള്ള സംരക്ഷണ പെയിന്റിന്റെ ഉപയോഗവും നടന്നിട്ടുണ്ട്.
പാലത്തിന്റെ ഉപഘടന രണ്ട് ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിംഗില്‍ ലൈനിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് സൂപ്പര്‍സ്ട്രക്ചര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates