

മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിലുള്ള പൊതുചർച്ച ആത്മപരിശോധനയും അംഗങ്ങളെ വിമർശിക്കുന്നതായും മാറി. പാർട്ടിയുടെ ദുർബലമാകുന്ന അടിത്തറ, അംഗങ്ങളുടെ കൊഴിഞ്ഞു പോക്ക്, ആരോപണങ്ങൾ ഏറ്റെടുക്കുന്നതിലെ പരാജയം എന്നിവയെല്ലാം ചർച്ചയായി.
സംഘടനാ റിപ്പോർട്ട് സംസ്ഥാന തലത്തിലെ വീഴ്ചകളിലേക്കും വിരൽ ചൂണ്ടുന്നു. തെലങ്കാനയിൽ അഴിമതിയുടെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ദേശീയ സമ്മേളനത്തിന് തൊട്ടുപിന്നാലെ പാർട്ടി തിരുത്തൽ കാംപെയ്‌ൻ ആരംഭിക്കും.
അംഗങ്ങളുടെ കൊഴിഞ്ഞു പോക്ക് തടയാനായി അടുത്ത വർഷം അംഗത്വം പുതുക്കുന്നതിനു 5 മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു തീരുമാനിച്ചു. അഴിമതി, അനഭിലഷണീയമായ നടപടികൾ എന്നിവ സംബന്ധിച്ചു പാർട്ടി കോൺഗ്രസിനു ശേഷം തിരുത്തൽ പ്രക്രിയ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ പാർട്ടി കോൺഗ്രസുമായി താരതമ്യപ്പെടുത്തുമ്പോൾ 35,000-ത്തോളം അംഗങ്ങളുടെ വർധനവ് ഉണ്ടായിട്ടുണ്ട്. 2021ൽ അംഗസംഖ്യ 9,85,757 ആയിരുന്നെങ്കിൽ 2024ൽ അത് 10,19,009 ആയി. കേരളത്തിൽ 2021ൽ 5,27,174 ആയിരുന്ന അംഗസംഖ്യ 2024ൽ 5,64,895 ആയി ഉയർന്നു. എന്നാൽ 2022ൽ കണക്കുകൾ നോക്കുമ്പോൾ അംഗസംഖ്യ കുറഞ്ഞു എന്നാണ് വിലയിരുത്തൽ. 2022ൽ 10,30,282 ആയിരുന്നെങ്കിൽ 2024ൽ 10,19,009 ആയി കുറഞ്ഞു.
ചർച്ചയിൽ സംസാരിച്ച പ്രതിനിധികൾ കേന്ദ്ര നേതൃത്വം താഴെത്തട്ടിലുള്ള നേതാക്കളുമായുള്ള ബന്ധം അവഗണിക്കുകയാണെന്നും അവരുമായി ബന്ധപ്പെടാൻ വേണ്ടത്ര ശ്രമങ്ങൾ നടത്തുന്നില്ലെന്നും വിമർശിച്ചു. പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നതായി മറ്റൊരംഗം ചൂണ്ടിക്കാട്ടി. പാർട്ടി ദുർബലമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര നേതാക്കൾ വരുമ്പോൾ അവർ പരിപാടികളിൽ പങ്കെടുക്കുക മാത്രമല്ല പ്രാദേശിക നേതാക്കളെ കാണാനും അവർക്ക് മാർഗ നിർദേശം നൽകാനും ശ്രമിക്കണമെന്നും ആവശ്യമുയർന്നു.
ഇത്തരം സമീപനങ്ങളുടെ അഭാവം പാർട്ടിയുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഭൂസമരങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ബഹുജന പ്രക്ഷോഭങ്ങളൊന്നും പാർട്ടി നടത്തിയിട്ടില്ല. ഇത് സ്വാഭാവികമായും അംഗത്വത്തിലും പ്രതിഫലിക്കുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അംഗത്വ സംഖ്യ വർധിച്ചിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. എന്നാൽ കൊഴിഞ്ഞുപോകൽ നിരക്കും ഉയർന്നു നിൽക്കുന്നുണ്ട്. പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ പലരും അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നു- ഒരു മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടി.
ആശങ്കാജനകമായ കാര്യമാണിത്. പാർട്ടി അംഗങ്ങൾക്കിടയിൽ നിലവാരത്തകർച്ച പ്രകടമാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസുമായി താരതമ്യപ്പെടുത്തുമ്പോൾ 14 സംസ്ഥാനങ്ങളിൽ അംഗ സംഖ്യ വർധിച്ചിട്ടുണ്ട്. എന്നാൽ 11 സംസ്ഥാനങ്ങളിൽ ഇടിവുമുണ്ടായിട്ടുണ്ട്.
ഇതിന്റെ കാരണങ്ങളും കുറവും പരിശോധിക്കുകയാണെന്നു പോളിറ്റ് ബ്യൂറോ അംഗം ബിവി രാഘവുലു പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ അംഗത്വത്തിലെ കുറവ് ഏകദേശം 6 ശതമാനമാണ്. മറ്റ് ചില സംസ്ഥാനങ്ങളിൽ ഇത് കൂടുതലാണ്. കേരളത്തിലും കുറവു വന്നിട്ടുണ്ട്. കേരളത്തിലെ പാർട്ടി ഘടകം സ്ഥിതിഗതികൾ ശ്രദ്ധിക്കുകയും അംഗങ്ങലെ ചേർക്കുന്ന പ്രക്രിയ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ അംഗങ്ങളെ നിയമിക്കുന്നതിന് പാർട്ടി അഞ്ച് പോയിന്റുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. 2026 ലെ അംഗത്വ പുതുക്കൽ പ്രക്രിയയിലും ഈ മാനദണ്ഡങ്ങൾ പാലിക്കുമെന്നു മുതിർന്ന ഒരംഗം വ്യക്തമാക്കി. ഈ കാലയളവിൽ അവരുടെ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കാൻ ശ്രമിക്കും.
* 2022നെ അപേക്ഷിച്ച് 2024ൽ കേരളത്തിലെ അംഗത്വം കുറഞ്ഞു.
* സ്ത്രീകളുടെ അംഗത്വം 18.2 ൽ നിന്ന് 20.2 ആയി വർധിച്ചു.
* 2024 ൽ യുവാക്കളുടെ അംഗത്വം 19.5 ൽ നിന്ന് 22.6 ആയി വർധിച്ചു.
* ആകെയുള്ളവരിൽ 48.25 ശതമാനം തൊഴിലാളി വർഗവും 17.79 കർഷക തൊഴിലാളികളും 9.93 കർഷകരും. ആകെ 75.97 പേർ അടിസ്ഥാന വിഭാഗങ്ങളിൽ നിന്നാണ്.
* കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം ബഹുജന സംഘടനകളിലെ അംഗത്വം 64 ലക്ഷം വർധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates