സ്‌നേഹ പി Special Arrangement
Life

'മുതിര്‍ന്നവരുടെ കളിയില്‍ എത്തിപ്പെട്ട പെണ്‍കുട്ടിയല്ല', സ്‌നേഹ പി അടയാളപ്പെടുത്തുന്ന രാഷ്ട്രീയ തലമുറമാറ്റം

കേരളത്തിലെ പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സ്‌നേഹ ജനപ്രതിനിധി എന്ന നിലയില്‍ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ രാഷ്ട്രീയക്കാരി എന്നതിന് അപ്പുറത്ത് ഒരു തലമുറ മാറ്റത്തിന്റെ പ്രതീകമായി മാറുകയാണ്

ശ്യാം പി വി

എം ടി കഥകളിലൂടെ ലോകം ഗൃഹാതുരതയോടെ കണ്ട നാടാണ് നിള നദിക്കരയിലെ ഗ്രാമങ്ങള്‍. കൂടല്ലൂരും കുമ്പിടിയും എം ടി വാസുദേവന്‍ നായരുടെ തൂലികയിലൂടെ ലോക സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. ഇതേ നാട്ടില്‍ നിന്നും കേരളത്തില്‍ ചരിത്രത്തിലേക്ക് നടന്നു കയറിയ ഒരു പെണ്‍കുട്ടിയുണ്ട്. സ്‌നേഹ പി, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗം. 2022 ല്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിന് ശേഷം തൃത്താല ബ്ലോക്ക് പഞ്ചായത്തംഗമായി ചുമതലയേല്‍ക്കുമ്പോള്‍ 22 വയസ് മാത്രമായിരുന്നു സ്‌നേഹക്ക് ഉണ്ടായിരുന്നത്.

ജനപ്രതിനിധി എന്ന നിലയില്‍ മൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ രാഷ്ട്രീയക്കാരി എന്നതിന് അപ്പുറത്ത് ഒരു തലമുറ മാറ്റത്തിന്റെ പ്രതീകമായി മാറുകയാണ് സ്‌നേഹ. നേതൃപാടവം എന്നത് പ്രായം കൊണ്ട് അളക്കേണ്ടതല്ല, മറിച്ച് ദീര്‍ഘവീക്ഷണത്തില്‍ ഊന്നിയ പ്രവര്‍ത്തികളില്‍ അടയാളപ്പെടുത്തേണ്ടതാണെന്നും തെളിയിക്കുകയാണ് ഈ യുവതി.

യുവാക്കള്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രായത്തില്‍ നാട്ടുകാരുടെ ക്ഷേമത്തിനും തദ്ദേശ സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും മുഴുകുകയാണ് സ്‌നേഹ. പുതുയുഗ രാഷ്ട്രീയ നേതൃത്വത്തില്‍ ഒരു പ്രതീകമായും സ്‌നേഹ അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ജനപ്രതിനിധി ആയിരിക്കെ തന്നെ തിരുവനന്തപുരത്ത് ബി എഡ് വിദ്യാര്‍ത്ഥി കൂടിയാണ് സ്‌നേഹ.

'നാട്ടിലെ സാധാരണക്കാരായ ആളുകള്‍ക്ക് സുരക്ഷിതമായ വീടുകള്‍, മാന്യമായ റോഡുകള്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പൂർ‍ത്തിയാക്കേണ്ട ഒരു നാടിന്റെ ജന പ്രതിനിധിയാണ് ഞാന്‍. ഒരു ജനപ്രതിനിധി നിലകൊള്ളേണ്ടത് ശബ്ദമില്ലാത്തവര്‍ക്ക് ഒപ്പമാണെന്ന പാഠമാണ് രണ്ട് വര്‍ഷത്തെ പൊതുപ്രവര്‍ത്തനം കൊണ്ട് തിരിച്ചറിഞ്ഞത്.' സ്‌നേഹ പറയുന്നു

പഠനകാലം മുതല്‍ ഇടത് രാഷ്ട്രീയത്തോട് ചേര്‍ന്ന് സഞ്ചരിച്ചിരുന്ന സ്‌നേഹ പക്ഷേ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ ബിരുദ പഠനകാലത്ത് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച മുന്‍പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം കാര്യവട്ടം ക്യാംപസില്‍ പഠനകാലത്താണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് സിപിഎം നേതൃത്വം സമീപിച്ചത്. പിന്നീട് സ്‌നേഹയുടെ ജീവിതം തന്നെ മാറുകയായിരുന്നു. സജീവ രാഷ്ട്രീയം തെരഞ്ഞെടുപ്പ്, ജനപ്രതിനിധി അതുവരെ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അന്ന് സ്‌നേഹയുടെ മുന്നിലെത്തിയത്.

''വിദ്യാര്‍ത്ഥിയായ തന്റെ സ്വപ്‌നങ്ങള്‍ എല്ലാം വിദ്യാഭ്യാസത്തെയും കരിയറിനെയും ചുറ്റിപ്പറ്റിയായിരുന്നു. രണ്ടും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുമോ എന്ന് പോലും അറിയാത്ത അവസ്ഥ. ഇത്രയും പ്രായം കുറഞ്ഞ തന്നെ ജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. ആ സമയത്ത് ഒന്നും തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയപ്പോള്‍ എല്ലാം പുതിയ അനുഭവങ്ങളായിരുന്നു. അതിരാവിലെ തുടങ്ങി പാതി രാത്രിയോളം നീളുന്ന പ്രചാരണ പരിപാടികള്‍. എണ്ണമറ്റ യോഗങ്ങള്‍. നാട്ടുകാര്‍ ഒരു ഘട്ടത്തില്‍ കൗതുകത്തോടെ ആയിരുന്നു തന്നെ വീക്ഷിച്ചിരുന്നത്. പ്രായം വലിയ ചര്‍ച്ചയായിരുന്നു.'' - സ്‌നേഹ ഓര്‍ത്തെടുക്കുന്നു.

സ്‌നേഹ പി

'ഒരു കൂട്ടി എന്ന നിലയിലായിരുന്നു പലരും വിലയിരുത്തിയത്. മുതിര്‍ന്നവരുടെ കളിയില്‍ എങ്ങനെയൊ എത്തിപ്പെട്ട ഒരു പെണ്‍കുട്ടി എന്ന പരിഹാസവും നേരിട്ടിരുന്നു. എന്നാല്‍ അന്തിമ ജനവിധി തനിക്കൊപ്പം നിന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയം നേടി. ഇടതുപക്ഷം സീറ്റ് പിടിച്ചെടുക്കുകയായിരുന്നു- സ്‌നേഹ പറഞ്ഞു.

യഥാര്‍ഥ വെല്ലുവിളി അവിടെ തുടങ്ങുകയായിരുന്നു. അക്കാദമിക ജീവിതവും പൊതു പ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടുപോവുക എന്നതായിരുന്നു ഇതില്‍ ആദ്യത്തേത്. ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട ഒരു സുപ്രധാന യോഗവും പരീക്ഷയും ഒരു ദിവസം വന്നിട്ടുണ്ട്. ബ്ലോക്കുമായി ബന്ധപ്പെട്ട നയ രൂപീകരങ്ങളും പാഠപുസ്തങ്ങളും തമ്മില്‍ കുഴഞ്ഞു മറിയുന്ന അവസ്ഥ. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസം ത്യജിക്കേണ്ടതില്ലെന്ന ഉറച്ച പിന്തുണയുമായി പാര്‍ട്ടി കൂടെ നിന്നു. അതായിരുന്നു മുന്നോട്ട് പോകാനുള്ള കരുത്ത്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗമായ താന്‍ വെല്ലുവിളികളെ പതിയെ മറികടക്കുകയായിരുന്നു. യഥാര്‍ഥ രാഷ്ട്രീയം റോഡുകളും ബജറ്റുകളെയും ചുറ്റിപ്പറ്റിയല്ല, മറിച്ച് കാഴ്ചപാടുകളുടെ അടിസ്ഥിതമാണെന്നതാണ് തിരിച്ചറിവാണ് ഇക്കാലയളവില്‍ താന്‍ നേടിയത് എന്നും സ്‌നേഹ പറയുന്നു. രാഷ്ട്രീയം എന്നതിനോടുള്ള സമൂഹത്തിന്റെ കാഴ്ചപാട് മാറണം. ഖദറിട്ടതും പരിചയസമ്പന്നരുമായ കുറച്ച് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഒരു കളിക്കളം മാത്രമാണ് രാഷ്ട്രീയമെന്ന ധാരണ മാറണം. വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍ വര്‍ധിക്കേണ്ടതുണ്ട്.

തന്നെ സംബന്ധിച്ചിടത്തോളം പ്രതിബന്ധങ്ങളെ തരണം ചെയ്യലാണ് രാഷ്ട്രീയം. യുവാക്കളുടെ ശബ്ദങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കണം. വ്യവസ്ഥാപികമായ സാഹചര്യങ്ങളെ പലപ്പോഴും മറികടക്കേണ്ടിവന്നിട്ടുണ്ട്. ഭരണനിര്‍വഹണം വിദ്യാഭ്യാസത്തിന് എതിരല്ല, ഇവ രണ്ടും എപ്പോഴും ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ട് - സ്‌നേഹ പറയുന്നു.

അതേസമയം, സ്‌നേഹയുടെ പൊതു പ്രവര്‍ത്തനം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമാകുള്ള ദൗത്യം കൂടി സ്‌നേഹ ഏറ്റെടുത്തുകഴിഞ്ഞു. മാനസിക പ്രശ്‌നങ്ങളെ നിശബ്ദമായി നേരിടേണ്ടി വരുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യവുമായി സുഹൃത്തുക്കളുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് കൗണ്‍സിലിങ്ങ് സെന്റര്‍ കൂടി ഒരുക്കുകയാണ് സോഷ്യല്‍ സയന്‍സില്‍ ബി എഡ് വിദ്യാര്‍ഥിയായ സ്‌നേഹ. സിപിഎമ്മിന്റെ ഡിജിറ്റല്‍ വിഭാഗവുമായും സ്‌നേഹ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

മുന്നേറ്റങ്ങളും വിപ്ലവങ്ങളും പലപ്പോഴും നിശ്ദമായിട്ടായിരിക്കും ആരംഭിക്കുക എന്നതിന്റെ ഉദാഹരണം കൂടിയാണ് സ്‌നേഹ എന്ന ഈ യുവ ജനപ്രതിനിധി. ഗ്രാമങ്ങളുടെ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ നിന്നും വ്യവസ്ഥാപിത ലോക ക്രമങ്ങളെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയില്‍ നിന്നുമായിരിക്കും. ഇന്ന് സ്‌നേഹ വെറുമൊരു നേതാവല്ല - അവര്‍ ഒരു ശക്തിയാണ്, വരും വര്‍ഷങ്ങളില്‍ കേരളം തിരിച്ചറിയാനിക്കുന്ന ഒരു കഥയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT