ഒരു ഫോട്ടോ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന കഥ കേട്ടിട്ടുണ്ടോ? ലഖ്നൗവിലെ ഒരു റോഡിലൂടെ ബുർഖ ധരിച്ച ഒരു സ്ത്രീ സ്വിഗ്ഗി ബാഗുമിട്ട് നടന്നുനീങ്ങുന്ന ചിത്രം ഒരാൾ പകർത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ ചിത്രം ഞൊടിയിടയിലാണ് വൈറലായത്. അവരുടെ കഠിനാധ്വാനത്തെയും ആത്മവിശ്വാസത്തെയും പ്രശംസിച്ച് നിരവധിപ്പേർ എത്തി. പിന്നിൽ നിന്നെടുത്ത ഫോട്ടോ ആയതുകൊണ്ടുതന്നെ ചിത്രത്തിൽ മുഖം വ്യക്തമല്ല. ഒരൊറ്റ ചിത്രത്തിലൂടെ നിരവധിപ്പേർക്ക് പ്രചോദനമായ ആ സ്ത്രീ ആരാണെന്നറിയണോ? 40കാരിയായ റിസ്വാന ആണ് അത്. പക്ഷെ കഥയ്ക്കൊരു ട്വിസ്റ്റുണ്ട്. റിസ്വാന സ്വിഗ്ഗിയിലെ ഡെലിവറി ഏജന്റൊന്നുമല്ല!.
നാല് മക്കളുടെ അമ്മയായ റിസ്വാന വീട്ടുജോലി ചെയ്താണ് സമ്പാദിക്കുന്നത്. "ഞാൻ രാവിലെയും വൈകിട്ടും വീടുകളിൽ ജോലി ചെയ്യും, 1500 രൂപ കിട്ടും. പിന്നെ ഉച്ചയ്ക്ക് ഡിസ്പോസിബിൾ ഗ്ലാസുകളും തുണികളുമൊക്കെ ചെറുകിട കച്ചവടക്കാർക്കും മാർക്കറ്റിലെ കടക്കാർക്കും എത്തിച്ചുനൽകും. ഒരു പാക്കറ്റിന് രണ്ട് രൂപ വീതം ലഭിക്കും. അങ്ങനെ എല്ലാം ചേർത്ത് മാസം ഒരു 5000-6000 രൂപ സമ്പാദിക്കാനാകും. അതുകൊണ്ടാണ് എന്റെ വീട്ടിൽ അടുപ്പ് പുകയുന്നത്," റിസ്വാന പറഞ്ഞു.
ഒന്നും പറയാതെ പോയ ഭർത്താവ്
22കാരിയായ മൂത്ത മകൾ ലുബ്നയുടെ വിവാഹം കഴിഞ്ഞു. ഭർത്താവിന്റെ വീട്ടുകാർക്കൊപ്പമാണ് ലുബ്ന താമസിക്കുന്നത്. 19കാരി ബുഷ്റ, ഏഴ് വയസുള്ള നഷ്റ, ഇളയ മകൻ യാഷി എന്നിവർ റിസ്വാനയ്ക്കൊപ്പമുണ്ട്. എല്ലാവരും കൂടെ ജനതാ നഗർ കോളണിയിലെ ഒറ്റമുറിയിലാണ് കഴിയുന്നത്.
23 വർഷം മുമ്പ് കല്യാണം കഴിച്ച റിസ്വാനയുടെ ഭർത്താവ് ഒരു റിക്ഷാവലിക്കാരനായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ റിക്ഷ മോഷണം പോയതോടെ പണിയില്ലാതെയായി. പിന്നെയൊരു ദിവസം ആരോടും ഒന്നും പറയാതെ അയാൾ അപ്രത്യക്ഷനായി.
അപ്പോ ആ ബാഗ്?
ഈ കഥ കേൾക്കുമ്പോൾ സ്വാഭാവികമായും ചിത്രത്തിൽ കണ്ട സ്വിഗ്ഗിയുടെ ബാഗ് പലരിലും സംശയമുണർത്തും. ഡിസ്പോസിബിൾ ഗ്ലാസും കപ്പുമെല്ലാം വെക്കാനായി റിസ്വാന കണ്ടെത്തിയ ബലമുള്ള ഒരു ബാഗ് മാത്രമാണത്. എന്തിനധികം ഈ സംഭവത്തിന് മുമ്പ് സ്വിഗ്ഗിയെക്കുറിച്ചോ ഇങ്ങനെയൊരു ജോലി സാധ്യതയെക്കുറിച്ചോ റിസ്വാന കേട്ടിട്ടുപോലുമില്ല എന്നതാണ് വാസ്തവം. ദലിഗഞ്ച് പാലത്തിൽ ഒരാൾ ഇത് വിൽക്കുന്നത് കണ്ടപ്പോൾ 50രൂപ നൽകി വാങ്ങിയതാണ് ബാഗെന്ന് റിസ്വാന പറയുന്നു. "അന്നുമുതൽ എന്റെ സാധനങ്ങളെല്ലാം ഞാൻ ഈ ബാഗിലാണ് സൂക്ഷിക്കുന്നത്. ഞാൻ സ്വിഗ്ഗിക്കുവേണ്ടി ജോലി ചെയ്യുന്നൊന്നുമില്ല പക്ഷെ ദിവസവും 20-25 കിലോമീറ്റൽ എന്റെ സാധനങ്ങളെല്ലാമിട്ട് ഈ ബാഗുമായി ഞാൻ നടക്കും," അവർ കൂട്ടിച്ചേർത്തു.
'ആ വൈറൽ ചിത്രം കണ്ടു'
ആ വൈറൽ ചിത്രം റിസ്വാനയും കണ്ടു. "ഒരു കടക്കാരനാണ് എനിക്കത് കാണിച്ചുതന്നത്. പിന്നീട് എന്നെ കാണാൻ ഒരാൾ വന്നിരുന്നു. അയാൾ എന്റെ ബാങ്ക് വിവരങ്ങൾ വാങ്ങിക്കൊണ്ടുപോയി. അതിനുശേഷം നിരവധി ആളുകളാണ് എനിക്ക് സഹായവുമായി എത്തുന്നത്. എന്റെ ജീവിതത്തിൽ ഒരു നല്ല മാറ്റം സംഭവിക്കുകയാണെന്ന് എനിക്ക് തോന്നുന്നു," റിസ്വാന പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates