കൊച്ചി: ട്രെയിനിന്റെ വാതിലിന് പുറത്തു നിന്ന് കേട്ട കരച്ചിലും പടിയില്‍ കണ്ട കൈയും അവഗണിച്ചിരുന്നുവെങ്കില്‍ ഒരു ജീവന്‍ പൊലിഞ്ഞേനെ. തൃപ്പൂണിത്തുറ സ്വദേശിയും ന്യൂട്രീഷ്യനുമായ ഉഷ സുരേഷ് ബാബുവിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ടിക്കറ്റ് ഇല്ലാതിരുന്നതിനാല്‍ ടിടിആര്‍ തൃപ്പൂണിത്തുറയില്‍ നിന്നും ഇറക്കി വിട്ട ഇതര സംസ്ഥാനക്കാരനെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.25ന് വഞ്ചിനാട് എക്‌സ്പ്രസിലുണ്ടായ അപകടത്തെക്കുറിച്ച് മഹാരാജാസ് കോളജിലെ മലയാളം വിഭാഗം മേധാവിയായ ഡോ.സുമി ജോയി എഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
റെയിൽവേപ്പാളത്തിൽ തൊട്ടടുത്ത് തൂങ്ങിക്കിടന്ന മരണം , പിടികിട്ടാതെ മടങ്ങിപ്പോകുന്നതു കണ്ടു.
ഞങ്ങൾ ( മഹാരാജാസ് കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം അധ്യക്ഷൻ Santhosh T Varghese സന്തോഷ് ടി വർഗീസും )രാവിലെ തൃപ്പൂണിത്തുറയിൽ നിന്നും വഞ്ചിനാടിന് കയറിയതാണ്. തിരുവനന്തപുരത്തേക്ക് സംഘടനാപരമായ ഉത്തരവാദിത്വങ്ങൾക്കായുള്ള യാത്രയാണ്.
എനിക്കും സന്തോഷിനും എ.സി. കംപാർട്ടുമെൻ്റിൽ വാതിലിന് തൊട്ടടുത്ത് ഇരുപുറവുമായാണ് സീറ്റ് കിട്ടിയത്. എൻ്റെ സീറ്റ് നമ്പർ 2 . സന്തോഷിൻ്റേത് 3 . വിൻഡോ സീറ്റിൽ ( സീറ്റ് നമ്പർ 1 ) ടിടിആറിൻ്റെ ബാഗ് ഇരിപ്പുള്ളതിനാൽ ഞാൻ എൻ്റെ സീറ്റിൽതന്നെ ഇരുന്നു. (ഒഴിഞ്ഞു കിടക്കുന്ന വിൻഡോ സീറ്റ് ഒരു പ്രലോഭനമാണ് )ഞാൻ സീറ്റിൽ ഇരുന്ന് ഏതാനും നിമിഷങ്ങൾക്കകം വണ്ടി വിട്ടു കഴിഞ്ഞു. എൻ്റെ സീറ്റ് ,അല്പം തുറന്നു കിടക്കുന്ന വാതിലിൻ്റെ തൊട്ടടുത്തായതിനാൽ വാതിലിനു വിടവിലൂടെ ആരോ കരയുന്ന പോലൊരു ശബ്ദം കേൾക്കാൻ പറ്റി. പുറത്തുനിന്നും ഒരു സ്ത്രീ ഹൃദയവിഷമത്തോടെ കരയുകയാണെന്ന് തോന്നി. എന്തോ ആപത്ത് മനസ്സു പറഞ്ഞു. പെട്ടെന്ന് ചാടിയെണീറ്റ് " സന്തോഷേ ആരോ കരയുന്നുണ്ട്.. " "ആണോ " .സന്തോഷും ചാടിയെണീറ്റു. ഞങ്ങൾ രണ്ടു പേരും കംപാർട്ടുമെൻ്റിലുള്ളവരുടെ ശ്രദ്ധയിൽപ്പെടുംവിധം ഉറക്കെ പറഞ്ഞു കൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് കുതിച്ചു.വാതിലിനു പുറത്ത് ഒരു സ്ത്രീ നിൽപ്പുണ്ട്. അവരാണ് ബഹളം വയ്ക്കുന്നത്.
"എനിക്കു പറ്റുന്നില്ല" എന്നാണവർ പറഞ്ഞ് നിലവിളിക്കുന്നത്. നോക്കുമ്പോൾ പ്ലാറ്റ് ഫോമിനും ട്രെയിനും ഇടയിൽ കിടക്കുന്ന ആരെയോ അവർ വീഴാതെ പിടിച്ചു വച്ചിരിക്കുകയാണ്. തൂങ്ങിക്കിടക്കുന്ന വ്യക്തിയുടെ കൈ മാത്രമേ കാണാൻ പറ്റുന്നുള്ളു. ട്രെയിൻ്റെ വേഗം കൂടുന്നതിനനുസരിച്ച് അവർക്ക് പിടിച്ചു നിർത്താൻ പറ്റാതാകുന്നു. അതാണവർ പിടി വിടാതെ ഉറക്കെ നിലവിളിച്ചത്. സന്തോഷ് ഉടനെ ചങ്ങല വലിക്കാൻ ഓടി. ഞങ്ങളുടെ ബഹളം കേട്ട് ഒപ്പം എത്തിയ ഒരു ചെറുപ്പക്കാരൻ ആ മനുഷ്യനെ പിടിച്ചുയർത്താൻ തുടങ്ങുകയും ചെയ്തു . വണ്ടി സ്റ്റേഷനിൽ നിന്നും എടുത്ത് ഒരു മിനിറ്റ് കഴിഞ്ഞതേയുള്ളതിനാൽ വണ്ടി വേഗം തന്നെ നിന്നു.വണ്ടി നിന്നതോടെ
ചെറുപ്പക്കാരന് തൂങ്ങിക്കിടക്കുന്നയാളെ വലിച്ച് പുറത്തേക്കെടുക്കാനുമായി.
നോക്കുമ്പോൾ നാടോടിയായ ഒരു മനുഷ്യനാണ്.
നന്നേ മെല്ലിച്ച് പ്രായം ചെന്ന ഒരു മനുഷ്യൻ. ജീർണിച്ചിരുണ്ട മുണ്ടും ബട്ടൻസ് പൊട്ടിയ ഷർട്ടും എണ്ണ കാണാതെ പാറിപ്പറക്കുന്ന തലമുടിയും ഒട്ടിയ വയറും ശോഷിച്ച കാലുകളും. എല്ലാം അയാളുടെ നിസ്സഹായതയ്ക്ക് ആഴം കൂട്ടുന്നുണ്ടായിരുന്നു.
പുറത്തേക്ക് വലിയ പരിക്ക് തോന്നിയില്ല.
പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയിൽ വലിയ പരിക്കില്ലാതെ തൂങ്ങി ക്കിടക്കാൻ അയാളെ സഹായിച്ചത് ഈ മെല്ലിച്ച ശരീരപ്രകൃതിയും വസ്ത്രധാരണ രീതിയും തന്നെ.
പെട്ടെന്നു തന്നെ ടി.ടി .ആർ . ഓടിയെത്തി. വാതിലിനടുത്ത് ചുളുങ്ങിയ പുതപ്പുപോലെ മിണ്ടാനാകാതെ അവശനായി കിടക്കുന്ന അയാളെ പരിശോധിച്ചപ്പോൾ ദേഹത്ത് മുറിവില്ലെങ്കിലും വശങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. നന്നായി ചോര വീഴുന്നുമുണ്ട്. ഉടനെതന്നെ അയാളെ ആശുപത്രിയിലേക്കെത്തിക്കാനായി പ്ലാറ്റ് ഫോമിലേക്ക് മാറ്റി.
എറണാകുളത്തു നിന്ന് ടിക്കറ്റില്ലാതെ കയറിയ അയാളെ ടി ടി ആർ തൃപ്പൂണിത്തുറയിൽ ഇറക്കിവിട്ടതാണെന്നറിയുന്നു. വണ്ടി വിടുമ്പോൾ അയാൾ മറ്റൊരു ബോഗിയിൽ ചാടിക്കയറുമെന്ന് ടിടിആറും വിചാരിച്ചില്ല. പരുക്കേറ്റ് ചോരയൊലിക്കുന്ന ആ യാത്രക്കാരനെ വണ്ടിയിൽ നിന്ന് ഇറക്കിയതിനു ശേഷം വണ്ടി വിട്ടു; 10 മിനിട്ടുകൾക്കു ശേഷം .
യാതൊരു പരിചയവുമില്ലാത്ത നാടോടിയായ ആ മനുഷ്യനെ അനധികൃതമായി ചാടിക്കയറുന്ന ആളാണെന്ന് മനസ്സിലായിട്ടും, സാഹസികമായിത്തന്നെ ഒരു കൈ കൊടുത്ത് സെക്കൻ്റുകളോളം പാളത്തിലേക്ക് വീണു പോകാതെ പിടിച്ചു നിർത്തിയ, മറ്റുള്ളവരുടെ ശ്രദ്ധ കിട്ടും വിധം ഉറക്കെ വിളിച്ച് ആളെക്കൂട്ടിയ ,
ആ പ്രിയ സഹോദരിക്ക് - യാത്രക്കാരിക്ക് - (ഉഷ സുരേഷ് ബാബു (ന്യൂട്രീഷണിസ്റ്റാണ്) തൃപ്പൂണിത്തുറ ) ഹൃദയത്തോളം പോന്ന അഭിവാദ്യങ്ങൾ; പിടിച്ചുയർത്തിയ ആ ചെറുപ്പക്കാരനും .ഒപ്പം ആപത്തിൻ്റെ ആ അത്യുഗ്രനിമിഷത്തിൽ ഒട്ടും പതറാതെ ചങ്ങല വലിക്കാനോടിയ സന്തോഷിനും.
കാരണം ഇവരെല്ലാം ചേർന്ന് തോൽപ്പിച്ചത് ദാരുണവും ഭീകരവുമായ ഒരു മരണത്തെയായിരുന്നല്ലോ ; അതുവഴി രക്ഷിച്ചെടുത്തത് സാധുവായ ഒരു മനുഷ്യൻ്റെ ജീവിതത്തെയുമായിരുന്നല്ലോ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates