ജനിച്ചയുടന്‍ മോഷ്ടിക്കപ്പെട്ട ഇരട്ട സഹോദരിമാര്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. സിനിമ കഥയല്ല, സിനിമയെ വെല്ലുന്ന ജീവിതം...
1972ല്‍ ഹേമാ മാലിനി ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് 'സീത ഔര്‍ ഗീത'. ചിത്രത്തില്‍ ജനിച്ചയുടന്‍ വേര്‍പിഞ്ഞു വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ച് ഒടുവില്‍ സഹോദരിമാര്‍ പരസ്പരം തിരിച്ചറിയുന്നതാണ് കഥ. അതിന് സമാനമായി യഥാര്‍ഥ ജീവിത കഥയാണ് ആമിയുടെയും അനോയുടെയും.
ഇരട്ട സഹോദരിമാരായ ആമി ക്വിറ്റിയയും അനോ സര്‍താനിയും ജനിച്ചയുടന്‍ ആശുപത്രിയില്‍ നിന്നും മോഷ്ടിക്കപ്പെട്ടു. ഒരേ നഗരത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ആ പെണ്‍കുട്ടികള്‍ വളര്‍ന്നു. 12 വയസുള്ളപ്പോഴാണ് ഒരു ടിവി ഷോയില്‍ തന്റെ അതേ മുഖഛായയുള്ള ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നതു കണ്ടത്. പലരും ശ്രദ്ധിച്ചെങ്കില്‍ മുഖഛായ മാത്രമാണെന്ന് വിലയിരുത്തി ആ സംഭവത്തെ തള്ളി. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആമി ടിക് ടോക്കില്‍ ചെയ്ത ഒരു വിഡിയോ വൈറലായത് ഒരു സുഹൃത്ത് മുഖേന അനോ സര്‍താനിയ കാണാന്‍ ഇടയായി. അതായിരുന്നു വഴിത്തിരിവായത്.
ആമിയെ കണ്ടെത്താന്‍ അനോ സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സഹായം അഭ്യര്‍ഥിച്ച് യൂണിവേഴ്‌സിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആമിയുടെ വിഡിയോ സഹിതം അനോ പങ്കുവെച്ചു. ആമിയുടെ ഒരു സുഹൃത്ത് ഈ വിഡിയോ കാണാന്‍ ഇടയായി. അങ്ങനെ ഇരുവര്‍ക്കും പരസ്പരം ബന്ധപ്പെടാനായി. 'ഇത്രയും നാള്‍ ഞാന്‍ നിന്നെ തിരയുകയായിരുന്നു'- ആമിയുടെ മെസ്സേജിന് 'ഞാനും' എന്നായിരുന്നു അനോയുടെ മറുപടി.
നൃത്തവും സംഗീതവും സ്റ്റൈലും ഒരുപോലെ ഇഷ്ടമുള്ള ഇരുവര്‍ക്കും ജനിതക രോഗമായ ഡിസ്പ്ലാസിയയും ഉണ്ടെന്ന് കണ്ടെത്തി. പടിഞ്ഞാറന്‍ ജോര്‍ജിയയിലെ കിര്‍റ്റ്‌സ്‌കി മെറ്റേണിറ്റി ഹോസ്പിറ്റലിലാണ് ഇരുവരും ജനിച്ചത് എന്നാല്‍ ഇരുവരുടെയും ജനന തീയതി വ്യത്യായപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി.
ഒടുവില്‍ അവര്‍ നേരിട്ട് കാണണമെന്ന് തീരുമാനിച്ചു. അങ്ങനെ ടിബിലിസിലെ റുസ്തവേലി മെട്രോ സ്‌റ്റേഷനില്‍ ആ ഇരട്ട സഹോദരങ്ങള്‍ ആദ്യമായി പരസ്പരം കണ്ടുമുട്ടി. കുട്ടികളുണ്ടാകാത്ത തങ്ങളോട് പ്രാദേശിക ആശുപത്രിയില്‍ ഒരു കുഞ്ഞ് ഉണ്ടെന്ന് പറഞ്ഞാണ് ദത്തെടുക്കാന്‍ തയ്യാറായതെന്ന് ആമിയുടെയും അനോയുടെയും വളര്‍ത്തമ്മമാര്‍ പറഞ്ഞു.
ശേഷം സ്വന്തം അമ്മയെ തിരക്കിയുള്ള യാത്രയായിരുന്നു ഇരുവരും. ആ യാത്രയില്‍ ആദ്യം കണ്ടുമുട്ടിയത് മറ്റൊരു സഹോദരിയെയായിരുന്നു. തങ്ങളുടെ കഥ ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ ആമി പങ്കുവെച്ചു. പിന്നാലെ 2002ല്‍ തന്റെ അമ്മ കിര്‍റ്റ്‌സ്‌കി മെറ്റേണിറ്റി ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നെന്നും കുട്ടികള്‍ മരിച്ചുപോയെന്നുമാണ് പറഞ്ഞിരുന്നതെന്നും ഒരു യുവതി കമന്റ് ചെയ്തു. പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെ അത് തങ്ങളുടെ സഹോദരിയാണെന്ന് അവര്‍ കണ്ടെത്തി.
ആസ ഷോനി, ഇരട്ടകളുടെ അമ്മ പ്രസവത്തിന് പിന്നാലെ കോമയിലേക്ക് വീണു. തുടര്‍ന്ന് ഭര്‍ത്താവ് ഗോച്ച ഗഖാരിയ ആണ് ഇരട്ടക്കുട്ടികളെ വിറ്റത്. ജോര്‍ജിയയില്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് പ്രസവത്തിന് പിന്നാലെ മോഷ്ടിച്ച് വില്‍ക്കപ്പെടുന്നത്. ജർമനിയിൽ കഴിയുന്ന അമ്മയെയും സഹോദരിയേയും കണ്ട സന്തോഷത്തിലാണ് ഇന്ന് ഈ ഇരട്ട സഹോദരിമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates