പരിശോധനയിൽ കാൻസറാണെന്ന് തെറ്റായി കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷത്തെ അനാവശ്യ ചികിത്സയ്ക്ക് ശേഷം യുവതിക്ക് നഷ്ടപരിഹാരം. യുകെയിൽ മേഗൻ റോയൽ എന്ന 33കാരി സ്‌കിൻ കാൻസർ ആണെന്ന് തെറ്റുദ്ധരിച്ച് രണ്ട് വർഷമാണ് ചികിത്സ നടത്തിയത്. ലണ്ടനിലെ തിയറ്റർ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്ന മേഗന് 2019ലാണ് സ്‌കിൻ കാൻസർ ഉണ്ടെന്ന് പരിശോധന റിപ്പോർട്ട് വരുന്നത്.
കയ്യിൽ ഒരു മറുക് വളരുകയും അവിടെ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മേഗൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. ബയോപ്‌സി നടത്തിയപ്പോൾ സ്‌കിൻ കാൻസർ ആണെന്ന് സ്ഥിരീകരിച്ചു. അന്ന് 29 വയസായിരുന്നു മേഗന്. തുടർന്ന് ലണ്ടനിലെ ദി റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് കാൻസർ യൂണിറ്റിലേക്ക് മേഗന് റഫർ ചെയ്തു. തുടർന്ന് കാൻസർ ആണെന്ന് പറഞ്ഞ ഭാഗവും ചുറ്റുമുള്ള ടിഷ്യുവും നീക്കം ചെയ്തു.
ചികിത്സയുടെ ഭാഗമായി ഒൻപതു തവണയാണ് മേഗൻ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയമായത്. പ്രത്യുൽപാദന ക്ഷമതയ്ക്ക് അപകടസാധ്യതയുള്ളതിനാൽ മേഗന്റെ എഗ്ഗും ഫ്രീസ് ചെയ്തിരുന്നു. എന്നാൽ 2021ൽ പരിശോധിച്ചപ്പോഴാണ് എല്ലാം തകിടം മറിയുന്നത്. കോവിഡ് സമയത്ത് ലണ്ടനിൽ നിന്നും ഈസ്റ്റ് യോർക്ക്‌ഷെയറിലേക്ക് താമസം മാറിയതോടെ മറ്റൊരു ആശുപത്രിയിൽ കാണിച്ചപ്പോഴാണ് തനിക്ക് കാൻസർ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നത്.
'ഇപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് വിശ്വാസിക്കാൻ ആകുന്നില്ല. കാൻസറാണെന്ന് വിശ്വസിച്ച് രണ്ട് വർഷം കഴിഞ്ഞു. എല്ലാ ചികിത്സയും നടത്തി. ഇപ്പോൾ പരിശോധനയിൽ അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നില്ല എന്ന് പറയുന്നു'. ഒരേ സമയം ഞെട്ടലും ആശ്വാസവും നിരാശയും കോപവും തോന്നിയ നിമിഷമായിരുന്നെന്നും മെഗാൻ പ്രതികരിച്ചു. ലണ്ടനിലെ റോയൽ മാർസ്ഡൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും ഇംപീരിയൽ കോളജ് ഹെൽത്ത്‌കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റും ചേർന്ന് കോടതിക്ക് പുറത്തു നടത്തിയ ഒത്തുതീർപ്പിലാണ് നഷ്‌ടപരിഹാരം ലഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates