സെബിന്‍ എന്ന ജോണ്‍ ഫ്രാന്‍ പാസ്‌കള്‍ (29) ഹിമാലയം കീഴടക്കിയപ്പോള്‍ തന്റെ തലമുറയുടെ വിപ്ലവവീര്യം അവിടെ അടയാളപ്പെടുത്താന്‍ മറന്നില്ല. ഹിമാലയത്തിന്റെ ഉയരങ്ങളിലെത്തിയപ്പോള്‍ ഈ ചെറുപ്പക്കാരന്‍ അവിടെ നാട്ടിയത് ചെങ്കൊടിയാണ്. അതിന് കൃത്യമായ കാരണങ്ങളുണ്ട്. പ്രസിദ്ധമായ പുന്നപ്ര വയലാര്‍ സമരവുമായി ഇദ്ദേഹത്തിന് നേരിട്ടല്ലെങ്കിലും ശക്തമായൊരു ബന്ധമുണ്ട്.
'പുന്നപ്ര വയലാര്‍ സമര പോരാളി ജോണ്‍കുട്ടിയുടെ ചെറുമകനാണ് സെബിന്‍. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന സെബിന്‍ നാലു വര്‍ഷമായി ഓസ്‌ട്രേലിയയിലെ 'പാടി ' എന്ന റസ്‌ക്യൂ ഓപ്പറേഷന്‍ വിങ്ങിലെ അണ്ടര്‍ വാട്ടര്‍ ഡൈവറാണ്. തൊഴിലിനൊപ്പം നേവിയിലെ ട്രയിനറും ഡൈവിങ് ഇന്‍സ്ട്രക്ടറുമായ സിക്കന്തര്‍ ഹുസൈന് കീഴില്‍ ലക്ഷദ്വീപില്‍ ഡൈവിങ് മാസ്റ്റര്‍ പരിശീലനവും നേടുന്നുണ്ട്.
'പുന്നപ്ര വയലാര്‍ സമര പോരാളി ജോണ്‍കുട്ടിയുടെ ചെറുമകനാണവന്‍. അവനതു ചെയ്യും. യന്ത്രത്തോക്കേന്തിയ സായുധസേനയെ ചെത്തിമിനുക്കിയ വാരിക്കുന്തവുമായി നേരിട്ട ജോണ്‍കുട്ടിയുടെ ചെറുമകന്‍. അവന്റെ ചോരയില്‍ സാഹസികത മാത്രമല്ല, വര്‍ഗവികാരവുമുണ്ട്'- സെബിന്‍ ഹിമാലയത്തിന്റെ നെറുകയില്‍ ചെങ്കൊടിനാട്ടിയെന്നറിഞ്ഞറിഞ്ഞപ്പോള്‍ നാട്ടുകാരനും സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസറുമായ സെബാസ്റ്റ്യന്‍ കെ സേവ്യറിന്റെ വാക്കുകളാണിത്.
സെബാസ്റ്റിയനെ പോലെ നാട്ടുകാര്‍ക്കും സെബിന്റെ കാര്യത്തില്‍ മറ്റൊരഭിപ്രായമില്ല. സെബിന്റെ സാഹസികപ്രണയം അവര്‍ക്കെല്ലാമറിയാം. പുന്നപ്ര വെടിവയ്പ് നടന്ന രണഭൂമിക്ക് വിളിപ്പാടകലെയുള്ള തീരദേശത്തിന്റെ പൊതുവികാരമാണത്. എല്ലാവരുടെയും മുഖത്ത് അഭിമാനത്തിന്റെ പ്രൗഢഗംഭീര മന്ദസ്മിതം.
പതിനാലു ദിവസം കൊണ്ടാണ് സെബിന്‍ ഉള്‍പ്പെട്ട 22 അംഗ സംഘം ഹിമാലയ പര്‍വതം കയറിയിറങ്ങിയത്. കൊടുമുടിയുടെ നെറുകയിലെത്തിയപ്പോള്‍ നെഞ്ചോട് ചേര്‍ത്തു സൂക്ഷിച്ച ചെങ്കൊടിയെടുത്ത് നാട്ടി. സെബിനും ഒപ്പമുള്ളവരിലെ സമാന ചിന്താഗതിക്കാരും രക്തപതാകയെ സെല്യൂട്ട് ചെയ്താണ് മടങ്ങിയത്.
ജോണ്‍ ഫ്രാന്‍ ഭാസ്‌കളിന് കൊച്ചിയില്‍ ഡൈവിങ്ങിലും നീന്തലിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന യുണൈറ്റഡ് കേരള അഡ്വഞ്ചര്‍ ഡൈവേഴ്‌സ് എന്ന സ്ഥാപനമുണ്ട്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി 'കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനും (സിഎഎഫ്) ജോണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുറഞ്ഞ ചെലവില്‍ സാഹസിക യാത്ര, ട്രക്കിങ്, ഡൈവിങ് തുടങ്ങിയവ ഒരുക്കുകയാണ് സിഎഎഫ്. കുതിരപ്പന്തി മെഡാരത്തില്‍ ഭാസ്‌കളിന്റെയും മേരിക്കുട്ടി (ജയ) യുടെയും മൂന്നു മക്കളില്‍ രണ്ടാമനാണ് ജോണ്‍ ഫ്രാന്‍ ഭാസ്‌കള്‍(സെബിന്‍). സഹോദരങ്ങള്‍ ജോണ്‍ ഫ്രാങ്ക്‌ലിന്‍, ജോണ്‍ ഫ്രാങ്കോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates