Life

'ഓടി രക്ഷപ്പെടേണ്ട സമയത്ത് ഓടുക'; ഒരു ലൈംഗിക തൊഴിലാളിയ്ക്ക് പെണ്‍കുട്ടികളോട് പറയാനുള്ളത്

'യഥാര്‍ത്ഥത്തില്‍ തലയെടുപ്പില്ലാത്ത ആള്‍ക്ക് തലയെടുപ്പുണ്ടെന്ന് ഭാവിക്കേണ്ടിവരുന്ന അവസ്ഥ. അതാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ശരിക്ക് അവര്‍ക്ക് ബലം ഒന്നുമില്ല'

Author : മഞ്ജു സോമന്‍

'ഓടി രക്ഷപ്പെടേണ്ട സമയത്ത് നമ്മള്‍ ഓടുക തന്നെ വേണം. അല്ലാതെ പുരുഷന്മാരെ ഭയന്ന് ഓടേണ്ട കാര്യം എനിക്കില്ല എന്ന് ചിന്തിച്ചാല്‍ പിന്നെ സംഭവിക്കുന്നത് മറ്റൊന്നായിരിക്കും.' ജീവിതം പഠിപ്പിച്ചു തന്ന പാഠങ്ങളില്‍ ചവിട്ടി നിന്നുകൊണ്ട് നളിനി ജമീല പറഞ്ഞു. ഒരു ലൈംഗിക തൊഴിലാളിക്ക് വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ അതിലും വലിയ ഉപദേശമില്ല. ലൈംഗിക തൊഴിലാളിയായി മാത്രം അറിയപ്പെടേണ്ടവളല്ല നളിനി ജമീല. ലൈംഗിക തൊഴിലാളികളുടെ ജീവിതം സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാനായി സ്വന്തം ജീവിതം പുസ്തകമാക്കിയ എഴുത്തുകാരിയാണവര്‍. ഇപ്പോള്‍ രണ്ടാമത്തെ പുസ്തകം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് നളിനി ജമീല. ലൈംഗിക തൊഴിലാളിയായിരുന്ന സമയത്ത് തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ പുരുഷന്മാരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് എന്റെ ആണുങ്ങള്‍ എന്ന പുതിയ പുസ്തകത്തിലൂടെ ഇവര്‍ പങ്കുവെക്കുന്നത്. പുസ്തകത്തേക്കുറിച്ചും താന്‍ കണ്ടിട്ടുള്ള പുരുഷന്മാരെക്കുറിച്ചും സമകാലിക മലയാളത്തോട്‌
സംസാരിക്കുകയാണ് നളിനി ജമീല. 

'എന്റെ ആണുങ്ങള്‍'

2010 കാലഘട്ടത്തിലാണ് പുസ്തകം എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ആദ്യ പുസ്തകം ഇറക്കിയപ്പോള്‍ കുറച്ചു പോരായ്മകളുണ്ടായിരുന്നു. അപ്പോള്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു പുസ്തകം കൂടി എഴുതണം എന്ന് ആലോചിച്ചിരുന്നു. പരിചയപ്പെട്ട പുരുഷന്മാരുടെ പെരുമാറ്റങ്ങളും അവരോടൊപ്പമുള്ള സന്ദര്‍ഭങ്ങളുമൊക്കെയാണ് എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാരുടെ ചില ശീലങ്ങള്‍ എന്നു പറയാം. അല്ലാതെ ഇന്നത്തെ കാലഘട്ടത്തിലെ ആക്രമണ സ്വഭാവങ്ങളല്ല ഇതിലുള്ളത്. പുരുഷന്മാര്‍ ചെയ്യുന്ന ചില വിഡ്ഢിത്തരങ്ങള്‍, തമാശകള്‍, ഞാന്‍ ആണ് ശരി എന്ന ചില ഭാവങ്ങള്‍, അവരുടെ മാനനഷ്ടങ്ങള്‍ എന്നിവയെല്ലാമാണ് പുസ്തകത്തില്‍ പറയുന്നത്. 

1980- 83 കളിലെ കാലഘട്ടങ്ങളിലെ അനുഭവങ്ങളാണ് പ്രധാനമായും ഇതില്‍ പറയുന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ അനുഭവങ്ങള്‍ മാത്രമല്ല  ഈ കാലഘട്ടത്തില്‍ നിന്നുകൊണ്ട് ഇതിന് മുന്‍പും പിന്‍പുമുണ്ടായ അനുഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതു കാലഘട്ടത്തേക്കുറിച്ച് എഴുതിയിട്ടില്ല.

പുസ്തകത്തിന്റെ ആമുഖത്തില്‍ പുതിയ കാലഘട്ടത്തിലെ ചില സന്ദര്‍ഭങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എങ്ങനെയാണ് പുരുഷന്മാര്‍ക്ക് ഇത്ര മാന്യന്‍മാരാണെന്ന് പറയാന്‍ കഴിയുക എന്നതിനെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. ചില ആളുകള്‍ ചില കാര്യങ്ങള്‍ ചെയ്യില്ലെന്ന് പബ്ലിക്കായി പറയുകയും എന്നാല്‍ അത് ഒളിച്ചു ചെയ്യുകയും ചെയ്യും. 

പുരുഷന്റെ 'ഞാന്‍ എന്ന ഭാവം' എനിക്ക് വിഡ്ഢിത്തരം

ഞാന്‍ പൊതുവെ പുരുഷന്മാരെ വിമര്‍ശിക്കുകയല്ല ചെയ്യാറുള്ളത്. പുരുഷന്മാര്‍ക്കുള്ള ഞാന്‍ എന്ന ഭാവത്തെ തമാശയോടെ പറയുകയാണ് ചെയ്യുന്നത്. പുരുഷ വിമര്‍ശക എന്ന പേര് എനിക്ക് തീരെ ചേരില്ല. കാരണം എന്റെ കാലഘട്ടങ്ങളിലൊക്കെ ഏറ്റവും കൂടുതല്‍ അടുത്തു ഇടപഴകേണ്ടിവന്നത് പുരുഷന്മാരോട് തന്നെയാണ്. പല സന്ദര്‍ഭങ്ങളിലും എന്റെ സംരക്ഷകരും പുരുഷന്മാരാണ്, എന്നെ കൊതിപ്പിക്കുന്നതും പുരുഷന്മാരാണ്. 

എന്തിനേയും വിമര്‍ശിക്കുന്ന സ്വഭാവം എനിക്കില്ല. പുരുഷന്മാര്‍ക്കുള്ള 'ഞാന്‍ മാത്രമാണ് ശരി'യെന്ന ഭാവത്തെയും അഹങ്കാരത്തേയുമെല്ലാം വിഡ്ഢിത്തരം പോലെയാണ് ഞാന്‍ നോക്കിക്കാണുന്നത്. അല്ലാതെ ഒരാളെ സമൂഹത്തിന് ചേരില്ല എന്ന രീതിയില്‍ പറഞ്ഞുവെക്കുകയല്ല ചെയ്യുന്നത്. സ്ത്രീകളുടെ പരിശുദ്ധി സമൂഹം കല്‍പ്പിച്ചുകൊടുക്കുമ്പോള്‍ ഞങ്ങള്‍ എപ്പോഴും പരിശുദ്ധരാണ് എന്ന് സ്വയം പറയാന്‍ ശ്രമിക്കുന്നവരാണ് പുരുഷന്മാര്‍. എന്നാല്‍ വാക്കിലും പ്രവര്‍ത്തിയിലുമുള്ളതല്ല അവരുടെ ഉള്ളിലുള്ളത്. അത്തരത്തിലുള്ള ആണ്‍ഭാവങ്ങളെ വിലയിരുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയാണ് ഞാന്‍ വേണ്ടത് എന്ന തെറ്റിദ്ധാരണയുടെ പേരില്‍ ചാര്‍ലി ചാപ്ലിനെപ്പോലെ പുരുഷന്മാര്‍ അഭിനയിക്കും. എന്നാല്‍ അടുത്ത് അറിയുമ്പോഴായിരിക്കും അവരെ ശരിക്കും മനസിലാവുക. ഞാന്‍ പുരുഷനാണ് എനിക്ക് മേധാവിത്വമുണ്ട് ഞാന്‍ ഇങ്ങനെയാണ് നില്‍ക്കേണ്ടത് എന്നൊക്കെ പറഞ്ഞിട്ട് അതൊന്നും ലഭിക്കാതെ വരുമ്പോള്‍ അതുണ്ടെന്ന് കാണിക്കാന്‍ വേണ്ടി അവര്‍ പാടുപെടുന്നതിനെപ്പറ്റിയാണ് ഞാന്‍ കാണിച്ചുതരുന്നത്. 

തലയെടുപ്പില്ലാത്ത ആണുങ്ങള്‍

അമ്പലത്തില്‍ ആന ഇടയും എന്താന്ന് വെച്ചാ, തല ഉയര്‍ത്തിപ്പിടിപ്പിച്ച് നില്‍ക്കാന്‍ തോട്ടി കൊണ്ട് കുത്തിക്കൊണ്ടിരിക്കും. അവസാനം അതിന് ദേഷ്യം വരുമ്പോള്‍ അത് ഇടയും. അതുപോലെയാണ് ആണുങ്ങള്‍. യഥാര്‍ത്ഥത്തില്‍ തലയെടുപ്പില്ലാത്ത ആള്‍ക്ക് തലയെടുപ്പുണ്ടെന്ന് ഭാവിക്കേണ്ടിവരുന്ന അവസ്ഥ. അതാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ശരിക്ക് അവര്‍ക്ക് ബലം ഒന്നുമില്ല. എന്നാല്‍ ബലായിട്ട് നില്‍ക്കേണ്ടത് അവരുടെ ആവശ്യമായി മാറുകയാണ്. 

പലരും എന്നോട് ചോദിക്കാറുണ്ട്, ഇത്രത്തോളം പുരുഷന്മാരെക്കുറിച്ച് അറിഞ്ഞിട്ടും അവരെ വിമര്‍ശിക്കാത്തത് എന്താണെന്ന്. പക്ഷേ അങ്ങനെ പൂര്‍ണമായിട്ട് വിമര്‍ശിക്കേണ്ടതില്ലല്ലോ. ആവശ്യമുള്ളപ്പോള്‍ മാത്രം വിമര്‍ശിച്ചാല്‍ മതി. 

ശരിക്ക് പറഞ്ഞാല്‍ ഭയങ്കര ബലവാന്മാരായ പുരുഷന്മാരെ ഞാന്‍ കണ്ടിട്ടില്ല. നല്ലൊരു നോട്ടം നോക്കിയാല്‍, നല്ല വര്‍ത്താനം പറഞ്ഞാല്‍ ഒതുങ്ങിപ്പോകുന്നവരെയാണ് കൂടുതലും കണ്ടിട്ടുള്ളത്. എന്നാല്‍ സ്ത്രീകള്‍ ഇതൊന്നും ചിന്തിക്കില്ല. പുരുഷന്മാര്‍ ഭീകരന്മാരാണെന്ന് നമ്മള്‍ ചിന്തിക്കും. മുന്നില്‍ നില്‍ക്കുന്ന ആളെ ആവശ്യമില്ലാതെ അംഗീകരിച്ചുകൊടുക്കും. അപ്പോഴാണ് അവര്‍ സ്വയം ശക്തിമാനാണെന്ന് ചിന്തിക്കുന്നതും.

'പെട്ടു കൊടുക്കുന്നതിനേക്കാള്‍ നല്ലതാണ് ഓടി രക്ഷപ്പെടുന്നത്'

സ്ത്രീകളെക്കുറിച്ച് എഴുതാതിരിക്കുന്നത് ഇടപെടലുകളുടെ പ്രശ്‌നമാണ്. വളരെ കുറച്ച് സ്ത്രീകളുമായിട്ടു മാത്രമാണ് എനിക്ക് ബന്ധമുണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഒരു പിന്തുണയുടെ ആവശ്യമുണ്ട്. അവരെ കൂടുതല്‍ വിമര്‍ശിച്ച് കൂടുതല്‍ ബലഹീനരാക്കുക എന്നത് എന്റെ ശീലമല്ല. സ്ത്രീകള്‍ ശക്തരാണ് എന്ന ചിന്ത ഇപ്പോള്‍ ഉണ്ടെങ്കിലും അത് പറ്റാതാക്കുന്ന ഒരുപാട് ആളുകളും പ്രശ്‌നങ്ങളുമുണ്ട്. അതിനിടയില്‍ ഞാന്‍
കൂടി വിമര്‍ശിക്കേണ്ട കാര്യമില്ല. 

പണ്ടൊക്കെ പെണ്‍കുട്ടികളോട് മുതിര്‍ന്നവര്‍ പുരുഷന്മാര്‍ ബലവാന്മാരാണെന്നും അവരെ ബഹുമാനിക്കണമെന്നൊക്കെ പറഞ്ഞു കൊടുക്കും. എന്നാല്‍ ഇന്ന് അതില്‍ മാറ്റമുണ്ട്. നിങ്ങളും ശക്തരാണെന്ന് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ നിരവധി പേരുണ്ട്. എന്നാല്‍ ഈ ശക്തി എങ്ങനെ ആര്‍ജിക്കണം എന്ന് പറഞ്ഞു കൊടുക്കില്ല. ദേഷ്യം വന്നാല്‍ ഉടനെ പെണ്‍കുട്ടികള്‍ ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കും. എന്നാല്‍ ആ സമയത്ത് ഒരു ഗ്രൂപ്പായാണ് അവര്‍ നമ്മളെ ആക്രമിക്കുന്നതെങ്കില്‍ ചെരിപ്പിന് അവിടെ വിലയുണ്ടാവില്ല. അതേസമയം അഭിമാനമുള്ള പുരുഷന്മാരാണെങ്കില്‍ അപ്പോള്‍ തന്നെ സ്ഥലം വിടും. കാരണം അപമാനിക്കാന്‍ വേണ്ടിയാണല്ലോ ചെരുപ്പൂരുന്നത്. 

നമ്മുടെ ശത്രുവിനെ പഠിക്കുകയാണ് ആദ്യം വേണ്ടത്. എല്ലാവരോടും പോരാടി ജയിക്കാന്‍ പറ്റില്ല. ശത്രുക്കളെ സുഹൃത്തുക്കളാക്കി മാറ്റാനോ അല്ലെങ്കില്‍ അത്തരക്കാരില്‍ നിന്ന് മാറി നില്‍ക്കാനോ ഉള്ള കഴിവ് ആര്‍ജിക്കുകയാണ് പെണ്‍കുട്ടികള്‍ ചെയ്യേണ്ടത്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പെപ്പര്‍ സ്‌പ്രേ കൊണ്ടാണ് നടക്കുന്നത് എന്ന് പറയും. എന്നാല്‍ ഇത് ഉപയോഗിക്കേണ്ട ഒരു സന്ദര്‍ഭം വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോള്‍ പെപ്പര്‍ സ്േ്രപ തടുക്കാന്‍ ആക്രമികള്‍ക്ക് പെട്ടെന്ന് കഴിഞ്ഞെന്ന് വരും. സാഹചര്യം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. 

ഒരു യാത്ര പോവുമ്പോള്‍ അപകടമായ പ്രദേശങ്ങളെക്കുറിച്ചും അത് എങ്ങനെ നേരിടും എന്നതിനെക്കുറിച്ചും നേരത്തെ ചിന്തിച്ചുവെക്കണം. ഓടേണ്ട സാഹചര്യം വന്നാല്‍ ഓടുക തന്നെവേണം. കഴിഞ്ഞ ദിവസം നോര്‍ത്ത് റെയില്‍ വേ സ്‌റ്റേഷനില്‍ ഇറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത് അവിടെ ആരുമുണ്ടായിരുന്നില്ല. ഏതെങ്കിലും ഒരാള്‍ തന്നെ ആക്രമിക്കാന്‍ വന്നാല്‍ മെയിന്‍ റോഡിലേക്ക് ഓടുക എന്ന ഒറ്റവഴി മാത്രമാണ് എന്റെ മുന്നിലുണ്ടായിരുന്നത്. 

എന്നാല്‍ ഓടുന്നതിനെക്കുറിച്ച് ഇപ്പോഴത്തെ പെണ്‍കുട്ടികളോട് പറഞ്ഞാല്‍ അവര്‍ പറയും ആണുങ്ങളെ കണ്ട് ഞാന്‍ എന്തിനാണ് പേടിച്ച് ഓടണം എന്ന്. പുരുഷനെ പേടിക്കണം എന്നല്ല ഞാന്‍ പറയുന്നത്. പെട്ടു കൊടുക്കുന്നതിനേക്കാള്‍ നല്ലതാണ് ഓടി രക്ഷപ്പെടുന്നത്. സാഹചര്യത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ചിലര്‍ക്ക് ചെരുപ്പ് മതിയാകും മറ്റു ചിലരെ നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടും നേരിടാന്‍ സാധിക്കും. ശക്തി കൊണ്ട് ഒരാളെ നേരിടുന്നതിന് മുന്‍പ് മുന്നില്‍ നില്‍ക്കുന്ന ആളുടെ ശക്തിയെക്കുറിച്ച് കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും. 

ആദ്യ പുസ്തകത്തിന് ശേഷം

ആദ്യത്തെ പുസ്തകത്തിന് ശേഷം എനിക്ക് വയസായി എന്നതാണ് ഏറ്റവും വലിയ മാറ്റം. ആത്മകഥ എഴുതി എന്നു പറയുമ്പോള്‍ പലരും മോശമായിട്ട് കാണുന്ന അനുഭവമാണുണ്ടായത്. വളരെ കുറച്ച് പേര്‍ മാത്രമാണ് അംഗീകരിച്ചിട്ടുള്ളൂ. കൂടുതല്‍ പേരും അയ്യേ എന്ന് പറഞ്ഞാണ് പുസ്തകം വായിക്കുന്നത്. പെണ്‍കുട്ടികളെ വഴിതെറ്റിക്കും എന്നും പലരും പറഞ്ഞു. പക്ഷേ അംഗീകരിച്ചവരുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം