വര്‍ഷങ്ങളായി തന്നെ വേട്ടയാടി ഇമാഡോഫോബിയ (ഛര്‍ദ്ദിയോടുള്ള ഭയം)യേക്കുറിച്ച് തുറന്നു പറഞ്ഞ് 23കാരി. യുകെയിലെ നോഡിങ്ഹാംഷെര്‍ സ്വദേശിനി ബെത്താണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പത്തുവയസുമുതലാണ് തനിക്ക് ഈ മാനസികാവസ്ഥയുണ്ടായതെന്ന് യുവതി പറയുന്നു. പതിനൊന്ന് വര്‍ഷക്കാലമാണ് ഇതിന്റെ ദുരിതങ്ങള്‍ ഇവര്‍ അനുഭവിച്ചത് പുറത്തിറങ്ങിയാല്‍ ഛര്‍ദ്ദിക്കുമെന്ന ഭയം കാരണം ഭക്ഷണം ഉപേക്ഷിച്ച് മുറിയില്‍ നിന്നും പുറത്തിറങ്ങാതെ സ്വയം തീര്‍ത്ത ജയിലില്‍ ജീവിക്കുയായിരുന്നു ബെത്ത്.
കഴിഞ്ഞുപോയ ആ ദുരന്തകാലം ഇന്നലയെന്ന പോലെ തന്റെ മനസില്‍ ഉണ്ടെന്ന ഇവര്‍ വ്യക്തമാക്കുന്നു. 13 വയസുമുതല്‍ 17 വയസുവരെ പല ഘട്ടങ്ങളില്‍ കൗണ്‍സിലിങ്ങിനും മറ്റു മാനസികാരോഗ്യ ചികിത്സകള്‍ക്കും വിധയമായി എങ്കിലും ഒരുതരത്തിലുള്ള മാറ്റവും ഉണ്ടായില്ല. തുടക്കത്തില്‍ ചെറിയ വ്യത്യാസം അനുഭവപ്പെടുമെങ്കിലും വളരെ പെട്ടന്നു തന്നെ കാര്യങ്ങള്‍ പഴയസ്ഥിതിയിലാകുമായിരുന്നു. വീട്ടില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗം വന്നാല്‍ അവരുടെ രോഗം മാറുന്നതുവരെ ബെത്ത് മുറിയുടെ പുറത്തേയ്ക്ക് ഇറങ്ങാറില്ല.
ഒരിക്കല്‍ സഹോദരിക്ക് പനി പിടിപെട്ടപ്പോള്‍ അവള്‍ ശ്വസിക്കുന്ന വായു വീടിനുള്ളിലുള്ളതു കൊണ്ട് തനിക്കും രോഗം പിടിപെട്ടാലോയെന്ന് ഭയന്ന് വീട്ടില്‍ കയറാതെ പുറത്തു തന്നെ കഴിച്ചുകൂട്ടിയ സംഭവവും ഉണ്ട്. അമിത ഭയം മൂലം ഓരോ മണിക്കൂറു കൂടുമ്പോള്‍ കൈകള്‍ കഴുകി, ദിവസത്തില്‍ പലതവണ കുളിച്ചു. മുറിയുടെ പുറത്തേയ്ക്ക് ഇറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കി. പ്രത്യേകിച്ച് മഞ്ഞുകാലത്ത്. ക്രിസ്തുമസ് കാലം എത്തുമ്പോള്‍ ഭയം അമിതമായി വര്‍ധിക്കും ആദ്യമായി രോഗം പിടിപെട്ടത് ഈ സമയത്തായിരുന്നു. രോഗം വരുമോയെന്ന് ഭയം വല്ലാതെ വര്‍ധിക്കുമ്പോള്‍ താന്‍ ശരീരത്തെ പോലും ക്രൂരമായി വേദനിപ്പിച്ചിരുന്നു എന്ന് ഇവര്‍ ഓര്‍ക്കുന്നു.
രോഗാണുക്കള്‍ പ്രവേശിക്കാതിരിക്കാള്‍ ശരീരം മുഴുവന്‍ മൂടുന്ന കഴുത്തുവരെയുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഭയം വര്‍ധിച്ചതോടെ ഭക്ഷണവും പൂര്‍ണമായി ഉപേക്ഷിച്ചു. ഇതോടെ ശരീരഭാരം അപകടകരമായ രീതിയില്‍ കുറഞ്ഞു. മരണത്തിന്റെ വക്കോളമെത്തി. 21ാം വയസിലായിരുന്നു ബെത്തിന് തന്നെ പിടികൂടിയ ഫോബിയയേക്കുറിച്ച് സ്വയം തിരിച്ചറിവ് ഉണ്ടാകുന്നത്. ഒരു ദിവസം കുളിമുറിയില്‍ വച്ച് തന്റെ ശോഷിച്ച ശരീരം കണ്ട് അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ആ നിമിഷമാണ് ഈ രോഗത്തില്‍ നിന്ന് പുറത്തുകടക്കണമെന്ന തീരുമാനം ഇവര്‍ സ്വയമെടുത്തത്. തുടര്‍ന്ന് രോഗം മാറ്റാനും ഈറ്റിങ്ങ് ഡിസോഡറില്‍ നിന്ന് രക്ഷനേടാനുമായി ഡോക്ടറെ സമീപിക്കുകയായിരുന്നു. നിലവില്‍ മാസത്തില്‍ രണ്ടുതവണ വീതമാണ് ഇപ്പോള്‍ തെറാപ്പി ചെയ്യുന്നത്. അത് വളരെ മാറ്റം തന്റെ ശരീരത്തില്‍ ഉണ്ടാക്കിയെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല ഇപ്പോള്‍ തന്നെ മനസിലാക്കുന്ന കാമുകനൊപ്പമുള്ളതു കൊണ്ട് അസുഖത്തില്‍ നിന്നു പുറത്തു കടക്കാന്‍ കൂടുതല്‍ എളുപ്പത്തില്‍ സാധിക്കുന്നുണ്ട് എന്ന് ഇവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates