മലപ്പുറം: വിവാഹം രണ്ട് ഹൃദയങ്ങളുടെയും ശരീരങ്ങളുടെയും കൂടിച്ചേരലാണെങ്കിലും ഇന്നത് വലിയൊരു കച്ചവട സാധ്യത കൂടിയാണ്. ഒരു വിവാഹം ഗംഭീരമായി നടന്നാല്‍ പൂക്കച്ചവടക്കാര്‍ മുതല്‍ സ്വര്‍ണ്ണവ്യാപാരികള്‍ക്ക് വരെ വന്‍ ലാഭമാണ് ലഭിക്കുന്നത്. വരനെയും വധുവിനെയും കണ്ടെത്തുന്നത് മുതല്‍ ഇവര്‍ എന്ത് വസ്ത്രം ധരിക്കണമെന്നു പോലും ചിലപ്പോള്‍ പല പല കച്ചവടക്കാരായിരിക്കും തീരുമാനിക്കുന്നത്. ഇന്ന് ആളുകള്‍ ജാതിയും മതവും നോക്കി ആചാരപൂര്‍വ്വം വിവാഹം കഴിക്കേണ്ടത് ഇത്തരക്കാരുടെ ആവശ്യമാണെന്ന് തോന്നുന്നു.
ഇതിനിടെ ഒരു പെണ്‍കുട്ടി തനിക്കുള്ള വരനെ കണ്ടുപിടിച്ച് വിവാഹം ഏറ്റവും ലളിതമായ രീതിയില്‍ നടത്തി മാതൃകയായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് യുവതി സ്വന്തമായി വരനെ കണ്ടുപിടിച്ചത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മലപ്പുറം എലവണ്ണപ്പാറ സ്വദേശിനിയായ ജ്യോതി തനിക്കൊരു കൂട്ട് വേണമെന്ന് ആദ്യം പറഞ്ഞത് ഫേസ്ബുക്കിനോടാണ്. ജാതിയോ മതമോ പ്രശ്‌നമല്ലെന്ന് പറഞ്ഞ്, കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജ്യോതി ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു.
''എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്‌നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാന്‍ ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്.'' -പോസ്റ്റ് കണ്ട് നൂറിലധികം ആളുകളായിരുന്നു ജ്യോതിയെ വിളിച്ചത്. അതില്‍ ഒരു കോള്‍ തമിഴ്‌നാട് പൊലീസില്‍ ഉദ്യോഗസ്ഥനായ രാജ്കുമാറിന്റേതായിരുന്നു.
അങ്ങനെ നിരവധി ആളുകള്‍ക്കിടയില്‍ നിന്ന് ജ്യോതി രാജ്കുമാറിനെ തിരഞ്ഞെടുത്തു. തമിഴ്‌നാട് ബര്‍ഗൂര്‍ സ്വദേശിയാണ് രാജ്കുമാര്‍. അങ്ങനെ ഇന്ന് രാവിലെ പത്ത് മണിക്ക് ഇരുവരും കല്‍കിപുരി ശിക്ഷേത്രത്തില്‍ വെച്ച് ഏറ്റവും ലളിതമായ ചടങ്ങുകളോടെ വിവാഹിതരായി. ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
കൂട്ടു കൂടാന്‍ മാത്രമല്ല രണ്ടുപേരെ ജീവിതത്തില്‍ ഒന്നിപ്പിക്കാനും ഫേസ്ബുക്കിന് കഴിയുമെന്ന് ഇതോടു കൂടി ബോധ്യമായി. ഒരുപക്ഷേ ഫേസ്ബുക്കിലൂടെ കല്യാണമാലോചിക്കുന്ന കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് ജ്യോതി എന്ന് വേണമെങ്കില്‍ പറയാം. അച്ഛനും അമ്മയും ഇല്ലാതായ ഈ പെണ്‍കുട്ടി സഹോദരങ്ങളുടെ പിന്തുണയോടെയാണ് ഇത്തരമൊരു കാര്യത്തിന് ഫേസ്ബുക്കിനെ കൂട്ടുപിടിച്ചത്.
ഇതിന് മുന്‍പ് രഞ്ജിഷ് മഞ്ചേരി എന്ന ചെറുപ്പക്കാരന്‍ തന്റെ പങ്കാളിയെ കണ്ടെത്തിയതും ഫേസ്ബുക്കിലൂടെയായിരുന്നു. ഫേസ്ബുക്ക് മാട്രിമോണി എന്നൊരു ആശയം തുടങ്ങിവച്ചതും പ്രാവര്‍ത്തികമാക്കിയതും ആരെന്ന് ചോദ്യത്തിന് രഞ്ജിഷ് ആണെന്ന് വേണം പറയാന്‍. ഇക്കാര്യത്തില്‍ രഞ്ജിഷിന്റെ ഉപദേശവും തനിക്ക് ലഭിച്ചതായി ജ്യോതി പറയുന്നു. ഏപ്രില്‍ 18 നായിരുന്നു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ രഞ്ജിഷിന്റെ വിവാഹം. അധ്യാപികയായ സരിഗമയെ ആണ് രജ്ഞിഷിന് വധുവായി ലഭിച്ചത്.
മാധ്യമങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് വിവാഹ വാര്‍ത്ത അറിയിക്കുന്ന ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരുപാട് കല്യാണാലോചനകള്‍ വന്നിട്ടും പല കാരണങ്ങള്‍ കൊണ്ട് നടക്കാതിരുന്ന സാഹചര്യത്തിലാണ് ജ്യോതി ഫേസ്ബുക്കിനെ ആശ്രയിച്ചത്. അതെന്തായാലും വെറുതെയായില്ല എന്ന് ജ്യോതി സന്തോഷത്തോടെ പറയുന്നു. ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് കഴിഞ്ഞയാളാണ് ജ്യോതി. എന്തായാലും ഫേസ്ബുക്ക് മാട്രിമോണി എന്ന ആശയം ധൈര്യമായി പരീക്ഷിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ജ്യോതിയും, രഞ്ജിഷും. രഞ്ജിഷ് തന്നെയാണ് ജ്യോതിയുടെ വിവാഹ ഫോട്ടോകളും എടുത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates