Life

'വെറുതെ ഒരു കമ്പി വേലി കെട്ടി ജീവജാലങ്ങള്‍ക്കായി ആ ഭൂമി വിട്ടുകൊടുത്തു'; മാതൃകയാക്കാം; റഫീഖ് അഹമ്മദിന്റെ കുറിപ്പ്

തന്റെ ഗ്രാമത്തിലുണ്ടായ ഒരു സംഭവത്തെ ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ

Author : സമകാലിക മലയാളം ഡെസ്ക്

ഭൂമി മനുഷ്യന്റേത് മാത്രമല്ല. ചെറിയ ജീവജാലങ്ങള്‍ക്ക് പോലും ഭൂമിയുടെ അവകാശികളാണ്. എന്നാല്‍ ഭൂമി അളന്നു തിരിച്ച് മതില്‍കെട്ടി സ്വന്തമാക്കുന്നത് മനുഷ്യര്‍ മാത്രമാണ്. എന്നാല്‍ ബഹുനില കെട്ടിടങ്ങള്‍ കെട്ടി ഉയര്‍ത്താന്‍ മാത്രമല്ല പ്രകൃതിയെ സംരക്ഷിക്കാനും നമുക്ക് ഭൂമി വാങ്ങാന്‍ സാധിക്കും. അതിനുള്ള പ്രചോദനമാവുകയാണ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ ഗ്രാമത്തിലുണ്ടായ ഒരു സംഭവത്തെ ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ. 

ഒരു കാവിനോട് ചേര്‍ന്ന ഭൂമി മണ്ണ് മാഫിയ കച്ചവടമാക്കാന്‍ ഒരുങ്ങിയപ്പോള്‍ ഒരുകൂട്ടം പ്രകൃതി സ്‌നേഹികള്‍ ചേര്‍ന്ന് ഭൂമി വാങ്ങുകയായിരുന്നു. ഓരോ ആളുകള്‍ക്കും 5000 രൂപ മാത്രമാണ് ചെലവായത്. തുടര്‍ന്ന് ഒരു കമ്പിവേലി കെട്ടി ആ സ്ഥലം സസ്യജാലങ്ങള്‍ക്കും കിളികള്‍ക്കുമായി വിട്ടുകൊടുക്കുകയായിരുന്നു. ഇത് മറ്റുള്ളവരും മാതൃകയാക്കണം എന്നാണ് റഫീഖ് അഹമ്മദ് പറയുന്നത്. 

റഫീഖ് അഹമ്മദിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഞങ്ങള്‍ ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ നടപ്പാക്കിയ എളിയ ഒരു സംഗതി ഉണ്ട്. ഭൂമിയെ സ്‌നേഹിക്കുന്നവര്‍ക്കായി പങ്കുവെയ്ക്കട്ടെ. അക്കിക്കാവിനടുത്ത് നോങ്ങല്ലൂര്‍ എന്ന ഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തിന് അവരുടെ 28 സെന്റ് സ്ഥലം വില്‍ക്കേണ്ടതായ അത്യാവശ്യമുണ്ടായി. ഒരു കാവിനോട് ചേര്‍ന്നതായതിനാല്‍ ന്യായമായ വിലയ്ക്ക് അത് വാങ്ങാന്‍ ആരും തയാറായില്ല. അതിലേക്ക് മണ്ണ് മാഫിയ ഇടപെട്ടു. മണ്ണ് കച്ചവടമാക്കിക്കോളാം എന്നവര്‍ തയ്യാറായി.

ഈയൊരു ഘട്ടത്തില്‍ പ്രമോദ് എന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചു പേര്‍ സംഘടിച്ചു. കേരളത്തില്‍ എവിടെയൊക്കെയോ ഉള്ള മുപ്പതോളം പേര്‍ ചേര്‍ന്ന് ആ സ്ഥലം വാങ്ങി. ഓരോരുത്തര്‍ക്കും 5000 രൂപ മാത്രമേ എടുക്കേണ്ടി വന്നുള്ളു. വെറുതെ ഒരു കമ്പിവേലി കെട്ടി ആസ്ഥലം സസ്യജാലങ്ങള്‍ക്കും കിളികള്‍ക്കും മറ്റു ജന്തുക്കള്‍ക്കുമായി വിട്ടുകൊടുത്തു.

ഇത്രയും പേര്‍ ഉള്‍പ്പെട്ടതായതിനാല്‍ ആ സ്ഥലം ഒരാള്‍ക്കും കൈമാറ്റം ചെയ്യാനോ മറ്റെന്തെങ്കിലും ചെയ്യാനോ പറ്റില്ല. ഭൂമിയിലെ ഓരോ ഇഞ്ചും ഹോമോസാപ്പിയന്‍ കൈവശപ്പെടുത്തുമ്പോള്‍ ഒരു തുണ്ട് മറ്റു സ്പീഷീസിനു വേണ്ടി മാറ്റിവെയ്ക്കുക എന്ന വിചാരത്തിലാണ് ഇത് ഏറ്റെടുത്ത് നടത്തിയത്. മറ്റ് ഇടങ്ങളിലും സ്വീകരിക്കാവുന്ന ഒരു രീതിയാണെന്ന വിശ്വാസത്തോടെയാണിത് പോസ്റ്റുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT