Ani Munk Thazhappattu Song Plus One Malayalam Textbook 
Alappuzha

ഓണാട്ടുകരയുടെ പൈതൃകം പാട്ടാക്കി; അനി മങ്കിന്റെ 'തഴപ്പാട്ട്' ഇനി പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ

കായംകുളം സ്വദേശി അനി മങ്കിന്റെ 'നെയ്തെടുത്ത ജീവിതങ്ങൾ' ഡോക്യുമെന്ററിയിലെ ഗാനമാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആലപ്പുഴ: ഓണാട്ടുകരയുടെ ഭാഷയും സംസ്കാരവും പൈതൃകത്തൊഴിലിന്റെ ജീവിതാനുഭവങ്ങളും പാട്ടിലൂടെ കേരളമാകെ എത്തിച്ച കായംകുളം സ്വദേശി അനി മങ്കിന് ശ്രദ്ധേയമായ അംഗീകാരം. അനി മങ്ക് രചനയും സംവിധാനവും നിർവഹിച്ച 'നെയ്തെടുത്ത ജീവിതങ്ങൾ' എന്ന ഡോക്യുമെന്ററിയുടെ ആമുഖഗാനമായ 'തഴപ്പാട്ട്' ഈ അധ്യയനവർഷം മുതൽ പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ പഠനവിധേയമാകും. ഒരു പ്രദേശത്തിന്റെ മണ്ണും മനുഷ്യരും തൊഴിൽസംസ്കാരവും ചേർത്തൊരുക്കിയ ഗാനം പാഠ്യപദ്ധതിയിൽ ഇടംപിടിക്കുന്നത് കലാകാരനും ഓണാട്ടുകരയ്ക്കും അഭിമാനനിമിഷമാണ്.

ഓണാട്ടുകരയുടെ തനത് ഭാഷയും സംസാരശൈലിയും നാടൻ വാക്കുകളും അതേപടി പാട്ടിൽ ഉൾപ്പെടുത്തിയതാണ് 'തഴപ്പാട്ടി'ന്റെ പ്രത്യേകത. 87 വയസ്സുകാരിയായ സാവിത്രിയമ്മയുടെ ശബ്ദത്തിലൂടെയാണ് ഗാനം ആസ്വാദകരിലേക്ക് എത്തിയത്. പ്രായത്തിന്റെ അവശതകൾക്കിടയിലും പൈതൃകത്തൊഴിലിന്റെ അനുഭവങ്ങൾ ശബ്ദത്തിലൂടെ പകർന്ന സാവിത്രിയമ്മയുടെ ആലാപനം ഗാനത്തിന് കൂടുതൽ ജനപ്രീതി നൽകി. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം, ഗുഡ് മോണിങ് കേരള തുടങ്ങിയ പരിപാടികളിലൂടെയും വിവിധ വാർത്താ ചാനലുകളിലൂടെയും ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അനി മങ്കിന്റെ സൃഷ്ടിയായ 'നെയ്തെടുത്ത ജീവിതങ്ങൾ' ഡോക്യുമെന്ററിയും നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര പുരസ്കാരമടക്കം സ്വന്തമാക്കിയ ചിത്രം വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഡോക്യുമെന്ററി പി എസ് സി ചോദ്യങ്ങളിലും പരാമർശിക്കപ്പെട്ടിരുന്നു. പ്രവാസിയായ എബി ഷാഹുൽ ഹമീദാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്.

ഒരു ഗാനത്തിന്റെ ജനപ്രീതിക്കപ്പുറം ഓണാട്ടുകരയുടെ പൈതൃകത്തൊഴിലായ തഴപ്പായ നെയ്ത്തിന്റെ ചരിത്രവും പ്രതിസന്ധികളും അടയാളപ്പെടുത്തുകയാണ് അനി മങ്ക് ചെയ്തത്. ഒരുകാലത്ത് നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമായിരുന്ന ഈ തൊഴിൽ ഇന്ന് ഏതാണ്ട് വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. എൺപതും തൊണ്ണൂറും വയസ്സുള്ള വിരലിലെണ്ണാവുന്ന സ്ത്രീകളാണ് ഇപ്പോഴും ഈ തൊഴിൽ നിലനിർത്തുന്നത്. വർഷങ്ങളായുള്ള അധ്വാനത്തിൽ മുതുക് വളഞ്ഞവരും രോഗങ്ങളും പ്രായാധിക്യവും കാരണം ദുരിതമനുഭവിക്കുന്നവരും ഇവരിലുണ്ട്.

തഴ ഉപയോഗിച്ച് പായകൾക്കപ്പുറം വൈവിധ്യമാർന്ന പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ആധുനിക വിപണിയിലെത്തിക്കാനും തൊഴിലാളികൾക്ക് പരിശീലനവും ന്യായവിലയും ഉറപ്പാക്കാനും നടപടികളുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

Thazhappattu', a folk song from Kayamkulam native Ani Munk's acclaimed documentary 'Neithedukkatha Jeevithangal' sung by 87-year-old Savithriyamma, has been included in the Plus One Malayalam textbook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ എംപിമാർ കൂടുമോ? മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആര്‍ക്കാണ് നേട്ടം?

വില്‍ക്കാനുണ്ട്, താജ്മഹലിന്റെ ഒരു കഷണം; വില 36 ലക്ഷം വരെ!

'ഈ ചിരി ഒരു കെണിയാകാം'; മുന്നറിയിപ്പുമായി കേരള പൊലീസ്

അഞ്ച് വിക്കറ്റ് പിഴുത് ആകാശ് ദീപ്; കിവികള്‍ 356ന് പുറത്ത്

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി: ഇന്നുകൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത