Kalanjali 2026 
Alappuzha

കേരള ബ്രാഹ്മണ സഭ സംസ്ഥാന കലോത്സവം 'കലാഞ്ജലി 2026' ആലപ്പുഴയിൽ :10 വേദികളിലായി 700 പ്രതിഭകൾ മാറ്റുരയ്ക്കും

സെപ്റ്റംബർ 19 മുതൽ 21 വരെ എസ്.ഡി.വി സ്കൂൾ സമുച്ചയത്തിൽ അരങ്ങേറും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ആലപ്പുഴ: തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ പൈതൃകവും വേദ സംസ്കാരവും കലകളും സംരക്ഷിക്കുന്നതിനായി കേരള ബ്രാഹ്മണ സഭ സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാന കലോത്സവം 'കലാഞ്ജലി 2026' സെപ്റ്റംബർ 19, 20, 21 തീയതികളിൽ ആലപ്പുഴയിൽ വെച്ച് അരങ്ങേറും. ആലപ്പുഴയിലെ ചരിത്രപ്രസിദ്ധമായ എസ്.ഡി.വി സ്കൂൾ സമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ പത്ത് വേദികളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുന്നൂറോളം കലാപ്രതിഭകൾ മൂന്ന് ദിവസങ്ങളിലായി മാറ്റുരയ്ക്കും.

സംസ്ഥാനത്തെ 14 ജില്ലകളിലായി 144 ഉപസഭകളും 165 സമൂഹമഠങ്ങളുമായി പ്രവർത്തിക്കുന്ന കേരള ബ്രാഹ്മണ സഭ, 2007-ൽ ആലപ്പുഴയിൽ നിന്നാണ് 'കലാഞ്ജലി' എന്ന പേരിൽ യുവജനോത്സവത്തിന് തുടക്കം കുറിച്ചത്. പിന്നീട് കോട്ടയം, തിരുവനന്തപുരം, മട്ടാഞ്ചേരി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ വിജയകരമായി സംഘടിപ്പിച്ച മേള ഏഴാം പതിപ്പിലെത്തുമ്പോൾ വീണ്ടും പ്രഥമ വേദിയായ ആലപ്പുഴയിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്. യുവജനോത്സവത്തിന് പുറമെ വനിതോത്സവം, ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ബാലോത്സവം എന്നിവയുൾപ്പെടെ 61 മത്സരയിനങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്.

Kalanjali 2026 Alappuzha

പത്ത് വേദികൾ; ഉദ്ഘാടനം 19-ന് കെ.സി. വേണുഗോപാൽ എംപി നിർവ്വഹിക്കും

എസ്.ഡി.വി ബോയ്സ് ഹൈസ്കൂളിലെ കെ.എ. കൃഷ്ണയ്യങ്കാർ നഗർ, ഗേൾസ് ഹൈസ്കൂളിലെ എൻ. നാരായണസ്വാമി നഗർ, ഹയർ സെക്കൻഡറി സ്കൂളിലെ പി. വേണുഗോപാൽ നഗർ, നടുമുറ്റത്തെ പാപ്പാസ്വാമി നഗർ, ഭോജനശാലയിലെ ജെ. കൃഷ്ണൻ നഗർ എന്നിവയുൾപ്പെടെ പ്രമുഖരുടെ പേരുകളിൽ നാമകരണം ചെയ്യപ്പെട്ട പത്ത് നഗറുകളിലാണ് മത്സരങ്ങൾ നടക്കുക.

സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് വേദഘോഷങ്ങളോടെ നടക്കുന്ന ഉദ്ഘാടന സമ്മേളനം ബഹുമാനപ്പെട്ട കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലപ്പുഴ നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, സനാതന ധർമ്മ വിദ്യാശാല മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ആർ. കൃഷ്ണൻ, അഖില കർണ്ണാടക ബ്രാഹ്മണ മഹാസഭ സംസ്ഥാന പ്രസിഡന്റ് എസ്. രഘുനാഥ്, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ശാന്തി മഹാദേവൻ, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് യോഗേഷ് ജി. മോഹൻ തുടങ്ങിയവർ പങ്കെടുക്കും.

Kalanjali 2026 Alappuzha

വൈവിധ്യമാർന്ന ചടങ്ങുകൾ; പ്രമുഖർ പങ്കെടുക്കും

സെപ്റ്റംബർ 19-ന് വൈകുന്നേരം നടക്കുന്ന അനുമോദന സമ്മേളനം ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. എ.ഡി. തോമസ് എംഎൽഎ സമ്മാനദാനം നിർവ്വഹിക്കും. തമിഴ്‌നാട് ബ്രാഹ്മണ സഭ (TAMBRAAS) സംസ്ഥാന പ്രസിഡന്റ് എസ്. നാരായണൻ ഉൾപ്പെടെയുള്ള പ്രമുഖർ ആശംസകൾ നേരും.

സെപ്റ്റംബർ 20 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ചേരുന്ന സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി സമ്മാനദാനം നിർവ്വഹിക്കും. 'ധർമ്മ ശ്രേഷ്ഠ' ബ്രഹ്മശ്രീ രമേഷ് ദ്രാവിഡ് യുവജനങ്ങൾക്കായി സന്ദേശം നൽകും.

സെപ്റ്റംബർ 21 തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക നിത്യ മാമ്മൻ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. അഖില കേരള ബ്രാഹ്മണ ഫെഡറേഷൻ ചെയർമാൻ അഡ്വ. കെ. ധനഞ്ജയൻ നമ്പൂതിരി തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരാകും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ്, ജനറൽ സെക്രട്ടറി എൻ.ആർ. പരമേശ്വരൻ, സംഘാടക സമിതി ചെയർമാൻ പി. വെങ്കിട്ടരാമ അയ്യർ തുടങ്ങിയവർ അറിയിച്ചു.

The seventh state arts festival of the Kerala Brahmana Sabha, 'Kalanjali 2026', will be held from September 19 to 21 across ten venues at the historic SDV School complex in Alappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടോമിന്‍ ജെ തച്ചങ്കരി ജയിലിലേക്ക്‌; അനധികൃത സ്വത്ത് കേസില്‍ നാലുവര്‍ഷം തടവ്‌

കറിവേപ്പില തഴച്ചുവളരും; ഒഴിവാക്കേണ്ടത് ഈ അബദ്ധങ്ങള്‍

പമ്പ് ജീവനക്കാരനെതിരായ അതിക്രമം; പ്രതികൾക്ക് 26 ലക്ഷം പിഴ; അതേ, പമ്പിൽ സാമൂഹിക സേവനവും

മനുഷ്യ നിയന്ത്രണം വിട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് എഐ! സ്വന്തം തെറ്റുകള്‍ ഒളിപ്പിച്ച് ഓപ്പണ്‍എഐ മോഡലുകള്‍

വയറു കുറയ്ക്കാൻ ജിമ്മിൽ പോയി തുടങ്ങിയോ? ആദ്യം ഈ 5 ശീലങ്ങൾ മാറ്റൂ